കോഴിക്കോട്: ഫാറൂഖ് കോളേജിലെ ആൺ-പെൺ ലിംഗവിവേചനത്തിനെതിരെ പ്രതികരിച്ച സംഭവത്തിൽ മാപ്പ് പറയാൻ തയ്യാറാവാത്ത വിദ്യാർത്ഥിക്ക് സസ്‌പെൻഷൻ. രണ്ടാം വർഷ ബിഎ സോഷ്യോളജി വിദ്യാർത്ഥി ദിനുവിനെയാണ് കോളേജ് മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തത്.

മലയാളം ക്ലാസിൽ ഒരുമിച്ച് ഒരു ബഞ്ചിൽ ഇരുന്നുവെന്ന് ആരോപിച്ച് സഹപാഠികളായ ആൺകുട്ടികളെയും പെൺകുട്ടികളെയും ക്ലാസിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനെതിരെ പ്രതികരിച്ചതിന് എട്ടു വിദ്യാർത്ഥികളെ നേരത്തെ ക്ലാസിൽ നിന്ന് പുറത്താക്കിയിരുന്നു. സമ്മർദ്ദം കടുത്തതോടെ മറ്റു വിദ്യാർത്ഥികൾ കോളേജ് അധികൃതർ ആവശ്യപ്പെട്ട പ്രകാരം മാപ്പ് അപേക്ഷഎഴുതി നൽകിയിരുന്നു. എന്നാൽ അതിന് തയ്യാറാകാത്തതിനാലാണ് തന്നെ സസ്‌പെൻഡ് ചെയ്തതെന്ന് ദിനു കൈരളി ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. കോളേജിനെതിരെ മാധ്യമങ്ങളിലൂടെ കുപ്രചരണം നടത്തി, ലിംഗവിവേചനത്തിനെതിരെ പ്രതികരിച്ചു എന്നീ കുറ്റങ്ങളാണ് സസ്‌പെൻഷൻ ലെറ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും ദിനു പറയുന്നു.

ആൺകുട്ടികളും പെൺകുട്ടികളും വെവേറെ സീറ്റിൽ മാത്രമേ ഇരിക്കാവൂ എന്ന് കോളേജിൽ നിയമമുണ്ടെന്നും അത് പാലിക്കാത്തവർ തന്റെ ക്ലാസിലിരിക്കേണ്ടെന്നാണ് സംഭവദിവസം അധ്യാപകൻ പറഞ്ഞതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. ഒരുമിച്ചിരിക്കുന്നതിനും സംസാരിക്കുന്നതിനും ക്യാമ്പസിൽ വിലക്കുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു. നേരത്തെ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ കോളേജിന്റെ സൽപ്പേര് കളയരുതെന്ന് പ്രിൻസിപ്പൽ ആവശ്യപ്പെട്ടിരുന്നെന്നും വിദ്യാർത്ഥികൾ പറഞ്ഞു. കാന്റീനിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഇരിപ്പിടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ക്യാമ്പസിലെ മറ്റു പൊതു സ്ഥലങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇരിക്കാൻ പ്രത്യേക സ്ഥലങ്ങളും അനുവദിച്ചു നൽകിയിട്ടുണ്ട്.

 

 

സസ്‌പെൻഷൻ ലെറ്ററിന്റെ പൂർണ്ണരൂപം താഴെ വായിക്കാം

വിഷയം: ഫാറൂഖ് കോളേജ് – 20.10.2015 തീയ്യതി കാമ്പസിനകത്ത് അരങ്ങേറിയ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍- സ്ഥാപനത്തിന്റെ സല്‍പ്പേരിനെ അപകീര്‍ത്തിപ്പെടുത്തുന്ന ചെയ്തികള്‍- അച്ചടക്കരാഹിത്യം- അറിയിപ്പ് സംബന്ധിച്ച്.

20.10.2015 തിയ്യതി മൂന്നാം പിരിയഡിലെ മലയാളം കോമണ്‍ ക്ലാസില്‍ പിന്‍ ബെഞ്ചുകളില്‍ നിങ്ങള്‍ അടക്കമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന് ഇരിക്കുന്നത് കണ്ട അധ്യാപകന്‍ നിങ്ങളോടും മറ്റ് കുട്ടികളോടും മാറിയിരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ അടക്കമുള്ള 9 വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകന്റെ നിര്‍ദ്ദേശങ്ങളോട് യോജിക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞ് കൊണ്ട് ക്ലാസില്‍ നിന്ന് ഇറങ്ങിപ്പോവുകയും. നിങ്ങളുടെ നേതൃത്വത്തില്‍ ടി,വി ചാനലുകള്‍ക്കും മറ്റ് പത്രമാധ്യമങ്ങള്‍ക്കും തെറ്റായ വിവരം നല്‍കി, ആയത് ദൃശ്യമാധ്യമങ്ങള്‍ വഴി സംപ്രേഷണം ചെയ്യുവാനും പത്രങ്ങള്‍ വഴി പ്രസിദ്ധീകരിക്കുവാനും ഇടവരുത്തിവെക്കുകയും സ്ഥാപനത്തിനെതിരെ കുപ്രചരണങ്ങള്‍ നടത്തി സ്ഥാപനത്തിന്റെ സല്‍പ്പേരിനും യശസ്സിനും കളങ്കം ചാര്‍ത്തിവെക്കുകയും ചെയ്തതിനാല്‍ നിങ്ങളോട് നിങ്ങളുടെ രക്ഷിതാവിനേയും കൂട്ടി  സ്ഥാപനം പ്രിന്‍സിപ്പാളിനെ നേരിട്ട് കാണാന്‍ നിര്‍ദ്ദേശിച്ചിരുന്നതാണ്. എന്നാല്‍ നിങ്ങള്‍ ഇന്നേ വരെ രക്ഷിതാവിനോടൊപ്പം പ്രിന്‍സിപ്പാളിനെ വന്നുകാണാന്‍ കൂട്ടാക്കുകയുണ്ടായില്ല. സ്ഥാപനത്തിന്റെ യശസ്സിനും സല്‍പ്പേരിനും കളങ്കം ചാര്‍ത്തിവെച്ച നിങ്ങളുടെ നടപടി അങ്ങേയറ്റം ഗുരുതരമായ അച്ചടക്കലംഘനവും സ്വഭാവ ദൂഷ്യങ്ങളുമായതിനാല്‍ നിങ്ങള്‍ക്കെതിരെ അച്ചടക്ക നടപടികള്‍ കൈകൊള്ളുവാന്‍ കോളേജ് കൗണ്‍സിലും പി.ടി.എ കമ്മറ്റിയും ഏക കണ്ഠമായി തീരുമാനം കൈക്കൊണ്ടിട്ടുള്ളതുമാണ്. നിങ്ങള്‍ക്കെതിരെയുള്ള അന്വേഷണ നടപടികള്‍ നടത്തുവാനും മറ്റും സ്ഥാപനത്തിലെ അച്ചടക്ക കമ്മറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ആയതുകൊണ്ട് 20.10.2015 ക്ലാസില്‍ നിന്നും ഇറങ്ങിപോയ നിങ്ങളെ ഇന്നേദിവസം മുതല്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി അറിയിക്കുന്നു

                                                                                                                                                                              എന്ന് പ്രിന്‍സിപ്പാള്‍

 

 

farook-clg-suspension