വരിച്ചുവഞ്ചിച്ച നൗഷാദിനെ തേടിയെത്തിയ മറിയം ഖലിഖ നിറകണ്ണുകളോടെ മടങ്ങി; ലോകത്തൊരു പെണ്ണിനും ഉണ്ടാകരുതേ ഈ വിധി

തൃശൂര്‍: ഉയിരുനല്‍കി പ്രണയിച്ച് വരിച്ചവനെത്തേടി കടല്‍കടന്ന് മറിയം ഖാലിഖ എത്തി. നിയമത്തിന്റെ പിന്‍ബലമുണ്ടായിട്ടും പ്രിയനെ കാണാനോ പ്രിയതമന്റെ വീട്ടില്‍ കയറാനോ കഴിയാതെ മടങ്ങുമ്പോള്‍ അവള്‍  മനസില്‍ കരുതി. ജീവനാംശത്തിന്റെയോ, നഷ്ടപരിഹാരത്തിന്റെയോ കഥയല്ലിത്. ഇനിയൊരു പെണ്ണിനും ഈ ഗതിയുണ്ടാവരുത്. കണ്ണീരിന്റെ ഉപ്പും വിയര്‍പ്പിന്റെ നനവുമുള്ള പ്രവാസത്തിന്റെ മഹാചരിത്രത്തിന് നാണക്കേടുണ്ടാക്കുന്ന ഒരു വഞ്ചനയുടെ ജീവിതമാണ് ചാവക്കാട്ടുകാരന്‍ നൗഷാദ് ലണ്ടന്‍കാരി മറിയത്തിന് നല്‍കിയ സമ്മാനം.

IMG-20151029-WA0001

ബ്രിട്ടീഷ് പൗരത്വമുള്ള പാക് വംശജയാണ് മറിയം ഖലിഖ്. വിവാഹം കഴിച്ചശേഷം വഞ്ചിച്ച് കടന്നുകളഞ്ഞ മലയാളി ഭര്‍ത്താവിനെത്തേടിയാണ് അവള്‍ തൃശൂരില്‍ എത്തിയത്. ഒരുവര്‍ഷമായി മറിയം ഖാലിഖ് അലയാന്‍ തുടങ്ങിയിട്ട്. തിരശീലയ്ക്ക് പിന്നില്‍ ഒളിച്ചിരുന്ന പ്രിയതമനെ കണ്ടെത്തുമ്പോള്‍ കാര്യങ്ങള്‍ അല്ലാം കീഴ്‌മേല്‍ മറിഞ്ഞു. തൃശൂര്‍ ചാവക്കാട് സ്വദേശി കുന്നുമ്പുറത്ത് നൗഷാദ് ഹുസൈനാണ് ലണ്ടന്‍കാരി നായകനായെത്തി വില്ലനായി മാറിയത്.

വിദ്യാഭ്യാസത്തിനായാണ് ചാവക്കാട് സ്വദേശി നൗഷാദ് ഹുസൈന്‍ ബ്രിട്ടനിലെത്തിയത്. അവിടെ വച്ച് ഫേസ്ബുക്ക് വഴി മറിയം ഖലിഖിനെ നൗഷാദ് പരിചയപ്പെട്ടു. സൗഹൃദം പ്രണയമാകാനും വിവാഹത്തിലേക്ക് വഴിമാറാനും അധികം താമസമുണ്ടായില്ല. 2011 ആഗസ്റ്റില്‍ തുങ്ങിയ ബന്ധം 2013 ഏപ്രിലില്‍ വിവാഹത്തിലെത്തി. ദാമ്പത്യബന്ധം ഒരുവര്‍ഷത്തോളം നീണ്ടുനിന്നു. എല്ലാം ശരിയാക്കി തിരിച്ചുവരാമെന്ന ഉറപ്പ് നല്‍കി 2014 ഏപ്രിലില്‍ നൗഷാദ് നാട്ടിലേക്ക് മടങ്ങി.

