ഞാനും കിസ്സ് ഒഫ് ലവും യാഥാര്‍ഥ്യങ്ങളും; കൊച്ചിയില്‍ നടത്തിയ ചുംബനസമരത്തിന്റെ വാര്‍ഷികദിനത്തില്‍ ഒരു പുനര്‍വായന

2014 നവംബര്‍ 2 നു കേരളത്തില്‍ അരങ്ങേറിയ ചുംബനസമരം ഇവിടെ ഇന്നേവരെയുണ്ടായ സാമൂഹ്യ പ്രതിഷേധ സമരരീതികളില്‍നിന്ന് വ്യത്യസ്ഥവും ഉള്ളടക്കത്തില്‍ പുതുമയും ഉള്‍കൊണ്ടിരുന്നു. മാറുമറയ്ക്കലിന്റേയും വഴിനടത്തത്തിന്റേയും തുടര്‍ച്ചതന്നെയായിരുന്നു ചുംബനസമരവും. പല പ്രശ്‌നങ്ങളും ഈ സമരം ഉയര്‍ത്തിവിട്ടു. പുറമേക്ക് നടിക്കുന്നപോലല്ല, ആന്തരികമായി കേരളീയസമൂഹം അങ്ങേയറ്റം യഥാസ്ഥിതികമാണെന്ന തിരിച്ചറിവ് മൊത്തം കേരളീയര്‍ക്ക് ലഭിക്കുവാന്‍ ഈ സമരം അവസരമുണ്ടാക്കി. ഈ കാലയളവില്‍ മറ്റൊരു വിഷയവും കേരളത്തില്‍ സജീവമായിരുന്നു, അതു മദ്യനിരോദനമായിരുന്നു. ആര്‍ക്കും മദ്യപാനത്തെ പരസ്യമായി പിന്തുണക്കാനാവാതെ കപടനിലപാടെടുക്കേണ്ടിവന്നു. വ്യത്യസ്ഥമെന്നു തോന്നുമെങ്കിലും ലൈംഗികതയും ലഹരിയും ഒരുപോലെ ‘സദാചാരവിരുദ്ധമാണെന്നതാണ്’ ഇതിലെ തമാശ!

ഫാസിസം പലരൂപത്തിലും ഭാവത്തിലും നമുക്കിടയില്‍ വര്‍ത്തിച്ചിരുന്നെങ്കിലും ആരൊക്കെയാണു സദാചാര ഫാസിസ്റ്റുകള്‍ എന്നും ഫാസിസത്തിന്റെ വരവും ആദ്യമായി സധാരണ ജനങ്ങളെ മനസിലാക്കികൊടുക്കാന്‍ കിസ് ഓഫ് ലവ് എന്ന പുതുസമരമുറ തന്നെ വേണ്ടിവന്നു. നമുക്കിടയില്‍ തന്നെ പുരോഗമന ആശയക്കാരായും വ്യക്തിസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നവരായും സ്ത്രീശാക്തീകരണത്തിനായി പ്രവര്‍ത്തിച്ചിരുന്നാവരായും സദാചാരഗുണ്ടായിസത്തെ എതിര്‍ക്കുന്നവരായും നടിച്ചിരുന്നവരുടെ ഉള്ളിലുള്ള കപട സദാചാരത്തിന്റേയും ഫാസിസത്തിന്റേയും ദംഷ്ട്രകള്‍ മറനീക്കി പുറത്തു വന്നതു ചുംബന സമരത്തോടുകൂടിയായിരുന്നു. ഒരുവശത്ത് കണ്ടും കേട്ടും അനുഷ്ടിച്ചും വിശ്വസിച്ചും ശീലിച്ച സദാചാര ധാരണകള്‍; മറുവശത്ത് അതിനെ ചോദ്യംചെയ്യുന്ന ആശയങ്ങളും ആവശ്യങ്ങളും! സമൂഹത്തില്‍ ഇതൊരു പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഒന്നുകില്‍ പരമ്പരാഗത രീതിയിലുള്ള ജീവിതം ജീവിച്ചുതീര്‍ക്കുക അല്ലെങ്കില്‍ പുതിയ കാലഘട്ടത്തിനനുസരിച്ച് നിയമങ്ങള്‍ പൊളിച്ചെഴുതി പാരമ്പര്യവാദികളെ വെല്ലുവിളിച്ചുകൊണ്ട് നവയുഗത്തിന്റെ വക്താക്കളായി ജീവിക്കുക. ഇതില്‍ ഏതുതിരഞ്ഞെടുക്കണം എന്നുതീരുമാനിക്കാനാകാതെ വിഷമിക്കുന്ന കേരള യുവത്വത്തേയും തങ്ങള്‍ പ്രതീക്ഷിച്ചരീതിയില്‍ ഭാവി ആകാതെ പോകുന്നതിലും തങ്ങളുടെ ധാരണയ്ക്കു വിരുദ്ധമായി പലതും സമൂഹത്തില്‍ നടക്കുന്നതില്‍ വ്യാധിപൂണ്ട വൃദ്ധസമൂഹത്തേയും പിടിച്ചു കുലുക്കുകയും ഒന്നുകൂടെ ഇരുത്തിചിന്തിപ്പിക്കുകയും ചെയ്യുന്നതില്‍ ചുംബനസമരം പ്രധാനപങ്കുവഹിച്ചു.

