വിഎച്ച്പി നേതാവിന്റെ വിവാദപ്രസ്താവന; ഷാരൂഖിനോട് മോഡി മാപ്പ് പറയണമെന്ന് ദിഗ്‌വിജയ് സിംഗ്; വിവേചനമുണ്ടെങ്കിൽ ഷാരൂഖിന് പാകിസ്ഥാനിലേക്ക് വരാമെന്ന് ഹാഫിസ് സയ്യിദ്

ദില്ലി: രാജ്യത്ത് അസഹിഷ്ണുത വർധിച്ചു വരുന്നുണ്ടെന്ന് അഭിപ്രായപ്പെട്ട ഷാരൂഖ് ഖാനോട് പാകിസ്ഥാനിലേക്ക് പോകാൻ പറഞ്ഞ വിഎച്ച്പി നേതാവ് സാധ്വി പ്രാചിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. സാധ്വി പ്രാചി നടത്തിയ പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി ഷാരൂഖിനോട് മാപ്പ് പറയണമെന്ന് ദിഗ്‌വിജയ് സിംഗ് ആവശ്യപ്പെട്ടു. വിഷയത്തിൽ മോഡിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ഇന്ത്യയിൽ വിവേചനം അനുഭവിക്കുന്നുണ്ടെങ്കിൽ ഷാരൂഖിന് പാകിസ്ഥാനിലേക്ക് വരാമെന്ന് പാക് തീവ്രവാദസംഘടനയായ ജമാ അത്തുദ്ദവയുടെ നേതാവ് ഹാഫിസ് സയ്യിദ് പറഞ്ഞു.

അസഹിഷ്ണുത വർധിച്ചു വരുന്നുണ്ടെന്ന അഭിപ്രായപ്പെട്ട ഷാരൂഖ് ഖാൻ പാകിസ്ഥാൻ ഏജന്റ്ാണെന്നും സാധ്വി പ്രാചി ഇന്നലെ പറഞ്ഞിരുന്നു. ഷാരൂഖ് പാകിസ്ഥാനിലേക്ക് പോകണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് അസഹിഷ്ണുത വളരുന്നുവെന്ന് പിറന്നാൾ ദിനത്തിലാണ് കിംഗ് ഖാൻ അഭിപ്രായപ്പെട്ടത്. കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് നിലപാടുകളിൽ പ്രതിഷേധിച്ച് പുരസ്‌കാരങ്ങൾ തിരിച്ചു നൽകിയവരോട് തനിക്ക് ബഹുമാനം തോന്നുന്നുണ്ടെന്നും അവരുടെ പ്രതിഷേധത്തെ താൻ പിന്തുണയ്ക്കുന്നുവെന്നും ഷാരൂഖ് പറഞ്ഞിരുന്നു. തുടർന്നാണ് പ്രതികരണവുമായി സാധ്വി പ്രാചി രംഗത്തെത്തിയത്.

ഷാരൂഖിനെതിരെ ബിജെപി നേതാവായ കൈലാഷ് വിജയ്‌വർഗിയയും രംഗത്തെത്തിയിരുന്നു. ഷാരൂഖ് ഇന്ത്യയിലാണ് ജീവിക്കുന്നതെന്നും എന്നാൽ ആത്മാവ് പാക്കിസ്ഥാനിലാണെന്നും കൈലാഷ് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയിൽ അസഹിഷ്ണുതയാണെന്ന് പറയുന്നത് ദേശവിരുദ്ധ പ്രസ്താവനയല്ലെങ്കിൽ പിന്നെന്താണെന്നും കൈലാഷ് ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here