വിവാഹക്കാര്യം വീട്ടില്‍ അംഗീകരിപ്പിക്കേണ്ടതുണ്ട്. അതിന് ശേഷം മതാചാരപ്രകാരം വിവാഹിതരാകാന്‍ കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. അതിനായി തിരിച്ചെത്തുമെന്നും നൗഷാദ് ഹുസൈന്‍ മറിയത്തിന് ഉറപ്പ് നല്‍കി. നാട്ടിലേക്ക് മടങ്ങിയ നൗഷാദ് പിന്നെ മറിയത്തെ ബന്ധപ്പെട്ടില്ല. മറിയം ഖലിഖ് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല. അയയ്ക്കുന്ന സന്ദേശങ്ങള്‍ക്ക് മറുപടിയും നല്‍കിയില്ല. വാട്‌സ് ആപ്പ്, ഫേസ്ബുക്ക് എന്നിവ വഴി മറിയം ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഇതില്‍ രണ്ടിലും മറ്റ് സോഷ്യല്‍ മീഡിയയിലും മറിയം ഖലിഖയെ നൗഷാദ് ബ്ലോക്ക് ചെയ്തു. ഇതോടെയാണ് താന്‍ ചതിക്കുഴിയില്‍ വീഴുകയായിരുന്നുവെന്ന് മറിയം ഖലിഖ് മനസിലാക്കിയത്.

UK woman

‘മനസ് ശൂന്യമാണ്. നൗഷാദ് ഇല്ലാതെ എനിക്ക് ജീവിക്കാനാവില്ല. നൗഷാദിന്റെ വീടിന്റെ വീടിന്റെ ചിത്രം എന്റെ കൈയ്യിലുണ്ട്. നൗഷാദ് ദുബൈയില്‍ നേരത്തെ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ കയ്യില്‍ ഉണ്ടായിരുന്നു. അതുപയോഗിച്ചാണ് അന്വേഷിച്ച് ഇത്രവരെ എത്തിയത്’. മറിയം ഖലിഖ് പറയുന്നു. ഈ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് നൗഷാദിന്റെ വീടും മാതാപിതാക്കളെയും കണ്ടെത്തിയത്.

‘അവര്‍ എന്നോട് മോശമായാണ് പെരുമാറിയത്. ഞാന്‍ ഒരുപാട് കരഞ്ഞ് അപേക്ഷിച്ചു. എന്റെ ഭര്‍ത്താവിനെ തിരിച്ചുതരണമെന്ന് ഞാന്‍ യാചിച്ചു’. പറഞ്ഞത് ആരും കേട്ടില്ലെന്നും മറിയം പറയുന്നു. പിന്നീടാണ് നൗഷാദിനെ കണ്ടെത്തനുള്ള ശ്രമം മറിയം നേരിട്ട് ആരംഭിച്ചത്. കുടുംബശ്രീയ്ക്ക് കീഴിലുള്ള സ്ത്രീസംരക്ഷണ കേന്ദ്രമായ സ്‌നേഹിതയിലെത്തി. തുടര്‍ന്ന് അഭിഭാഷകര്‍ മുഖേന ഇന്റര്‍നെറ്റ് വഴി നൗഷാദിനെ ബന്ധപ്പടാനും ശ്രമിച്ചു. എന്നാല്‍ ഇത് പ്രായോഗികമായില്ല.

