മുംബൈ പൊലീസിന് ദാവൂദുമായി അടുത്തബന്ധം; തീവ്രവാദത്തിനെതിരെ പോരാട്ടം തുടരുമെന്ന് ഛോട്ടാ രാജൻ; രാജനെ ഇന്ന് ഇന്ത്യയിൽ എത്തിച്ചേക്കും

ബാലി: മുംബൈ പൊലീസിൽ പലർക്കും അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമുമായി അടുത്തബന്ധമാണുള്ളതെന്ന് ഛോട്ടാ രാജൻ. മുംബൈ പൊലീസിനെ വിശ്വാസമില്ലെന്നും തന്നെ ദില്ലിയിലേക്ക് കൊണ്ടുപോകണമെന്നും രാജൻ ആവശ്യപ്പെട്ടു.

ഛോട്ടാ രാജനെ ഇന്ന് ഇന്ത്യയിൽ എത്തിച്ചേക്കുമെന്നാണ് സൂചന. ബാലിയിലെ ജയിലിലെത്തിയ ഇന്ത്യൻ സംഘം രാജനെ ഇന്നലെ നേരിട്ട് കണ്ടിരുന്നു. സിബിഐ, ദില്ലി-മുംബൈ പൊലീസ് എന്നിവരടങ്ങിയ ആറംഗ പ്രത്യേക സംഘമാണ് ബാലിയിലെത്തിയത്. രാജനെതിരേയുള്ള കേസുകളുടെ വിശദാംശങ്ങൾ മുംബൈയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽനിന്നു സംഘം ശേഖരിച്ചിരുന്നു. ഇതെല്ലാം ഇന്തോനേഷ്യൻ അധികൃതർക്ക് കൈമാറിയിട്ടുണ്ട്.

ഛോട്ടാ രാജനെതിരെ ദാവൂദ് ഇബ്രാഹിമിന്റെ വധഭീഷണിയുള്ളതിനാൽ അതീവ രഹസ്യമായിട്ടായിരിക്കും സിബിഐ സംഘം രാജനെ ഇന്ത്യയിലെത്തിക്കുക. ഇന്തോനേഷ്യയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനായ സഞ്ജീവ് കുമാർ അഗർവാളും രാജനെ ജയിലിലെത്തി കണ്ടിരുന്നു. ഓസ്‌ട്രേലിയൻ പൊലീസ് നൽകിയ വിവരമനുസരിച്ച് കഴിഞ്ഞയാഴ്ചയാണ് ബാലി പൊലീസ് ഛോട്ടാ രാജനെ അറസ്റ്റ് ചെയ്തത്.

ആദ്യം ഡൽഹിയിലായിരിക്കും ഛോട്ടാ രാജനെ എത്തിക്കുക. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മുംബൈയിലേക്ക് കൊണ്ടുപോകും. കൊലപാതകവും മയക്കുമരുന്ന് കടത്തും അടക്കമുള്ള 70ഓളം കേസുകളാണ് രാജനെതിരെ മുംബൈ പൊലീസിലുള്ളത്. എന്നാൽ തന്നെ മുംബൈയിലേക്ക് കൊണ്ടു പോകരുതെന്നാണ് രാജന്റെ അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here