കെച്ച്അപ്പുകൊണ്ട് ഹെല്‍പ് മീ എഴുതിയിട്ടിട്ടും ആരും കണ്ടില്ല; ആളുണ്ടെന്നറിയാതെ പൂട്ടിപ്പോയ സബ്‌വേയിലെ ചില്ലറില്‍ ജീവനക്കാരി തണുത്തുമരവിച്ചത് എട്ടുമണിക്കൂര്‍

ഗ്ലൂസെസ്റ്റര്‍: സബ് വേയിലെ ചില്ലറില്‍ എട്ടുമണിക്കൂര്‍ തണുത്തുമരവിച്ചിരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ… സാധിക്കില്ലെന്നായിരിക്കും മറുപടി. എന്നാല്‍ അകത്താളുണ്ടെന്നറിയാതെ പൂട്ടിപ്പോയ സബ് വേയില്‍ കഴിഞ്ഞദിവസം ഒരു ഇരുപതുകാരിയായ ജീവനക്കാരിക്കു സംഭവിച്ചത് അതാണ്. കിട്ടിയ കാര്‍ഡ്‌ബോര്‍ഡില്‍ കെച്ചപ്പുകൊണ്ട് ഹെല്‍പ് എന്ന് എഴുതി പുറത്തിട്ടിട്ടും ആരും കാണാതായതോടെ പിറ്റേന്നു രാവിലെ വീണ്ടും സബ് വേ തുറക്കുന്നതുവരെ കാത്തിരിക്കേണ്ടിവന്നു.

കാര്‍ലീ ദൗബനീയാണ് എട്ടുമണിക്കൂര്‍ ചില്ലറിലെ കടുത്ത തണുപ്പില്‍ കുടുങ്ങിയത്. രാത്രി ഷിഫ്റ്റിലെ ജീവനക്കാരിയായിരുന്നു കാര്‍ലീ. വോക്ക് ഇന്‍ ചില്ലറില്‍ പിറ്റേന്നത്തെ ആവശ്യത്തിനുള്ള പാല്‍ നിറയ്ക്കുകയായിരുന്നു. ഇതിനിടയില്‍ പതിനൊന്നേകാലോടെ മറ്റൊരു ജീവനക്കാരന്‍ കാര്‍ലീ ഉള്ളിലുണ്ടെന്നറിയാതെ പൂട്ടിപ്പോവുകയായിരുന്നു. അഞ്ചു ഡിഗ്രി സെല്‍ഷ്യസ് മാത്രം താപനിലയില്‍ ലെഗ്ഗിംഗ്‌സും സബ് വേയുടെ ടോപ്പും മാത്രം ധരിച്ചിരുന്ന കാര്‍ലീ തണുപ്പില്‍ മരവിക്കാന്‍ തുടങ്ങി.

ആദ്യം താന്‍ പരിഭ്രാന്തയായെന്നും ആരെങ്കിലും വാതില്‍ തുറന്നുതരുമെന്ന് ആഗ്രഹിച്ചിരുന്നെന്നും അവര്‍ പറഞ്ഞു. കിട്ടിയ ഒരു കാര്‍ഡ്‌ബോര്‍ഡില്‍ ഹെല്‍പ് മീ എന്നു കെച്ചപ്പുകൊണ്ട് എഴുതി വാതിലിനടിയിലെ വിടവിലൂടെ പുറത്തേക്കിട്ടെങ്കിലും ആരും കണ്ടില്ല. തണുപ്പില്‍ കൈകാലുകള്‍ മരവിച്ചതോടെ വാതിലില്‍ തട്ടി പുറത്തുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാനും കഴിഞ്ഞില്ല. പിറ്റേന്നു രാവിലെ തുറക്കാനെത്തിയ ജീവനക്കാരാണ് കാര്‍ലീ കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. ഹൈപ്പോതെര്‍മിയ എന്ന രോഗത്തിന്റെ വക്കത്താണ് കാര്‍ലീയുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News