തുടര്‍ന്ന് നടത്തിയ ശ്രമങ്ങള്‍ക്ക് ഒടുവില്‍ കുടുംബശ്രീ പ്രവര്‍ത്തകയായ സുധ ഹരിദാസന്‍ നൗഷാദിനെ കണ്ടെത്തി. മറിയം ഖലിഖയെ വിവാഹം കഴിച്ചകാര്യം സമ്മതിക്കാന്‍ ആദ്യം നൗഷാദ് തയ്യാറായില്ല. പിന്നീട് വിവാഹക്കാര്യം നൗഷാദ് സമ്മതിച്ചു. ബ്രിട്ടനില്‍ സ്ഥിരംവിസ കിട്ടാനാണ് മറിയത്തെ വിവാഹം കഴിച്ചത്. മറിയത്തേക്കാള്‍ അഞ്ച് വയസിന് ഇളയതാണ് താന്‍. മറിയത്തോടൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നും സുധ ഹരിദാസനെ നൗഷാദ് അറിയിച്ചു.

നൗഷാദ് ഹുസൈനെ കാണാനായി കഴിഞ്ഞ ഫെബ്രുവരിയിലാണ് മറിയം ആദ്യം തൃശൂരില്‍ എത്തിയത്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാന്‍. എന്നാല്‍ നൗഷാദ് ഹുസൈന്‍ അജ്മാനിലേക്ക് കടന്നകാര്യം ബന്ധുക്കളില്‍നിന്ന് മറിയം അറിഞ്ഞു. ‘അവര്‍ ആദ്യം എന്നെ വേശ്യയെന്ന് വിളിച്ചു. വളരെ മോശമായി അധിക്ഷേപിച്ചു’. കേണപേക്ഷിച്ചിട്ടും സംസാരിക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ലെന്നും മറിയം ഖാലിഖ് പറയുന്നു.

കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്നും സമ്മര്‍ദ്ദം ഏറിയപ്പോള്‍ സംസാരിക്കാന്‍ നൗഷാദ് തയ്യാറായി. പ്രാദേശിക രാഷ്ട്രീയനേതാവിന്റെ വീട്ടില്‍ വച്ചാണ് മറിയവുമായി നൗഷാദ് സംസാരിച്ചത്. നൗഷാദ് തന്നെ കണ്ടാല്‍ തന്നോടൊപ്പം വരും എന്നായിരുന്നു മറിയത്തിന്റെ പ്രതീക്ഷ. പക്ഷേ സംഭവിച്ചത് തിരിച്ചായിരുന്നു. മറിയത്തിന് നിരാശയായിരുന്നു ഫലം. എല്ലാവരുടെയും മുന്നില്‍വെച്ച് മറിയം ഖലിഖയെ നൗഷാദ് തള്ളിപ്പറഞ്ഞു. മറിയം സുഹൃത്ത് പോലുമല്ലെന്ന് നൗഷാദ് പറഞ്ഞു. റസ്റ്റോറന്റുകളില്‍ ഒരുമിച്ച് കണ്ടത് മാത്രമാണ് ബന്ധമെന്നും നൗഷാദ് പറഞ്ഞത് മറിയത്തിനെ വേദനിപ്പിച്ചു. നൗഷാദിന്റെ മറുപടികേട്ട മറിയം ബോധംകെട്ടുവീണു. നൗഷാദിന്റെ വീട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചങ്കിലും വിജയിച്ചില്ല.

mariuam

ബ്രിട്ടനിലേക്ക് തിരിച്ചുപോയ മറിയം ഒരിക്കല്‍ക്കൂടി ചാവക്കാട് തിരിച്ചത്തി. ഇത്തവണ മറിയം ചാവക്കാട്ട് എത്തിയത് കോടതിയുടെ സംരക്ഷണ ഉത്തരവുമായി ആയിരുന്നു. ബ്രിട്ടനില്‍ വച്ച് നടത്തിയ വിവാഹം നിയമപരമായി നിലനില്‍ക്കുന്നതാണൈന്ന മറിയത്തിന്റെ വാദം കുന്നംകുളം മജിസ്്‌ട്രേറ്റ് കോടതി അംഗീകരിച്ചു. നൗഷാദിന്റെ കുടുംബത്തിനൊപ്പം ജീവിക്കാന്‍ മറിയത്തിന് അവകാശമുണ്ടെന്നും കോടതി വിധിച്ചു. മറിയത്തിന് സംരക്ഷണ ഉത്തരവ് നല്‍കാന്‍ ചാവക്കാട് പൊലീസിന് കോടതി നിര്‍ദ്ദേശവും നല്‍കി. കോടതി ഉത്തരവുമായി ഒക്ടോബര്‍ 16ന് എത്തിയെങ്കിലും വീട്ടിനുള്ളില്‍ കയറാന്‍ നൗഷാദിന്റെ വീട്ടുകാര്‍ മറിയത്തെ അനുവദിച്ചില്ല.

