കൊച്ചി: ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച്, കേസിൽ ആരോപണ വിധേയനായ പ്രിയന്റെ വാദങ്ങൾ ദുർബലമാണെന്ന് നിയമവിദഗ്ദർ. കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന പ്രിയന്റെ ആവശ്യം പത്രവാർത്തകളുടെ അടിസ്ഥാനത്തിലുള്ളതാണ്. അന്വേഷണ ഏജൻസിയെപ്പറ്റി അഭിപ്രായം പറയാൻ പ്രതിക്ക് അവകാശമില്ലെന്ന സുപ്രീംകോടതി വിധി നിലനിൽക്കെയാണ് പ്രിയന്റെ ഹർജിയെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.
ശാശ്വതീകാന്ദയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രിയൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
കേസ് ക്രൈംബ്രാഞ്ച് നേരത്തെ അന്വേഷിച്ചതാണെന്നും അതുകൊണ്ട് പുതിയ അന്വേഷണം കൊണ്ട് കാര്യമില്ലെന്നും സിബിഐ അന്വേഷണമാണ് ആവശ്യമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പ്രിയൻ വ്യക്തമാക്കിയിരുന്നു. ഈ വാദങ്ങൾ നിലനിൽക്കുന്നതല്ലെന്നാണ് വിദഗ്ദരുടെ നിരീക്ഷണം.
ശാശ്വതീകാനന്ദയെ കൊന്നത് പ്രിയനാണെന്ന് ഡോ. ബിജു രമേശ് ആരോപിച്ചിരുന്നു. പ്രവീൺ വധക്കേസിലെ പ്രതിയായ പ്രിയൻ വെള്ളാപ്പള്ളി നടേശനുവേണ്ടിയാണ് സ്വാമിയെ കൊലപ്പെടുത്തിയതെന്നും ആസൂത്രിതമായി നടത്തിയ കൊലപാതകത്തെ കുറിച്ച് പ്രിയൻ തന്നെ തന്നോട് പറഞ്ഞെന്നുമായിരുന്നു ബിജു രമേശിന്റെ ആരോപണം. പീപ്പിൾ ടിവിയോടാണ് ബിജു ഇക്കാര്യം വെളിപ്പെടുത്തിയത്.

Get real time update about this post categories directly on your device, subscribe now.