ഡിജിപി ജേക്കബ് തോമസിന് വീണ്ടും ചീഫ് സെക്രട്ടറിയുടെ നോട്ടീസ്; വിവാദപ്രസ്താവനയില്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണം

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന് വീണ്ടും ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ബാര്‍ കോഴക്കേസില്‍ ജേക്കബ് തോമസ് നടത്തിയ വിവാദപ്രസ്താവനയില്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഒരാഴ്ചയ്ക്കകം ഇത് രണ്ടാം തവണയാണ് ജേക്കബ് തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിക്കുന്നത്.

ഒന്നാമത്തെ നോട്ടീസ് കൈപ്പറ്റിയതിന് ശേഷവും സര്‍ക്കാരിന് അപകീര്‍ത്തികരമാം വിധം മാധ്യമങ്ങളോട് സംസാരിച്ചു എന്നതാണ് ജേക്കബ് തോമസിന് എതിരായ ആരോപണം. ഒന്നാമത്തെ നോട്ടീസ് കൈപ്പറിയതിന് പിറ്റേദിവസം ജേക്കബ് തോമസ് ഗുരുതര ആരോപണം ഉന്നയിച്ചു. കൊച്ചിയില്‍ ഒരു സ്വകാര്യ സ്‌കൂളിലെ ചടങ്ങിനിടെയായിരുന്നു വിമര്‍ശനം. സര്‍ക്കാര്‍ തന്നെ നിരന്തരമായി സ്ഥലം മാറ്റുകയാണ്. ഫ്‌ളാറ്റ് ലോബിയുടെ താല്‍പര്യത്തിന് വഴങ്ങിയില്ല. ഇതുകൊണ്ടാണ് തുടര്‍ച്ചയായ സ്ഥലം മാറ്റമെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തിയിരുന്നു.

ബാര്‍ കോഴക്കേസ് വിധി വന്ന ഘട്ടത്തില്‍ സത്യം ജയിച്ചു എന്ന തരത്തിലും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ജേക്കബ് തോമസ് രംഗത്തെത്തി. വിന്‍സണ്‍ എം പോളിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയാണ് ജേക്കബ് തോമസ് സംസാരിച്ചതെന്ന് സര്‍ക്കാരും ഐപിഎസ് അസോസിയേഷനിലെ ഒരു വിഭാഗവും കരുതുന്നു. തുടര്‍ന്ന് ചേര്‍ന്ന ഐപിഎസ് അസോസിയേഷന്‍ യോഗത്തില്‍ ജേക്കബ് തോമസിനെതിരെ പരോക്ഷ വിമര്‍ശനവും ഉണ്ടായി. തൊട്ടുപിന്നാലെഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ തങ്ങള്‍ക്ക് അറിയാമെന്ന് വിശദീകരണവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രംഗത്തെത്തി. ജേക്കബ് തോമസിനെച്ചൊല്ലി സര്‍ക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷവിമര്‍നം ഉന്നയിച്ച സാഹചര്യത്തിലാണ് ചീഫ്‌സെക്രട്ടറി വിശദീകരണ നോട്ടീസ് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News