മോറല്‍ പോലീസിംഗ് വലിയ പ്രശ്‌നമായി ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ അതിനെതിരെ പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ഫ്രീതിങ്കേഴ്‌സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഫാര്‍മിസ് ഹാഷിം എന്ന സുഹൃത്തിന്റെ പോസ്റ്റാണ് വലിയൊരു ചര്‍ച്ചയിലേക്കും, ചുംബനം പോലും സദാചാര ഫാസിസ്റ്റുകളാല്‍ എതിര്‍ക്കപ്പെടുമ്പോള്‍ പൊതുനിരത്തില്‍ ചുംബിച്ചു തന്നെയാണ് പ്രതികരിക്കേണ്ടതെന്നും ചുംബനം അടിച്ചമര്‍ത്തപ്പെടുന്നിടത്ത് ചുംബനം തന്നെയാണുസമരമര്‍ഗമെന്നുമുള്ള ആശയത്തിലേക്ക് നയിച്ചത് .അവിടെനിന്നാണു കിസ്സ് ഓഫ് ലവിന്റെ ജനനം. ഇതിനെ തുടര്‍ന്ന് രാഹുല്‍പശുപാലന്‍ ഒരു പേജ് നിര്‍മ്മിക്കുകയും സമാനാശയക്കാരെല്ലാം അവിടെ ഒത്തുകൂടുകയും കോഴിക്കോട് നടത്താന്‍ തീരുമാനിച്ച സമരം ആദ്യം എറണാകുളത്ത് നടത്താന്‍ തീരുമാനമാവുകയും ചെയ്തു.

എര്‍ണാകുളം ലോകോളേജ് വിദ്യാര്‍ഥി ഹസ്‌നയുടെ ആഭിമുഖം ആദ്യം പുറത്തുവന്നു. കിസ്സ് ഓഫ് ലവിനെ പറ്റി ഒരുചാനലിനു പ്രശാന്ത്, രാഹുല്‍, രശ്മി, ജിജൊ, അര്‍ഹം മുഹമ്മദ്, ടോണി, മനു വര്‍ഗീസ് എന്നിവര്‍ മറൈന്‍ഡ്രൈവില്‍ വെച്ച് മാധ്യമങ്ങളുമായി സംസാരിക്കുന്ന സമയത്ത് ചിലര്‍ പ്രശ്‌നമുണ്ടാക്കുകയും അത് വലിയ വര്‍ത്തയാകുകയും ചെയ്തു. കിസ്സ് ഓഫ് ലവിനെതിരെ ഹേറ്റ് പേജ് തുടങ്ങിയ ചിലര്‍ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങള്‍ വിമര്‍ശ്ശിക്കുന്നതിനുപകരം രശ്മി മുതലായവരെ അവരുടെ തൊഴിലിന്റെ പേരില്‍ വ്യക്തിപരമായി അപമാനിക്കുന്നതിലാണ് താല്പര്യം കാണിച്ചത്. കിസ്സ് ഓഫ് ലവിനു വന്ന വാര്‍ത്താ പ്രാധാന്യം മുതലെടുത്ത് വര്‍ഗീയ സഘടനകളും ഫാസിസ്റ്റ് സ്ഘടനകളും രംഗത്തിറങ്ങി. നാനാ ഭാഗത്തുനിന്നും ഭീഷണികള്‍ വന്നപ്പോള്‍ സമരം നടത്താന്‍ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനവും യൂത്ത് ഡയലോഗും കൂടെന്നിന്നു ധൈര്യം നല്‍കി. പ്രീത ജി പി, വൈശാഖന്‍ തമ്പി, മായാലീല എന്നിവരുടെ ഫെയിസ്ബുക്ക് പോസ്റ്റുകളും. പിന്തുണച്ച വി ടി ബല്‍റാം, എം ബി രാജേഷ്, തോമസ് ഐസക്, എം എ ബേബി എന്നിവരും പുരോഗമനാശയക്കാരായ സാഹിത്യകാരന്മാരും സിനിമാപ്രവര്‍ത്തകരും ആവേശമായി.

