എഫ്‌സി ഗോവയ്ക്ക് നാലാംജയം; ചെന്നൈയിനെ തകര്‍ത്തത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്

ചെന്നൈ: ചെന്നൈയിന്‍ എഫ്‌സിയെ അവരുടെ സ്വന്തം തട്ടകത്തില്‍ എഫ്‌സി ഗോവ തകര്‍ത്തു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഗോവന്‍ ജയം. ജയത്തോടെ പൂനെ സിറ്റി എഫ്‌സിയെ മറികടന്ന് ഗോവന്‍ എഫ്‌സി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. രണ്ടാം പകുതിയില്‍ ലഭിച്ച രണ്ട് പെനാല്‍ട്ടികളാണ് ഗോവയുടെ ജയത്തിന് വഴിതുറന്നത്. 64-ാം മിനുട്ടില്‍ ലിയോ മൗറയും 78-ാം മിനുട്ടില്‍ ജൊനാഥന്‍ ലൂക്കയും കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചു.

കളിയുടെ അവസാന നിമിഷത്തില്‍ ലിയോ മൗറയെ ചെന്നൈയിന്‍ താരം ഹര്‍മന്‍ജോത് സിംഗ് ഖബ്ര അപകടകരമായ രീതിയില്‍ ഫൗള്‍ ചെയ്തു. ഇത് ഖബ്രയ്ക്ക് ചുവപ്പുകാര്‍ഡിനും കളത്തില്‍ നിന്ന് പുറത്തേക്കുമുള്ള വഴിയൊരുക്കി. വിരസമായ ആദ്യപകുതിയില്‍ ഇരുടീമിനും കാര്യമായ ചലനം ഉണ്ടാക്കാനായില്ല. മലയാളിയായ സന്തോഷ് കുമാര്‍ ആയിരുന്നു റഫറി.

ജയത്തോടെ ഗോവ എഫ്‌സി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. എട്ട് കളികളില്‍നിന്ന് നാല് ജയം ഉള്‍പ്പടെ 14 പോയിന്റാണ് ഗോവന്‍ സമ്പാദ്യം. ഏഴ് കളികളില്‍നിന്ന് നാല് തോല്‍വിയും രണ്ട് ജയവും ഉള്‍പ്പടെ 7 പോയിന്റ് നേടിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് പട്ടികയില്‍ അവസാന സ്ഥാനത്ത്. 8 കളികളില്‍ നിന്ന് 2 ജയം ഉള്‍പ്പടെ എട്ട് പോയിന്റ് നേടിയ കേരള ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റിന് തൊട്ടു മുകളിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here