ആര്‍എസ്എസ് നിക്കര്‍ ഊരുന്നു; യൂണിഫോം പരിഷ്‌കരിച്ച് പാന്റിലേക്ക് മാറുന്നത് യുവാക്കളെ ആകര്‍ഷിക്കാന്‍

നാഗ്പൂര്‍: ഹിന്ദുതീവ്രവാദ സംഘടനയായ ആര്‍എസ്എസിന്റെ യൂണിഫോം പരിഷ്‌കരിക്കുന്നു. കാക്കി നിക്കര്‍ ഊരി പകരം പാന്റ്‌സ് ഇടാനാണ് സംഘപരിവാറിന്റെ പുതിയ ശ്രമം. യുവാക്കളെ കൂടുതലായി സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിനാണ് യൂണിഫോം പരിഷ്‌കരിക്കാനുള്ള ശ്രമം തുടങ്ങിയത്. നിക്കര്‍ ഇടുന്നത് യുവാക്കളെ അകറ്റുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയ പരിഷ്‌കാര നീക്കം.

റാഞ്ചിയില്‍ കഴിഞ്ഞയാഴ്ച നടന്ന യോഗത്തില്‍ പരിഗണിക്കുന്ന പുതിയ യൂണിഫോം ധരിച്ച് പരേഡ് നടത്തി. ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കളുടെ മുന്നിലായിരുന്നു പരേഡ്. ആര്‍എസ്എസിന്റെ ഏറ്റവും ഉയര്‍ന്ന ഘടകമായ അഖില ഭാരതീയ പ്രതിനിധി സഭയില്‍ യൂണിഫോം പരിഷ്‌കരണം ചര്‍ച്ച ചെയ്യും. അടുത്ത മാര്‍ച്ചില്‍ ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരിലാണ് യോഗം.

ആര്‍എസ്എസ് സംര്‍സംഘചാലക് മോഹന്‍ ഭാഗവതും സര്‍കാര്യവാഹക് ഭയ്യാജി ജോഷിയും യൂണിഫോം പരിഷ്‌കരണത്തെ അനുകൂലിക്കുന്നവരാണ്. എന്നാല്‍ നിക്കര്‍ ഉപേക്ഷിക്കുന്നതിനെ സംഘികളില്‍ ഒരു വിഭാഗം എതിര്‍ക്കുന്നുണ്ട്. റാഞ്ചിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന പ്രചാരക് ആണ് ഇക്കാര്യം പറഞ്ഞത്.

രണ്ട് നിര്‍ദ്ദേശങ്ങളാണ് ആര്‍എസ്എസിന്റെ മുന്നിലുള്ളത്. വെള്ള ഉള്‍പ്പടെ വിവിധ നിറങ്ങളിലുള്ള ടീ – ഷര്‍ട്ടാണ് പരിഗണിക്കപ്പെടുന്നവയില്‍ ഒന്ന്. കറുത്ത പാന്റ്‌സ് ആണ് ഇതിനൊപ്പം ഉദ്യേശിക്കുന്നത്. നിലവിലെ കറുത്ത തൊപ്പിക്കൊപ്പം വെള്ള കാന്‍വാസ് ഷൂവും കാക്കി സോക്‌സും ആണ് പരിഗണിക്കുന്നത്.

ഫുള്‍സ്ലീവ് വെള്ള ഷര്‍ട്ട്. ഒപ്പം കാക്കി, ആകാശ നീല, നീല, അല്ലെങ്കില്‍ ചാരനിറമുള്ള പാന്റ്‌സും. കറുത്ത ലെതര്‍ അല്ലെങ്കില്‍ റെക്‌സിന്‍ ഷൂ, കാക്കി സോക്‌സ്, കാന്‍വാസ് ബെല്‍റ്റും കറുത്ത തൊപ്പിയും ആണ് രണ്ടാമതായി പരിഗണിക്കുന്നത്. തുണിത്തരങ്ങളുടെ ലഭ്യതയടക്കം പരിഗണിച്ചാവും പുതിയ യൂണിഫോം തീരുമാനിക്കുക. ഇതുവരെ കാക്കിനിക്കര്‍ ഇട്ട് ശീലിച്ച ആര്‍എസ്എസ് ഇതാദ്യമായാണ് യൂണിഫോമില്‍ വലിയ പരിഷ്‌കരണത്തിന് ഒരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News