ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തകര്‍ച്ച. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലെ പഞ്ചായത്തുകളിലും ബിജെപിക്ക് യാതൊരു നേട്ടവുമുണ്ടാക്കാനായില്ല. മത്സരിച്ച അമ്പത്തെട്ട് സീറ്റുകളില്‍ ബിജെപി അമ്പതു സീറ്റിലും തോറ്റു. പ്രധാനമന്ത്രി ദത്തെടുത്ത നയാപൂരിലും ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല.

പലയിടങ്ങളിലും സമാജ് വാദി പാര്‍ട്ടിക്കു വന്‍ നേട്ടമുണ്ടായി. ബിഎസ്പിക്കും നേട്ടമുണ്ടായി. 2017-ല്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ നേരിട്ട കനത്ത തിരിച്ചടി ബിജെപി കേന്ദ്രങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പരാജയം ചര്‍ച്ച ചെയ്യാന്‍ നാളെ ബിജെപി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രി കല്‍രാജ് മിശ്രയുടെ മണ്ഡലമായ ദേവാരിയയില്‍ 56 മണ്ഡലങ്ങളില്‍ എട്ടില്‍ മാത്രമാണ് ബിജെപി ജയിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എണ്‍പതില്‍ 71 സീറ്റുകളിലും ജയിച്ച ബിജെപി ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായി തകര്‍ന്നടിയുന്നെന്ന സൂചനയാണ് പഞ്ചായത്തു ഫലങ്ങള്‍ നല്‍കുന്നതെന്നാണ് വിലയിരുത്തല്‍.