ടിഎസ് താക്കൂര്‍ സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകും; എച്ച്എല്‍ ദത്തു ഡിസംബര്‍ രണ്ടിന് സ്ഥാനമൊഴിയും

ദില്ലി: മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ടിഎസ് താക്കൂര്‍ സുപ്രീംകോടതിയുടെ അടുത്ത ചീഫ്ജസ്റ്റിസാകും. നിലവിലെ ചീഫ് ജസ്റ്റിസ് എച്ച്എല്‍ ദത്തു സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ടിഎസ് താക്കൂറിന്റെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രിക്ക് നല്‍കി.

ജസ്റ്റിസ് എച്ച്എല്‍ ദത്തു അടുത്ത മാസം രണ്ടിനാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിക്കുന്നത്. ഇതിന് ശേഷം ടിഎസ് താക്കൂര്‍ സ്ഥാനമേല്‍ക്കും. നിയമന ശുപാര്‍ശ ആദ്യം പരിഗണിക്കുന്നത് കേന്ദ്ര നിയമ മന്ത്രാലയമാണ്. ശുപാര്‍ശ പരിശോധിച്ച ശേഷം പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്ത ശേഷം നിയമന ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറും. രാഷ്ട്രപതിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത്.

ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ ടിഎസ് താക്കൂര്‍ സുപ്രീംകോടതിയുടെ 43-ാമത് ചീഫ് ജസ്റ്റിസാണ് സ്ഥാനമേല്‍ക്കുന്നത്. 1972ല്‍ ജമ്മു – കശ്മീര്‍ ഹൈക്കോടതിയില്‍ അഭിഭാഷകനായാണ് നിയമരംഗത്തെത്തിയത്. കര്‍ണാടക ഹൈക്കോടതിയിലും ജഡ്ജിയായിരുന്നു. ദില്ലി ഹൈക്കോടിയുടെയും പഞ്ചാബ് – ഹരിയാന ഹൈക്കോടതിയുടെയും ചീഫ് ജസ്റ്റിസായിരുന്നിട്ടുണ്ട്. സിവില്‍, ക്രിമിനല്‍, ടാക്‌സ്, ഭരണഘടനാ നിയമങ്ങളില്‍ വിദഗ്ധനാണ്.

മുന്‍ കേന്ദ്രമന്ത്രിയും ജമ്മു കശ്മീര്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായിരുന്ന ഡിഡി താക്കൂറിന്റെ മകനാണ്. 2009 നവംബറിലാണ് ടിഎസ് താക്കൂര്‍ സുപ്രീംകോടതി അഭിഭാഷകനായി സ്ഥാനമേറ്റത്. ഒരുവര്‍ഷത്തിലധികം കാലം അദ്ദേഹം സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരും. 2017 ജനുവരിയിലാണ് താക്കൂര്‍ വിരമിക്കുന്നത്.

ഐപിഎല്‍ വാതുവെയ്പ് കേസില്‍ വിധിപറഞ്ഞത് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ്. ബംഗാളിലെ ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് കേസില്‍ അന്വേഷണം നിരീക്ഷണവും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബഞ്ചിനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News