മലപ്പുറത്തെ യന്ത്രത്തകരാറില്‍ അസ്വഭാവികതയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; സമഗ്ര അന്വേഷണം നടത്തും; മലപ്പുറത്ത് 105 ഇടത്ത് ഉള്‍പ്പെടെ 114 ബൂത്തുകളില്‍ റീപോളിംഗ്

തിരുവനന്തപുരം: മലപ്പുറത്തെ 105 ബൂത്തുകളിലെ വോട്ടിംഗ് മെഷീന്‍ തകരാര്‍ ആയതില്‍ അസ്വഭാവികതയുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന്മേല്‍ സമഗ്ര അന്വേഷണം നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍ അറിയിച്ചു. അന്വേഷണം സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നും കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തൃശൂരില്‍ ഒന്‍പത് ഇടത്തും റീപോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.

മലപ്പുറത്തെ 255 വോട്ടിംഗ് യന്ത്രങ്ങളിലാണ് തകരാര്‍ കണ്ടെത്തിയത്. ബാലറ്റ് യൂണിറ്റുകള്‍ കേരളത്തിന് വേണ്ടി പ്രത്യേകം തയാറാക്കിയതാണ്. ബാലറ്റ് യൂണിറ്റില്‍ വന്ന തകരാരാണ് സംഭവിച്ചത്. സാങ്കേതിക തകരാര്‍ സംഭവിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇത് പ്രസ് എറര്‍ ആയാണ് കണക്കാക്കുന്നത്. ഇത്രയും ഇടത്ത് പ്രസ് എറര്‍ സംഭവിച്ചത് സ്വാഭാവികമല്ല. ഇത് സംബന്ധിച്ച് മലപ്പുറം ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് അയച്ചിട്ടുണ്ടെന്നും തെരഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

അതേസമയം മലപ്പുറം ജില്ലയിലെ 270 വോട്ടിംഗ് കേന്ദ്രങ്ങളില്‍ വോട്ടിംഗ് യന്ത്രത്തിലുണ്ടായ തകരാര്‍ സംബന്ധിച്ച് മലപ്പുറം ജില്ലാ കളക്ടറുടെ നടപടിയില്‍ തെരഞ്ഞെടുപ്പു കമ്മീഷന് അതൃപ്തിയുണ്ട്. യന്ത്രത്തകരാറുണ്ടായ കാര്യങ്ങള്‍ യഥാസമയം കമ്മീഷനെ അറിയിച്ചില്ലെന്നാണ് വിമര്‍ശനം. രാവിലെ വോട്ടിംഗ് ആരംഭിച്ചശേഷമാണ് 270 വോട്ടിംഗ് കേന്ദ്രങ്ങളില്‍ യന്ത്രത്തകരാറു കാരണം വോട്ടിംഗ് മുടങ്ങിയത്.

വോട്ടിംഗ് തടസപ്പെടാന്‍ കാരണമായത് പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ പരിചയക്കുറവു മൂലമാണെന്നായിരുന്നു കളക്ടറുടെ വിശദീകരണം. പശ ഒഴിച്ചും സ്റ്റിക്കര്‍ പതിച്ചുമാണ് യന്ത്രങ്ങള്‍ കേടാക്കിയത്. ലീഗിന് ശക്തിയുള്ളതും അടുത്തകാലത്തായി ഇടതുപാര്‍ട്ടികള്‍ നേട്ടമുണ്ടാക്കുന്നതുമായ സ്ഥലങ്ങളിലാണ് യന്ത്രങ്ങളേറെയും തകരാറിലായത്.

അന്തിമകണക്ക് അനുസരിച്ച് രണ്ടാംഘട്ടത്തില്‍ 76.86 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോട്ടയം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് കൂടിയ പോളിംഗ് രേഖപ്പെടുത്തിയത്. കോട്ടയത്ത് 77.9 ഉം ആലപ്പുഴയില്‍ 75.7ഉം പാലക്കാട് 75.5 ശതമാനം പോളിംഗും രേഖപ്പെടുത്തി. തൃശൂരിലാണ് രണ്ടാം ഘട്ടത്തില്‍ ഏറ്റവും കുറച്ച് പോളിംഗ് രേഖപ്പെടുത്തിയത്. 69.9 ശതമാനം. പത്തനംതിട്ടയില്‍ 72 ശതമാനവും എറണാകുളത്ത് 72 ശതമാനം പോളിംഗും രേഖപ്പെടുത്തിയെന്നാണ് പ്രാഥമിക കണക്ക്.

രണ്ടാം ഘട്ടത്തിലെ അന്തിമ കണക്ക് അനുസരിച്ച് എറണാകുളത്താണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 84 ശതമാനം. തൃശൂരില്‍ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തി. 70.2 ശതമാനം. കോട്ടയം – 79, പാലക്കാട് – 82.5, പത്തനംതിട്ട – 74, കോട്ടയം – 79, മലപ്പുറം – 71, ആലപ്പുഴ -77.5 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള അന്തിമ കണക്ക്. തൃശൂര്‍ കോര്‍പ്പറേഷനില്‍ 71ഉം കൊച്ചി കോര്‍പ്പറേഷനില്‍ 68.4 ശതമാനം പോളിംഗും രേഖപ്പെടുത്തി.

ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ആകെ 77.83 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തില്‍ 76.86 ശതമാനവും. ഇതനുസരിച്ച് സംസ്ഥാനത്ത് ആകെ 77.35 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നാണ് അന്തിമകണക്ക്. 2010ല്‍ ആകെ 76.32 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here