ശ്രീരാമൻ ജനിച്ചത് പാകിസ്ഥാനിൽ; ബാബറി മസ്ജിദ് നിർമ്മിച്ചത് ബാബറല്ല; വിവാദ പരാമർശങ്ങളുമായി റഹീം ഖുറേഷിയുടെ പുസ്തകം

ദില്ലി: ശ്രീരാമൻ ജനിച്ചത് അയോധ്യയിൽ അല്ല, പാകിസ്ഥാനിലാണെന്ന് വിവാദപരാമർശവുമായി ഓൾ ഇന്ത്യ മുസ്ലീം പേർസണൽ ലോ ബോർഡ് അംഗം അബ്ദുൾ റഹീം ഖുറേഷി. ബാബറി മസ്ജിദ് നിർമ്മിച്ചത് ബാബറല്ല, അദ്ദേഹത്തിന്റെ ഗവർണറാണെന്നും ഖുറേഷി തന്റെ പുസ്തകത്തിൽ പറയുന്നു. ചരിത്രരേഖകളുടെ പിൻബലത്തിൽ ഇക്കാര്യങ്ങൾ സമർഥിക്കുന്നതാണ് ‘മിത്ത് ഓഫ് റാം ജന്മഭൂമി’ എന്ന തന്റെ പുസ്തകമെന്നും ഖുറേഷി അവകാശപ്പെട്ടു.

സിന്ധുനദിക്ക് പടിഞ്ഞാറ് സപ്തസിന്ധു പ്രദേശത്താണ് ത്രേതാ യുഗത്തിലെ വിഷ്ണുവിന്റെ അവതാരമായ രാമൻ ജനിച്ചതെന്ന് ഖുറേഷി പറയുന്നു. ഇക്കാര്യം പുരാണ ഗ്രന്ഥങ്ങളിലും വേദങ്ങളിലും പരാമർശിച്ചിട്ടുണ്ടെന്നും ഖുറേഷി പറയുന്നു. ഈ പ്രദേശം നേരത്തെ ഇന്ത്യയിലും ഇപ്പോൾ പാകിസ്ഥാന്റെ ഭാഗമായ ദേര ഇസ്ലഈൽ ഖാൻ ജില്ലയിലാണ്. തന്റെ കണ്ടെത്തലുകൾ പരാമർശിക്കുന്ന പുസ്തകം ഇന്ത്യ ഇസ്ലാമിക് സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ ഖുറേഷി പ്രദർശിപ്പിച്ചു.

18 കോടി വർഷങ്ങൾക്ക് മുൻപാണ് രാമൻ ജീവിച്ചതെന്നാണ് ചരിത്രം. അതായത് ബിസി 5561നും 7323നും ഇടയിൽ. എന്നാൽ ബിസി 600നു മുൻപ് സജീവമായ ജനജീവിതങ്ങളോ മനുഷ്യപരിണാമങ്ങളോ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ഖുറേഷി വാദിക്കുന്നു.

ബാബറിന്റെ പേരമകൻ അക്ബർ രാജ്യം ഭരിക്കുമ്പോഴാണ് ഗോസ്വാമി തുളസീദാസ് രാമചരിതമാനസം എഴുതുന്നത്. ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നുവെങ്കിൽ അക്കാര്യം തുളസീദാസ് വ്യക്തമാക്കുമായിരുന്നുവെന്നും ഖുറേഷി പറഞ്ഞു. രാമക്ഷേത്രം തകർത്തതെന്ന വിവരം ഹിന്ദുക്കളേയും മുസ്ലീമുകളേയും തമ്മിൽ തമ്മിലടിപ്പിക്കാൻ ബ്രിട്ടീഷ് അധികാരികൾ കെട്ടിച്ചമച്ച വാർത്തയാണെന്നും ഖുറേഷി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here