അരുന്ധതി റോയിയും പുരസ്‌കാരം തിരിച്ചുനൽകുന്നു; ദളിതരും ആദിവാസികളും മുസ്ലീകളും ഏതു സമയത്താണ് ഇരയാവുക എന്ന ഭീതിയിൽ ജീവിക്കുന്നു

ദില്ലി: രാജ്യത്ത് വർധിച്ചു വരുന്ന അസഹിഷ്ണുതയിൽ പ്രതിഷേധിച്ച് അരുന്ധതി റോയിയും ദേശീയപുരസ്‌കാരം തിരിച്ചുനൽകുന്നു. 1989ൽ മികച്ച തിരക്കഥയ്ക്ക് ലഭിച്ച ദേശീയ പുരസ്‌കാരം താൻ തിരിച്ചു നൽകുകയാണെന്ന് അരുന്ധതി പറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലൂടെയാണ് അരുന്ധതി റോയി ഇക്കാര്യം അറിയിച്ചത്.

എന്നാൽ കേന്ദ്രസർക്കാരിന്റെ പ്രോത്സാഹനത്തിലൂടെ വളരുന്ന അസഹിഷ്ണുതയിൽ ഞെട്ടൽ പ്രകടിപ്പിച്ചല്ല പുരസ്‌കാരം തിരിച്ചു നൽകുന്നതെന്നും അരുന്ധതി റോയി പറയുന്നു. മനുഷ്യരെ തല്ലിക്കൊല്ലുന്നതിനെയും ചുട്ടുകൊല്ലുന്നതിനെയും കൂട്ടക്കൊലയെയും വിശേഷിപ്പിക്കുന്നതിന് ഉപയോഗിക്കേണ്ട വാക്ക് അസഹിഷ്ണുത എന്നല്ല. എന്താണ് നമ്മളെ കാത്തിരിക്കുന്നത് എന്നതു സംബന്ധിച്ച് ഒരുപാട് മുന്നറിയിപ്പുകൾ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ നരേന്ദ്രമോഡി സർക്കാരിനെ വൻഭൂരിപക്ഷത്തോടെ ജയിപ്പിച്ച് അധികാരത്തിലിരുത്തിയശേഷം സംഭവിച്ച കാര്യങ്ങൾ ഞെട്ടിച്ചെന്ന് അവകാശപ്പെടാനാവില്ലെന്നും അവർ ലേഖനത്തിൽ പറയുന്നു.

‘ഇത്തരം കൊലപാതകങ്ങൾ വലിയൊരു രോഗലക്ഷണം മാത്രമാണ്. ജീവിച്ചിരിക്കുന്നവർക്കും ജീവിതം നരകമാണ്. ലക്ഷക്കണക്കിന് ദളിതരും ആദിവാസികളും മുസ്ലീകളും ക്രിസ്ത്യാനികളുമെല്ലാം, ഏതു സമയത്താണ് അവർ ഇരയാവുക എന്ന ഭീതിയിലാണ് ജീവിക്കുന്നത്. കലാകാരന്മാരും ബുദ്ധിജീവികളും ഇപ്പോൾ ചെയ്യുന്നത് മുൻപ് സംഭവിക്കാത്ത ഒന്നാണ്. ചരിത്രത്തിൽ ഇതിന് സമാനമായി ഒന്നുമില്ല. ഇതരമാർഗങ്ങളിലൂടെ പ്രകടിപ്പിക്കപ്പെടുന്ന രാഷ്ട്രീയമാണത്. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. അതേസമയം, ഈ രാജ്യത്ത് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ലജ്ജയുണ്ട്.’- അരുന്ധതി റോയി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here