അന്തരിച്ച സൗദി രാജാവിന്റെ രഹസ്യഭാര്യക്ക് 23 മില്യൺ ഡോളർ നൽകണമെന്ന് രാജകുമാരനോട് കോടതി; ഫഹദ് അസീസും ജനനും തമ്മിലുള്ള രഹസ്യവിവാഹം 19-ാം വയസിൽ

ലണ്ടൻ: അന്തരിച്ച സൗദി രാജാവ് ഫഹദ് ബിൻ അബ്ദുലസീസ് അൽ സൗദിന്റെ രഹസ്യഭാര്യക്ക്, രാജാവിന്റെ മകൻ 23 മില്യൺ ഡോളർ നൽകണമെന്ന് ലണ്ടൻ കോടതി. രഹസ്യഭാര്യ എന്ന് അവകാശപ്പെട്ട ജനൻ ഹാർബിന് സ്വത്ത് അവകാശത്തിന്റെ പേരിലാണ് തുക നൽകാൻ കോടതി ഉത്തരവിട്ടത്. തുകയ്ക്ക് പുറമെ ചെൽസിയിലെ രണ്ട് ആഢംബര അപ്പാർട്ട്‌മെന്റുകളും ജനന് നൽകണമെന്ന് ജഡ്ജ് പീറ്റർ സ്മിത്ത് വിധിച്ചു.

1968ലാണ് ഫഹദ് അസീസ് ജനൻ ഹാർബിനെ രഹസ്യമായി വിവാഹം ചെയ്തത്. അസമയത്ത് ഇരുവർക്കും 19 വയസായിരുന്നു. പാലസ്തീനിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിലെ അംഗമായിരുന്ന ജനൻ വിവാഹശേഷം ഇസ്ലാം മതം സ്വീകരിച്ചിരുന്നു. എന്നാൽ സൗദിയിൽ എത്തി രണ്ടു വർഷത്തിന് ശേഷം ജനന് രാജ്യം വിടേണ്ടി വന്നു. തുടർന്ന് 2003ൽ ഫഹദ് രാജാവ് രോഗബാധിതനായിരുന്നപ്പോളാണ് ജനൻ സ്വത്തിന്മേൽ അവകാശം ഉന്നയിച്ച് രംഗത്തെത്തിയത്.

2005ൽ ഫഹദ് രാജാവ് മരിച്ച ശേഷവും ജനൻ സ്വത്തിന് വേണ്ടി അവകാശവാദം ഉന്നയിച്ചിരുന്നു. തുടർന്ന് ഫഹദ് രാജാവിന് മറ്റൊരു ഭാര്യയിലുണ്ടായ മകനായ അബ്ദുൾ അസീസ് രാജകുമാരനുമായി നടത്തിയ ചർച്ചയിൽ സ്വത്ത് കാര്യം ധാരണയിലെത്തിയിരുന്നു. എന്നാൽ പിന്നീട് ഉടലെടുത്ത തർക്കം നീണ്ടു പോയതോടെയാണ് ജനൻ കോടതി സമീപിച്ചത്.

രാജാവ് ജനന് സ്വത്ത് വാഗ്ദാനം ചെയ്തുവെന്ന കാര്യം പരിഗണിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഒടുവിൽ നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്ന് 68കാരിയായ ജനൻ പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് കോടതി വിധി പുറപ്പെടുവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News