തന്റേയും മകന്റേയും പേരിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണെന്ന് നടനും സംവിധായകനുമായ ശ്രീനിവാസൻ.
തന്റെ വാക്കുകളെന്ന രീതിയിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് താൻ പറയാത്ത കാര്യങ്ങളാണ്. ജീവിതത്തിൽ ഒരിക്കലും മക്കൾക്ക് രാഷ്ട്രീയ ഉപദേശം നൽകിയിട്ടില്ലെന്നും പ്രചരിക്കുന്നതുപോലെ ഒരു രാഷ്ട്രീയ നിലപാട് താൻ മറ്റൊരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ആരോ മെനഞ്ഞ കള്ളക്കഥയാകാം ഇതെന്നും ദയവായി തന്നെ അതിൽ കരുവാക്കരുതെന്നും ശ്രീനിവാസൻ പറഞ്ഞു. വ്യാജ പോസ്റ്റിനെതിരെ നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണെന്നും ശ്രീനിവാസൻ പറഞ്ഞു.
ഇതിന്റെ സത്യാവസ്ഥ മനസിലാക്കിയ തന്റെ ഒരു സുഹൃത്ത് ഇക്കാര്യങ്ങൾ വ്യക്തമാക്കി ഫേസ്ബുക്കിൽ ഒരു കുറിപ്പിട്ടു. ഉടൻ ബിജു എന്ന ഒരാൾ അദ്ദേഹവുമായി ബന്ധപ്പെട്ട് ശ്രീനിവാസന്റെ പ്രസ്താവന തിരുത്താൻ നിങ്ങളാരെന്ന രീതിയിൽ കയർത്തു സംസാരിച്ചെന്നും ബിജുവിന്റെ അക്കൗണ്ട് പരിശോധിച്ചപ്പോൾ, അയാൾ ഒരു ബിജെപി അനുഭാവിയാണെന്ന് ബോധ്യപ്പെട്ടെന്നും ശ്രീനിവാസൻ പറഞ്ഞു.
കഴിഞ്ഞ ദിവസം മുതലാണ് ശ്രീനിവാസന്റെയും മകൻ വിനീത് ശ്രീനിവാസന്റെയും ചിത്രങ്ങളടങ്ങിയ പോസ്റ്റുകൾ ഫേസ്ബുക്കിൽ പ്രചരിച്ചത്. സംഘപരിവാർ അനുഭാവമുള്ളവരുടെ അക്കൗണ്ടുകളിലാണ് ഇവ പ്രത്യക്ഷപ്പെട്ടത്. മോഹൻലാലിന്റെ പേരിലും ഇത്തരം പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്.
Get real time update about this post categories directly on your device, subscribe now.
Discussion about this post