ശ്രീപെരുംപുതൂര്‍: മൂന്നാം ലിംഗക്കാരിയായതുകൊണ്ട് പൊലീസിലെ നിയമനം നിഷേധിക്കപ്പെട്ട പ്രിതിക യാഷ്‌നിക്ക് മദ്രാസ് ഹൈക്കോടതി ഇടപെടലിലൂടെ നിയമനം. മൂന്നാം ലിഗക്കാരിയായതു കൊണ്ട് നിയമനം നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ നടപടിയെ കടുത്ത രീതിയില്‍ വിമര്‍ശിച്ചുകാണ്ടാണ് ഇരുപത്തഞ്ചുവയസുകാരിയായ പ്രിതികയെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. മൂന്നാം ലിഗക്കാരുടെ നിയമനത്തിനായി നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നും തമിഴ്‌നാട് സ്‌റ്റേറ്റ് റിക്രൂട്ട്‌മെന്റ് ബോര്‍ഡിനോട് കോടതി നിര്‍ദേശിച്ചു.
പ്രദീപ് എന്ന പേരില്‍ പുരുഷനായി വളര്‍ന്നശേഷം താന്‍ ഭിന്നലിഗക്കാരിയാണെന്ന തിരിച്ചറിവിനെത്തുടര്‍ന്നു ശസ്ത്രക്രിയയിലൂടെ പ്രിതികയായി മാറുകയായിരുന്നു. കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദധാരിയാണ്. ഇതിനിടെയാണ് പൊലീസില്‍ എസ്‌ഐ നിയമനത്തിന് അപേക്ഷ സമര്‍പ്പിച്ചത്. എഴുത്തുപരീക്ഷയും ശാരീരിക ക്ഷമതാ പരീക്ഷയും എല്ലാം പാസായിട്ടും മൂന്നാം ലിംഗക്കാര്‍ക്കു നിയമനം നല്‍കാനാവില്ലെന്നു കാട്ടി അപേക്ഷ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിരസിക്കുകയായിരുന്നു.
തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മൂന്നാം ലിംഗക്കാരെ പിന്നാക്ക വിഭാഗങ്ങള്‍ക്കു നല്‍കുന്ന സംവരണം നല്‍കി വിദ്യാഭ്യാസത്തിനും തൊഴിലിനും അവസരം നല്‍കണമെന്നുള്ള സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു പ്രിതികയുടെ പോരാട്ടം. ഇതു ഹൈക്കോടതി അംഗീകരിക്കുകയും പ്രിതികയ്ക്കു നിയമനം നല്‍കാന്‍ ഉത്തരവിടുകയുമായിരുന്നു.
പുരുഷനായി വളരുകയും സ്ത്രീയായി ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തതോടെ ലിംഗമാറ്റത്തിനു വിധേയമായ പ്രിതിക രക്ഷിതാക്കളുടെ സംരക്ഷണയില്‍ അല്ലെന്നും തൊഴിലെടുത്തു ജീവിക്കാന്‍ അവകാശമുണ്ടെന്നും വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപേക്ഷാ ഫോമുകളില്‍ മൂന്നാം ലിംഗക്കാര്‍ക്ക് അതു രേഖപ്പെടുത്താന്‍ പ്രത്യേക കോളം വേണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here