ബലാത്സംഗത്തെ തുടർന്ന് ജനിക്കുന്ന കുട്ടിക്ക് പിതാവിന്റെ സ്വത്തിൽ അവകാശം; നിർണായക വിധി അലഹാബാദ് ഹൈക്കോടതിയുടേത്

ലഖ്‌നൗ: ബലാത്സംഗത്തെ തുടർന്ന് ജനിക്കുന്ന കുട്ടിക്ക് പിതാവിന്റെ സ്വത്തിൽ അവകാശമുണ്ടായിരിക്കുമെന്ന് അലഹാബാദ് ഹൈക്കോടതി. കുട്ടിയെ മാതാവ് ആർക്കെങ്കിലും ദത്തുനൽകിയാൽ സ്വത്തിൽ അവകാശമുണ്ടായിരിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഷാബിഹുൾ ഹസ്‌നെയിൻ, ഡികെ ഉപാധ്യായ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം നിരീക്ഷിച്ചത്.

വ്യക്തിഗതനിയമാവകാശ പ്രകാരം പിതാവിന്റെ സ്വത്തുക്കളുടെ പിന്തുടർച്ചാവകാശത്തിന് കുഞ്ഞ് അർഹനാണെന്ന് കോടതി വ്യക്തമാക്കി. നിയമത്തിൽ കുട്ടി ഏത് സാഹചര്യത്തിൽ ജനിച്ചുയെന്നതിനേക്കാൾ വ്യക്തിക്കാണ് പ്രധാനം. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിൽ പിറന്ന കുഞ്ഞാണോ ബലാത്സംഗത്തെ തുടർന്ന് പിറന്ന കുഞ്ഞാണോ എന്ന കാര്യം അപ്രസക്തമാണെന്നും കോടതി നിരീക്ഷിച്ചു.

മാനഭംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഹർജിയിലാണ് കോടതിയുടെ നിർണായക വിധി. തനിക്ക് സംരക്ഷണം വേണമെന്നും നവജാതശിശുവിനെ ഒപ്പം നിർത്താൻ താൽപ്പര്യമില്ലാത്തതിനാൽ ഏറ്റെടുക്കാനുള്ള നടപടികൾ വേണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു. പെൺകുട്ടിക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി യുപി സർക്കാരിനോട് നിർദ്ദേശിക്കുകയും ചെയ്തു.

ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നൽകണം, പഠനശേഷം ജോലി ഉറപ്പാക്കണം, പ്രായപൂർത്തിയായ ശേഷം ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ സ്ഥിരം നിക്ഷേപമായി പണം ദേശസാൽകൃത ബാങ്കിൽ സൂക്ഷിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel