മൊഹാലി: സ്പിന്‍ തന്ത്രങ്ങളുമായി രവിചന്ദ്രന്‍ അശ്വിനും ബാറ്റിംഗില്‍ ചേതേശ്വര്‍ പുജാരയും മൈതാനം നിറഞ്ഞാടിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ. രണ്ടാംദിനം രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് അവസാനിപ്പിച്ചു. ഇതോടെ ഇന്ത്യക്ക് 142 റണ്‍സിന്റെ ലീഡായി. നേരത്തെ അശ്വിന്റെ സ്പിന്‍ ബോളിംഗില്‍ ദക്ഷിണാഫ്രിക്കയെ വരിഞ്ഞു കെട്ടിയ ഇന്ത്യ 17 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് കരസ്ഥമാക്കിയിരുന്നു. 63 റണ്‍സുമായി പുജാരയും 11 റണ്‍സുമായി നായകന്‍ വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍.
നേരത്തെ ഇന്ത്യയുടെ 201 റണ്‍സെന്ന ദുര്‍ബലമായ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ അശ്വിന്റെ മാരക സ്പിന്നാണ് വരിഞ്ഞു കെട്ടിയത്. കേവലം 184 റണ്‍സിന് പ്രോട്ടീസിന്റെ ഒന്നാം ഇന്നിംഗ്‌സ് പോരാട്ടം അവസാനിച്ചു. എബി ഡിവില്ലിയേഴ്‌സിന്റെ അര്‍ധസെഞ്ച്വറി പ്രകടനവും ഹാഷിം അംലയുടെയും ഡീന്‍ എല്‍ഗറുടെയും ചെറുത്തുനില്‍പും ഒഴിച്ചു നിര്‍ത്തിയാല്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് അമ്പേ പരാജയമായിരുന്നു. ഡിവില്ലിയേഴ്‌സ് 63ഉം അംല 43ഉം എല്‍ഗര്‍ 37ഉം റണ്‍സെടുത്ത് പുറത്തായി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മറ്റാരും രണ്ടക്കം കടന്നില്ല. 24 ഓവറില്‍ 5 മെയ്ഡന്‍ ഓവറുകള്‍ സഹിതം 51 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റ് പിഴുത അശ്വിനാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റ് വീഴ്ത്തി.
17 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ശിഖര്‍ ധവാന്റെ വിക്കറ്റ് നഷ്ടമായെങ്കിലും മുരളി വിജയ് പുജാരയെ കൂട്ടുപിടിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. 47 റണ്‍സെടുത്ത വിജയെ ഇമ്രാന്‍ താഹിര്‍ പുറത്താക്കുകയായിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post