കിസ്സ് ഓഫ് ലവിന്റെ പേരില്‍ ഇന്ത്യയിലുടനീളം പലസ്ഥലത്തും പലരൂപത്തിലും സമരം നടന്നു. ആദ്യ സമരത്തില്‍ കൊച്ചിയിലെ പോലീസ് സമരത്തിനു നേതൃത്വം കൊടുത്തവരെ പ്രൊട്ടെക്ഷന്‍ കൊടുക്കാനെന്നപേരില്‍ ലോകോളേജിനടുത്തെത്തിച്ച് അറസ്റ്റുചെയ്‌തെങ്കിലും ദിയാസന, രശ്മി, ജെന്നി തുടങ്ങിയവര്‍ പോലീസ് വാനില്‍ വെച്ചും സ്റ്റേഷനില്‍ വെച്ചും ഷഫീക്, ദിവ്യ, ടെഡി, അരുണ്‍ ജോര്‍ജ്ജ്, രാഹിത, പ്രീത എന്നിവരും പേരറിയാത്ത ഒരുപാടുപേരും ഞാനും മനോജും അടക്കമുള്ളവര്‍ മറൈന്‍ഡ്രൈവില്‍ വച്ചും ഭീക്ഷണി വകവെക്കാതെ ചുംബിച്ചുതന്നെ സംരം ചെയ്തു. ആ സമയം സമാധാനപരമായ ജനകീയസമരത്തെ എതിര്‍ക്കാനായി ചൂരലുമ്മായിവന്ന ശിവസേനക്കാരെയും പോത്തുമായി വന്ന എസ്ഡിപിഐക്കാരെയും പോലീസ് വെറുതേവിട്ടു. അറസ്റ്റിലായവരെ ഇറക്കാന്‍ ചെന്ന റംസീന, ജോണ്‍സണ്‍, ജെസ്സി, ജോര്‍ജ്ജ്, ജോളി, ജയ്‌സണ്‍ സി കൂപ്പര്‍, സുബിന്‍ എന്നിവര്‍ പോലീസിന്റെ അക്രമത്തിനിരയായി.

വ്യത്യസ്തരെന്നും ശത്രുക്കളെന്നും പ്രഖ്യാപിച്ചു നടക്കുന്ന മതസംഘടനകളും, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമൊക്കെ സദാചാര ഫാസിസ്റ്റുകള്‍ക്കുവേണ്ടി കൈകോര്‍ക്കുന്നത് കേരളത്തിലെ സാമാന്യ മനുഷ്യര്‍ കാണുകയുണ്ടായി. ഓരോരുത്തരുടേയും തനിനിറം എന്തെന്നു മനസിലാക്കാന്‍ അവസരം സൃഷ്ടച്ചു. ഇതേദിവസം ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലും മലയാളിവിദ്യാര്‍ഥികളായ അരുന്ധതി, വൈഖരി എന്നിവരുടെ നേതൃത്വത്തില്‍ ചുംബനസമരം നടന്നു. ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലും സമരമുണ്ടായി.

രണ്ടാമത്തെ സമരരൂപമായ കിസ്സ് ഇന്‍ ദി സ്ട്രീറ്റ്‌ന് കോഴിക്കോടുവെച്ച് ഷഫീക്ക്, റാജിഫ്, ദീദി ദാമോദരന്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. അവിടെയും ഫാസിസ്റ്റുകള്‍ ഹനുമാന്‍ സേന എന്നപേരില്‍ അവതരിച്ചു. പോലീസ് ഫാസ്റ്റിസ്റ്റുകള്‍ക്ക് അക്രമം നടത്താന്‍ കൂട്ടുനിന്നു. ചില മാധ്യമങ്ങളില്‍ രാജേഷ്, തമ്പാട്ടി, എബി, സുബിഷ, ജോഷ്ണ, കുഞ്ഞില തുടങ്ങിയവരുടെ ചിത്രങ്ങള്‍ വികൃതമാക്കി ഇതിനെ ആഭാസസമരമാക്കി കാണിക്കാന്‍ ശ്രമിച്ചു. പൊലീസുകാര്‍ ഞാനും ദിവ്യാദിവാകര്‍, എബി അടക്കമുള്ള കുറച്ചു സമരക്കാരെ ശാരീരികമായിതന്നെ ഉപദ്രവിച്ചു. കരുതല്‍ അറസ്റ്റ് എന്നപേരില്‍ തടഞ്ഞു വച്ച പോലീസ് സമരക്കാരെ അക്രമികളുടെ ഇടയിലേക്കു തന്നെ ഇറക്കിവിട്ടു.

