പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ സൂത്രധാരന്‍ നാസര്‍ കീഴടങ്ങി

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ സൂത്രധാരന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാവുമായ ആലുവ സ്വദേശി എം കെ നാസര്‍ കീഴടങ്ങി. കൊച്ചിയിലെ എന്‍ഐഎ കോടതിയിലാണ് നാസര്‍ കീഴടങ്ങിയത്. പ്രൊഫ. ജോസഫിന്റെ കൈവെട്ടിയ ശേഷം വിദേശത്തുകടന്ന നാസര്‍ കേസിന്റെ വിചാരണവേളയിലൊന്നും നാട്ടിലെത്തിയിരുന്നില്ല.

പ്രൊഫ. ജോസഫിന്റെ കൈവെട്ടാനുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്തത് നാസറായിരുന്നു. എന്‍ഡിഎഫ് നേതാവായിരുന്ന നാസര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. കൊലയാളി സംഘത്തിലെ അഞ്ചു പേര്‍ പൊലീസിന്റെ പിടിയിലാവുകയും ഇവരെ ശിക്ഷിക്കുകയും ചെയ്തിരുന്നു. കൊലയാളി സംഘത്തിലെ രണ്ടു പേരെക്കൂടി പിടികൂടാനുണ്ട്.

കൊലയാളി സംഘത്തില്‍ നേരിട്ടു പങ്കെടുത്തയാളല്ല നാസര്‍. പ്രവാചകനിന്ദയാരോപിച്ചു പ്രൊഫ. ജോസഫിനോടു വൈരാഗ്യം തീര്‍ക്കാന്‍ മൂന്നു സംഘങ്ങളെ നാസര്‍ നിയോഗിക്കുകയായിരുന്നു. മൂന്നു സംഘങ്ങളും പരസ്പരം അറിയാതെയാണ് പ്രവര്‍ത്തിച്ചത്. തമിഴ്‌നാട്ടുകാരുടെ പേരിലെടുത്ത മൂന്നു മൊബൈല്‍ ഫോണുകളും ഇവര്‍ക്കു നല്‍കിയിരുന്നു.

ഒന്നാമത്തെ സംഘം പ്രൊഫ. ജോസഫ് എവിടെയുണ്ടെന്നു കണ്ടെത്തുകയായിരുന്നു. ഈ വിവരം നാസറിനെ വിളിച്ചറിയിക്കുന്നത് അനുസരിച്ച് കൈവെട്ടു നടത്തുകയായിരുന്നു പദ്ധതി. ഇതനുസരിച്ചാണ് പള്ളിയില്‍നിന്ന് ഇറങ്ങിവന്ന ജോസഫിന്റെ കൈവെട്ടിയത്. രണ്ടാമത്തെ സംഘത്തിന് ജോസഫിനെക്കുറിച്ചു വിവരം നാസര്‍ നല്‍കി. മൂന്നാമത്തെ സംഘമാണ് തെളിവു നശിപ്പിച്ചതും വാഹനം, ആയുധങ്ങള്‍ എന്നിവ ഒളിപ്പിക്കുകയും ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here