അധികാരമോഹിയായ മാണി പാർട്ടിയെ കുടുംബ സ്വത്തായി കൊണ്ടു നടക്കുന്നു; പാർട്ടിയെ വിശ്വസിച്ച കർഷകർ പെരുവഴിയിൽ; മാണിക്കെതിരെ രൂക്ഷവിമർശനവുമായി കെജെ ചാക്കോ

ദില്ലി: മന്ത്രി കെഎം മാണിക്കെതിരെ രൂക്ഷ വിമർശനവുമായി കേരള കോൺഗ്രസ് സ്ഥാപക നേതാവ് കെജെ ചാക്കോ. അധികാര മോഹിയായ മാണി പാർട്ടിയെ കുടുംബ സ്വത്തായി കൊണ്ടു നടക്കുകയാണെന്ന് ചാക്കോ കുറ്റപ്പെടുത്തി. പാർട്ടിയെ വിശ്വസിച്ച കർഷകർ പെരുവഴിയിലായെന്നും കോഴയും കോടിയും പാർട്ടിയുടെ അടിവേരു തോണ്ടിയെന്നും കെജെ ചാക്കോയുടെ പുത്തൻപുരാണം എന്ന പുതിയ പുസ്തകത്തിൽ വിമർശിക്കുന്നു.

മാണിയുടെ രാഷ്ട്രീയ നിലപാടുകൾ എക്കാലവും കേരള കോൺഗ്രസിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. പാർട്ടിയുടെ പിളർപ്പിന് കാരണമായതും മാണിയുടെ അധികാര മോഹം തന്നെ. ഇപ്പോൾ കേരള കോൺഗ്രസിനെ കുടുംബ സ്വത്തായി കൊണ്ടു നടക്കുന്ന മാണി പാർട്ടി രൂപീകരണ സമയത്ത് പ്രധാന വേഷത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് അധികാര മോഹം കലശലായ മാണി പാർട്ടിയിൽ രഹസ്യ ഗ്രുപ്പുണ്ടാക്കി ഭിന്നിപ്പിനുള്ള ശ്രമം ആരംഭിച്ചു.

1975ൽ പാർട്ടി ചെയർമാനായിരുന്ന കെഎം ജോർജ്ജിന് ലഭിക്കേണ്ടിയിരുന്ന മന്ത്രിസ്ഥാനം കരുനീക്കങ്ങളിലൂടെ മാണി തട്ടിയെടുക്കുകയായിരുന്നുവെന്നും ചാക്കോ കുറ്റപ്പെടുത്തി. മാണി ഉൾപ്പെടെയുള്ളവരുടെ നന്ദികേടുകൾ സഹിക്കാനാകാതെ കെഎം ജോർജ്ജ് ഹൃദയം പൊട്ടി മരിക്കുകയായിരുന്നുവെന്നും ചാക്കോ പുസ്തകത്തിൽ വെളിപ്പെടുത്തുന്നു. ഇപ്പോൾ കോഴ വിവാദത്തിലും കോടി വിവാദത്തിലും പെട്ട് ഉഴലുന്ന പാർട്ടിയുടെ ഗതി എന്തെന്ന് ആലോചിച്ചിട്ട് ഫലമില്ല. പാർട്ടിയുടെ സൽപേര് കളഞ്ഞു കുളിച്ചു. പാർട്ടിയെ വിശ്വസിച്ച പാവപ്പെട്ട കർഷകർ അനാഥരായെന്നും കെജെ ചാക്കോ പുസ്തകത്തിൽ പറയുന്നു. ബാർ കോഴ വിവാദത്തിൽ പ്രതിഛായ നഷ്ടപ്പെട്ട മാണിക്ക് പാർട്ടിയുടെ സ്ഥാപക നേതാവിൽ നിന്ന് നേരിടേണ്ടി വന്ന വിമർശനങ്ങൾ കൂടുതൽ ക്ഷീണമുണ്ടാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News