ചൈന സ്വന്തമായി വിമാനവും നിര്‍മിച്ചു; ആദ്യ തദ്ദേശനിര്‍മിത വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ അടുത്തവര്‍ഷം; വ്യോമയാന മത്സരത്തില്‍ എയര്‍ബസും ബോയിംഗും ലക്ഷ്യം

ബീജിംഗ്: വ്യോമയാന രംഗത്തെ ഭീമന്‍മാരായ എയര്‍ബസിനോടും ബോയിംഗിനോടും മുട്ടാന്‍ സ്വന്തം സൂപ്പര്‍ ജെറ്റ് വിമാനവുമായി ചൈന. സി 919 എന്ന പേരിലുള്ള പാസഞ്ചര്‍ വിമാനമാണ് ചൈനയുടെ കൊമേഴ്‌സ്യല്‍ എയര്‍ക്രാഫ്റ്റ് കോര്‍പറേഷന്‍ എന്ന കമ്പനി നിര്‍മിച്ചിരിക്കുന്നത്.

ലോകത്ത് വിമാനയാത്രികര്‍ക്ക് ഏറെ പ്രിയപ്പെട്ട എയര്‍ബസ് 320 നു സമാനമായി 174 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാവുന്ന ഇരട്ട എന്‍ജിന്‍ വിമാനമാണ് സി 919. 5555 കിലോമീറ്റര്‍ ദൂരത്തില്‍ പറക്കാനാവും. അടുത്തവര്‍ഷമായിരിക്കും വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ നടത്തുക.  ഈ വര്‍ഷം വിമാനം വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കാനായിരുന്നു പദ്ധതിയെങ്കിലും ചില കാരണങ്ങളാല്‍ വൈകുകയായിരുന്നു.

വാണിജ്യാടിസ്ഥാനത്തില്‍ വിമാനം നിര്‍മിക്കുന്നതോടെ ലോക വ്യോമയാന വിപണിയില്‍ ബോയിംഗിനും എയര്‍ബസിനും ചൈനയില്‍നിന്നു കടുത്ത മത്സരം നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. സ്വപ്‌നം പറക്കാനൊരുങ്ങുന്ന എന്ന പേരിലാണ് വിമാനം പുറത്തിറക്കുന്നത്.

130 എയര്‍ബസ് വിമാനങ്ങള്‍ വാങ്ങന്‍ കരാറൊപ്പുവച്ചതിനു പിന്നാലെ തങ്ങളുടെ വിമാനം ചൈന പുറത്തിറക്കുന്നത്. ലോകത്തെ ഏറ്റവും വലിയ വ്യോമയാന ബിസിനസ് കേന്ദ്രമാണ് ചൈന. 21 വിമാനത്താവളങ്ങളിലായി ഒരു കോടി യാത്രക്കാര്‍ ഓരോ വര്‍ഷവും ചൈനയിലെ വിമാനത്താവളങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ഇരുപതു വര്‍ഷത്തിനുള്ളില്‍ 6330 വിമാനങ്ങളുമായി ലോകത്തെ വലിയ വ്യോമയാന രാജ്യമാകാനുള്ള തയാറെടുപ്പിലാണ് ചൈന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here