29733_1445054048

തുടര്‍ന്ന് നൗഷാദിന്റെ വീടിന് മുന്നില്‍ മറിയം കുത്തിയിരുപ്പ് സമരം തുടങ്ങി. പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് മറിയം നടത്തുന്നതെന്ന രൂപത്തില്‍ വാട്‌സ് ആപ്പില്‍ സന്ദേശങ്ങള്‍ പ്രചരിച്ചു തുടങ്ങി. മറിയത്തെ മോശമായി ചിത്രീകരിക്കുന്നത് കൂടിയായിരുന്നു സന്ദേശങ്ങള്‍. ഇതിനിടയില്‍ ആലപ്പുഴ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച നൗഷാദ് അജ്മാനില്‍ സ്ഥിരതാമസമാക്കി.

നൗഷാദിന്റെ സ്‌നേഹം കാപട്യമാണെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും മറിയം തയ്യാറല്ല. ലണ്ടനില്‍വച്ച് നിഷ്‌കളങ്കമായ സ്‌നേഹമായിരുന്നു നൗഷാദ് നല്‍കിയത് എന്നാണ് മറിയം കരുതുന്നത്. നൗഷാദിനെ നന്നായി തനിക്ക് അറിയാമെന്നും മറ്റുള്ളവരെ അനുസരിക്കാതിരിക്കാന്‍ കഴിയാത്തതാണ് പ്രശ്‌നമെന്നും മറിയം പറയുന്നു. തനെന തള്ളിപ്പറയാന്‍ നൗഷാദിന് വീട്ടുകാരില്‍നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നതായും മറിയം ആരോപിക്കുന്നു.

ഇതിന് ശേഷം മറിയം ഫോണില്‍ വിളിച്ചെങ്കിലും നൗഷാദ് ഫോണ്‍ ഭാര്യയ്ക്ക് കൈമാറി. ഭാര്യയും തന്നെ അധിക്ഷേപിക്കുകയായിരുന്നുവെന്ന് മറിയം പറയുന്നു. പ്രശ്‌നം ഒത്തുതീര്‍ക്കാനും ലണ്ടനിലേക്ക് മടങ്ങാനും എട്ട് ലക്ഷം രൂപ നല്‍കാമെന്ന് നൗഷാദിന്റെ വീട്ടുകാര്‍ വാഗ്ദാനം നല്‍കി. എന്നാല്‍ നഷ്ടപരിഹാരം താന്‍ കാര്യമാക്കുന്നില്ലെന്നാണ് മറിയം പറയുന്നത്. മടങ്ങിപ്പോയ ശേഷം ആറ് മാസത്തിനുള്ളില്‍ തിരിച്ചുവരും. നിയമയുദ്ധം തുടരും. നൗഷാദ് ഹുസൈനില്‍നിന്ന് തനിക്ക് നേരിട്ട വഞ്ചന ഇനിയൊരു സ്ത്രീയ്ക്കും വരരുതെന്നും മറിയം ഖാലിഖ് പറയുന്നു. നിറഞ്ഞ കണ്ണുകളോടെ പ്രിയതമന്റെ വഞ്ചനയ്ക്ക് മുന്നില്‍ ജീവിതം നഷ്ടപ്പെടുത്തി അവള്‍ ലണ്ടനിലേക്ക് മടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News