റീപോളിംഗിലും വോട്ടിംഗ് യന്ത്രം തകരാറിൽ; അട്ടിമറിയല്ലെന്ന് പൊലീസ്; മലപ്പുറം, തൃശൂർ ജില്ലകളിലെ 114 ബൂത്തുകളിൽ വോട്ടിംഗ് തുടരുന്നു

തിരുവനന്തപുരം: വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായതിനെ തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ചിരുന്ന മലപ്പുറം, തൃശൂർ ജില്ലകളിലെ 114 ബൂത്തുകളിൽ റീപോളിംഗ് തുടരുന്നു. മലപ്പുറത്തെ 105 ബൂത്തുകളിലും തൃശൂരിലെ ഒൻപതു ബൂത്തുകളിലുമാണ് വോട്ടെടുപ്പു നടക്കുന്നത്. റീപോളിംഗ് മുഴുവൻ ക്യാമറയിൽ പകർത്തുമെന്നും ബൂത്തുകളിൽ കനത്ത സുരക്ഷ ഒരുക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. യന്ത്രതകരാർ സാങ്കേതികപ്രശ്‌നം മാത്രമാണെന്നും അട്ടിമറി സാധ്യതയില്ലെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, മലപ്പുറത്തും തൃശൂരിലും റീപോളിംഗ് കേന്ദ്രങ്ങളിൽ വീണ്ടും വോട്ടിംഗ് യന്ത്രം തകരാറിലായി. മലപ്പുറത്തെ കോട്ടേപ്പാടം, വെളിയങ്കോട് എന്നിവിടങ്ങളിലാണ് വോട്ടിംഗ് മെഷിൻ തകരാറിലായത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. തൃശൂരിലെ കൈപ്പമംഗലത്തും വോട്ടിംഗ് യന്ത്രം തകരാറിലായി.

മലപ്പുറത്തെ 105 ബൂത്തുകളിലെ വോട്ടിംഗ് മെഷീൻ തകരാർ ആയതിൽ അസ്വഭാവികതയുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇതിന്മേൽ സമഗ്ര അന്വേഷണം നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ കെ ശശിധരൻ നായർ അറിയിച്ചു.

രണ്ടാംഘട്ട വോട്ടെടുപ്പിന്റെ അന്തിമ കണക്ക് അനുസരിച്ച് 76.86 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോട്ടയം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് കൂടിയ പോളിംഗ് രേഖപ്പെടുത്തിയത്. തൃശൂരിലാണ് ഏറ്റവും കുറച്ച് പോളിംഗ് രേഖപ്പെടുത്തിയത്. കണക്ക് അനുസരിച്ച് എറണാകുളത്താണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here