തൃശൂരില്‍ നാലു ബൂത്തുകളില്‍ നാളെ റീ പോളിംഗ്; മലപ്പുറത്ത് കളക്ടര്‍ കൃത്യവിലോപം കാട്ടിയെന്നെ തെരഞ്ഞെടുപ്പു കമ്മീഷന്‍

മലപ്പുറം/തൃശൂര്‍/തിരുവനന്തപുരം: തൃശൂര്‍ ജില്ലയില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്നു വോട്ടെടുപ്പ് തടസപ്പെട്ട നാലു ബൂത്തുകളില്‍ നാളെ റീ പോളിംഗ്. തിരുവില്വാമല, പഴയന്നൂര്‍, കുന്നത്തങ്ങാടി, അരിമ്പൂര്‍ എന്നിവിടങ്ങളിലാണ് നാളെ വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്. അതേസമയം, മലപ്പുറത്തു വോട്ടിംഗ് തടസപ്പെട്ട ബൂത്തുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. മലപ്പുറം ജില്ലാ കളക്ടറുടെ ഭാഗത്തു ഗുരുതരമായ കൃത്യവിലോപം  തെരഞ്ഞെടുപ്പു കമ്മീഷന്‍ വിലയിരുത്തി.

അമ്പതോളം ബൂത്തുകളില്‍ തൃശൂര്‍ ജില്ലയില്‍ വോട്ടെടുപ്പു തടസപ്പെട്ടിരുന്നു. എന്നാല്‍ നാലിടത്തു മാത്രം റീ പോളിംഗ് നടത്താനായിരുന്നു ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. മലപ്പുറത്ത് 270 ഇടത്താണ് വോട്ടെടുപ്പ് തടസപ്പെട്ടത്. റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ടിട്ടും കളക്ടര്‍ നടപടിയെടുത്തില്ല. തുടര്‍ന്നാണ് തൃശൂരിലെ ബൂത്തുകളില്‍ മാത്രം റീ പോളിംഗിന് കമ്മീഷന്‍ തീരുമാനിച്ചത്.

രാവിലെ വോട്ടെടുപ്പ് ആരംഭിച്ചതിനു പിന്നാലെയാണ് മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ വ്യാപകമായി അട്ടിമറി ശ്രമമുണ്ടായത്. യന്ത്രങ്ങളില്‍ പശ ഒഴിച്ചും സെല്ലോ ടേപ്പ് ഒട്ടിച്ചുമാണ് കേടുപാടുണ്ടാക്കിയത്. തകരാറുണ്ടാകുന്നതിന് തൊട്ടുമുമ്പു വോട്ട് ചെയ്തവരെക്കുറിച്ച് അന്വേഷണം നടത്തും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടന്നതായാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ വിലയിരുത്തല്‍. അന്വേഷണം നടത്തണമെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെട്ടു.

മലപ്പുറത്ത് അമ്പതോളം കേന്ദ്രങ്ങളിലാണ് തകരാര്‍ ആദ്യം ശ്രദ്ധിച്ചത്. എന്നാല്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍നിന്നു തകരാര്‍ വാര്‍ത്ത കേട്ടതോടെ കമ്മീഷന്‍ അന്വേഷണം നടത്തുകയായിരുന്നു. വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമായിരുന്നെന്നു കമ്മീഷന്‍ സ്ഥിരീകരിക്കുകയായിരുന്നു. മലപ്പുറം ജില്ലാ കളക്ടറില്‍നിന്നും ജില്ലാ പൊലിസ് മേധാവിയില്‍നിന്നും അടിയന്തരപ്രാധാന്യത്തോടെ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.

മലപ്പുറം, വളാഞ്ചേരി, പെരിന്തല്‍മണ്ണ, മഞ്ചേരി എന്നിവിടങ്ങളിലെ ലീഗ് കേന്ദ്രങ്ങളിലെ ബൂത്തുകളിലാണ് വോട്ടെടുപ്പ് തടസപ്പെട്ടത്. പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയിലെ 15ഉം വഴിക്കടവില്‍ 16ഉം പുലാമന്തോള്‍, വളാഞ്ചേരി എന്നിവിടങ്ങളിലാണ് കൂടുതല്‍ തകരാറുള്ളത്. വോട്ടെടുപ്പു തടസപ്പെട്ടതോടെ പ്രശ്‌നം പരിഹരിക്കാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും ആസൂത്രിതമായി യന്ത്രങ്ങളില്‍ തകരാറുണ്ടാക്കുകകായിരുന്നെന്നും വ്യക്തമാവുകയായിരുന്നു. ലീഗ്-കോണ്‍ഗ്രസ്് സൗഹൃദ മത്സരം നടക്കുന്ന വാര്‍ഡുകളിലാണ് യന്ത്രങ്ങളില്‍ തകരാറു കണ്ടെത്തിയത്.

പെരിന്തല്‍മണ്ണ നഗരസഭ സിപിഐഎമ്മിന്റെ ശക്തി കേന്ദ്രമാണ്. അതുപോലെതന്നെ ഇടതു പക്ഷം ഭരിക്കുന്ന വാഴയൂര്‍, കരുളായി, ആതവനാട്, പുലാമന്തോള്‍ പഞ്ചായത്തുകളിലും കഴിഞ്ഞതവണ ഭരണം എല്‍ഡിഎഫിനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News