ജേക്കബ് തോമസും സർക്കാരും തുറന്ന പോരിലേക്ക്; ചെയ്ത തെറ്റ് എന്താണെന്ന് ജേക്കബ് തോമസ്; ആദ്യം നോട്ടീസിന് മറുപടി നൽകുകയാണ് വേണ്ടതെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: തനിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിന്റെ അടിസ്ഥാനം എന്താണെന്ന് വ്യക്തമാക്കണമെന്ന് ചീഫ് സെക്രട്ടറിയോട് ജേക്കബ് തോമസ്. താൻ ചെയ്ത തെറ്റ് എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അച്ചടക്ക നടപടി സ്വീകരിക്കാൻ തക്ക കുറ്റം വല്ലതും ചെയ്തിട്ടുണ്ടോയെന്നും ജേക്കബ് തോമസ് ചോദിക്കുന്നു. ഇതിന്റെ വസ്തുനിഷ്ഠമായ തെളിവുകൾ കൈവശമുണ്ടോയെന്നും ഉണ്ടെങ്കിൽ അത് പുറത്തു വിടണമെന്നും ജേക്കബ് തോമസ് ചീഫ് സെക്രട്ടറി ജിജി തോംസണിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

അതേസമയം, ജേക്കബ് തോമസിന്റെ കത്തിന് മറുപടിയുമായി ചീഫ് സെക്രട്ടറി രംഗത്തെത്തി. ആദ്യം നോട്ടീസിന് മറുപടി നൽകുകയാണ് വേണ്ടതെന്നും വിശദീകരണം തൃപ്തികരമല്ലെങ്കിൽ അച്ചടക്ക സമിതി രൂപീകരിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും ജിജി തോംസൺ വ്യക്തമാക്കി. അപ്പോൾ മാത്രമേ തെളിവുകൾ നൽകാനാവൂയെന്നും അദ്ദേഹം വ്യക്തമാക്കി.

ബാർ കോഴക്കേസിൽ മന്ത്രി കെഎം മാണിക്കെതിരായ വിജിലൻസ് കോടതിവിധിയോടെ സത്യം തെളിഞ്ഞുവെന്നായിരുന്നു ജേക്കബ് തോമസിന്റെ പരസ്യപ്രതികരണം. ഈ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചീഫ് സെക്രട്ടറി നോട്ടീസ് നൽകിയത്. 15 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here