പുകവലി ശീലമാക്കിയ ഐടിക്കാരുടെ ശ്രദ്ധയ്ക്ക്; ബംഗളുരുവിലെ കമ്പനി കാമ്പസുകളില്‍ പുകവലി നിരോധിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

ബംഗളുരു: ബംഗളുരുവിലെ ഐടി കമ്പനികളിലെ പുകവലിക്കാര്‍ക്കൊരു സങ്കടവാര്‍ത്ത. കര്‍ണാടകയിലെ ഐടി, ഐടിഇഎസ്, ബിടി കമ്പനി കാമ്പസുകളില്‍ പുകവലി നിരോധിക്കണമെന്നും നിരോധനം പാലിക്കപ്പെടുന്നുണ്ടെന്നുറപ്പാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്.

കര്‍ണാടക ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബയോടെക്‌നോളജി വകുപ്പാണ് കമ്പനികള്‍ക്ക് ഉത്തരവു നല്‍കിയത്. പൊതു സ്ഥലത്തു പുകവലി നിരോധിച്ചുകൊണ്ടുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കമ്പനി പരിസരങ്ങളിലും ഇതു നടപ്പാക്കണമെന്നുള്ള നിര്‍ദേശം. കര്‍ണാടകയില്‍ ഐടി പ്രധാന വ്യവസായമേഖലയാണെന്നും ഇത്തരം കാമ്പസുകളില്‍ പുകവലിക്ക് അവസരം നല്‍കുന്നത് പാസിവ് സ്‌മോക്കിംഗ് മൂലമുള്ള ദൂഷ്യങ്ങള്‍ക്കു നിരവധിപേര്‍ക്ക് ഇടയാക്കുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

നിരോധനം നിര്‍ബന്ധമാണെന്നും പുകവലി നിര്‍ത്തുന്നതിനെക്കുറിച്ചു തൊഴില്‍ദാതാക്കള്‍ കമ്പനികളിലെ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കണമെന്നും ഉത്തരവിട്ട ഐടി ബിടി പ്രിന്‍സിപ്പല്‍ സെക്രട്ടറി വി മഞ്ജുള പറഞ്ഞു. കടുത്ത തൊഴില്‍സമ്മര്‍ദവും മാനസിക സമ്മര്‍ദവുമാണ് ഐടി ജീവനക്കാരെ പുകവലിക്ക് അടിമകളാക്കുന്നതെന്നുംമ ഈ പ്രശ്‌നം പരിഹരിക്കേണ്ടതാണെന്നും പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. വിശാല്‍ റാവു പറഞ്ഞു.

നിലവില്‍ ചില കമ്പനികള്‍ കാമ്പസുകളില്‍ സ്‌മോക്കിംഗ്, നോണ്‍ സ്‌മോക്കിംഗ് സോണുകള്‍ തയാറാക്കിയിട്ടുണ്ട്. ഇതു കൂടാതെ എല്ലാ നിലകളിലും സ്‌റ്റെയര്‍ കെയ്‌സുകളിലും പ്രവേശന കവാടങ്ങളില്‍ പുകവലി നിരോധന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here