തിരുവനന്തപുരം ചലച്ചിത്രോത്സവത്തില്‍ ഷാഹിനയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ ചിലമാധ്യമങ്ങളാണ് സദാചാര പോലീസായത്. ആലപ്പുഴയില്‍ രാജേഷ്, രശ്മി, ലാസര്‍ ഷൈന്‍, മായാകൃഷ്ണന്‍. ലിബി, അനിഷ രജി, സുകേഷ്, ലാലി, സോണി, സുജിത്, ഗോപകുമാര്‍ തുടങ്ങിയവരും ശാസ്ത്ര സാഹിത്യ പരിഷത്ത്, യുക്തിവാദിസഘം തുടങ്ങിയ സഘടനകളും ഫാസിസത്തിനെതിരായ സമരചുംബനം ഏറ്റെടുത്തു നടത്തി. നേതൃത്വം നല്‍കിയവരെ സമാധാനമായി സമരംചെയ്യാന്‍ സഹായിക്കാം എന്നു പറഞ്ഞു പറ്റിച്ച് പോലീസ് അറസ്റ്റുചെയ്‌തെങ്കിലും മാധ്യമപ്രവര്‍ത്തകനായ ധനസുമോദിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം സമരം വിജയകരമാക്കാനും മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്തിക്കാനും വഴിയൊരുക്കു. സംഘപരിവാര്‍ അടക്കമുള്ള ഫാസിസ്റ്റുകള്‍ പലപേരില്‍ അവിടെയുമുണ്ടായിരുന്നു. മുന്‍നിര രാഷ്ട്രീയ പാര്‍ട്ടികളും പോലീസും പോരാട്ടം എന്ന സഘടനയിലെ ചിലര്‍ സമരത്തില്‍ പങ്കെടുത്തെന്നുപറഞ്ഞ് സമരത്തിനു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കിസ്സ് ഓഫ് ലവിനെ ഒതുക്കാനാണ് ശ്രമിച്ചത്. ചിലര്‍ സമരത്തില്‍നിന്നു വിട്ടുനില്‍ക്കുകയും പിന്നീട് ക്രെഡിറ്റുമായി രംഗത്തെത്തുന്ന കാഴ്ചയും കാണാനായി.

ഈ സമരങ്ങളിലൂടെ വ്യക്തിസ്വാതന്ത്ര്യത്തെ പറ്റി ജനത്തെ ബോധവല്‍ക്കരിക്കുക, ആരൊക്കെയാണു ഫാസിസ്റ്റ് എന്നു മനസിലാക്കികൊടുക്കുക, നാം എന്തു കഴിക്കണം എന്തു ധരിക്കണം ആരെ സ്‌നേഹിക്കണം ആരെ ചുംബിക്കണം എന്നതെല്ലാം നാമാണു തീരുമാനിക്കുന്നതെന്നു മനസിലാക്കി കൊടുക്കുക എന്നീ ലക്ഷ്യങ്ങള്‍ നിറവേറി. അതോടെ ഇനിയൊരു സമരത്തിനു പ്രസക്്തി ഇല്ലാതായെങ്കിലും ചിലര്‍ പരസ്പരം തള്ളിപറഞ്ഞും ഹൈജാക് ചെയ്തും ആയിരങ്ങള്‍ നേരിട്ടും ലക്ഷങ്ങള്‍ പരോക്ഷമായും പങ്കെടുത്ത സമരത്തെ സ്വന്തം പേരിലാക്കി വെക്തിപരമായ നേട്ടം കൈവരിക്കാന്‍ ശ്രമിക്കുന്നു എന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, ചിലര്‍ വ്യക്തിപരമായ ചില നിലപ്പാടുകള്‍ കിസ് ഒഫ് ലവിന്റേതെന്നപേരില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ കിസ്സ് ഓഫ് ലവിന്റെ ആശയം വച്ചു സംഘടിപ്പിക്കപ്പെട്ട മൂന്നു സമരരൂപത്തിലും പങ്കെടുത്ത ആള്‍ എന്നനിലയില്‍ എനിക്ക് പ്രതികരിക്കാതിരിക്കാനാവില്ല.

ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിലെ അഭിപ്രായങ്ങള്‍ ലേഖകരുടേത് മാത്രമാണ്. കൈരളി ന്യൂസ് ഓണ്‍ലൈന്‍ പത്രാധിപസമിതിയുടേതല്ല. കമന്റുകളിലൂടെ പ്രതികരിക്കുന്നവര്‍ അസഭ്യമായോ അശ്ലീലച്ചുവയോടെയോ മതനിന്ദയുളവാക്കുന്നതോ ആയ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ നിയമപ്രകാരം കുറ്റകരമായിരിക്കും.
– എഡിറ്റര്‍
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here