സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് ഷാരൂഖ് ഖാന്‍; അസഹിഷ്ണുത ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുന്നു; പാകിസ്താനിലേക്ക് പോകാന്‍ പറയുന്നവരോട് വായടയ്ക്കാന്‍ പറയുമെന്നും ഷാരൂഖ്

മുംബൈ: സംഘപരിവാറിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍. അസഹിഷ്ണുത രാജ്യത്ത് ഏറ്റവും ഭീകരമായി വാഴുകയാണ്. അസഹിഷ്ണുത അതിന്റെ പാരമ്യതയിലാണ്. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും കിംഗ് ഖാന്‍ വിമര്‍ശിക്കുന്നു. മതപരമായ അസഹിഷണുതയേക്കാള്‍ മറ്റൊരു മോശം കാര്യമില്ലെന്നും ഷാരൂഖ് ഖാന്‍ ദേശീയ വാര്‍ത്താ ചാനലായ എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു.

ഇന്ത്യ തിളങ്ങുന്നുവെന്ന വാജ്‌പേയി ഭരണകാലത്തെ ബിജെപിയുടെ മുദ്രാവാക്യത്തെ ഷാരൂഖ് വിമര്‍ശിയ്ക്കുന്നു. അസഹിഷ്ണുതയുള്ളവരായാല്‍ ഇന്ത്യ തിളങ്ങുന്നു എന്നത് മുദ്രാവാക്യം മാത്രമാകും. ഭക്ഷണ സ്വാതന്ത്ര്യം വരെ എതിര്‍ക്കപ്പെട്ടാല്‍ അതത്ര അംഗീകരിക്കാനാവുന്ന കാര്യമല്ല. പാകിസ്താനില്‍ നിന്ന് വരുന്ന കഴിവുള്ള കലാകാരന്മാരെ ശിക്ഷിക്കുന്നതെന്തിനെന്നും ഷാരൂഖ് ചോദിക്കുന്നു. രാജ്യത്ത് അസഹിഷ്ണുത അതിന്റെ പാരമ്യതയിലെത്തി. അസഹിഷ്ണുത ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് വലിയ കളങ്കമുണ്ടാക്കി. രാജ്യത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തെ മാത്രമായി സ്‌നേഹിക്കാനാവില്ല. ഭാഗികമായ ദേശസ്‌നേഹം എന്നൊന്നില്ല. ഇന്ത്യയെ ഒന്നായി കാണാന്‍ കഴിയണമെന്നും ഷാരൂഖ് വിമര്‍ശിയ്ക്കുന്നു.

തന്റെ ദേശീയബോധത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. പാശ്ചാത്യരാജ്യങ്ങളില്‍ പോലും എതിരഭിപ്രായങ്ങള്‍ സ്വീകരിക്കപ്പെടുന്നുണ്ട്. നമ്മുടെ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള പാകിസ്ഥാന്‍ അഭിനേതാക്കളുടെ അവകാശത്തെ ചോദ്യം ചെയ്യരുത്. തന്റെ അടുത്ത ചിത്രത്തിലെ അഭിനേതാവ് പാകിസ്താനില്‍ നിന്നായിരിക്കുമെന്നും ഷാരൂഖ് പറഞ്ഞു.

എഴുത്തുകാരും ചലച്ചിത്രകാരന്മാരും ശാസ്ത്രജ്ഞരും ഉള്‍പ്പടെയുള്ളവര്‍ പുരസ്‌കാരം തിരിച്ചു നല്‍കുന്നതിനെയും ഷാരൂഖ് സ്വാഗതം ചെയ്തു. അസഹിഷ്ണുതയ്‌ക്കെതിരായ നിലപാട് സ്വീകരിച്ച് ജേതാക്കള്‍ പുരസ്‌കാരം തിരിച്ചു നല്‍കുന്നത് ധീരമായ നിലപാടാണ്. രാജ്യത്ത് ഇപ്പോള്‍ സംഭവിക്കുന്ന മോശം കാര്യങ്ങളോടുള്ള പ്രതിഫലനമാണ് അവാര്‍ഡ് വാപ്പസിയെന്നും ഷാരൂഖ് ഷാന്‍ വിമര്‍ശിയ്ക്കുന്നു.

ദേശീയബോധവും മതനിരപേക്ഷതയും കുറ്റകരമാവുന്ന കാലമാണിത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് പിന്തുണ നല്‍കുന്നു. നിലപാടുകള്‍ പറയാന്‍ പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞവരോട് പറയാനുള്ളത് നിങ്ങള്‍ വായടയ്ക്കൂ എന്നാണ്. അത്തരക്കാര്‍ പാകിസ്താനില്‍ പോയി നിലപാട് പറഞ്ഞാല്‍ മതിയെന്നും സംഘപരിവാര്‍ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് ഷാരൂഖ് വ്യക്തമാക്കി.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി സമരം ന്യായമാണ്. വിദ്യാര്‍ത്ഥികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നു. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പമാണ് താനും എന്നും ഷാരൂഖ് ഖാന്‍ പറയുന്നു. ബോളിവുഡിലെ നായകനടന്മാരില്‍ പ്രമുഖനായ ഷാരൂഖ് ഖാന്റെ അന്‍പതാം പിറന്നാള്‍ ആണ് ഇന്ന്. സമകാലിക സംഭവ വികാസങ്ങളില്‍ സംഘപരിവാറിനെതിരെ നിലപാട് വ്യക്തമാക്കുന്ന ആദ്യ ബോളിവുഡ് താരമാണ് ഷാരൂഖ് ഖാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here