ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് സ്‌റ്റേയില്ല; വിജിലന്‍സ് അധികാര പരിധി ലംഘിച്ചെന്ന് ഹൈക്കോടതി; വിന്‍സന്‍ എം പോള്‍ വിജിലന്‍സ് മാനുവല്‍ ലംഘിച്ചു

കൊച്ചി: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന വിജിലന്‍സിന്റെ നീക്കത്തിന് ഹൈക്കോടതിയില്‍ തിരിച്ചടി. തുടരന്വേഷണം നടത്തണമെന്ന വിചാരണ കോടതി ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തുടരന്വേഷണ ഉത്തരവില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിജിലന്‍സ് അധികാര പരിധി ലംഘിച്ചെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അഡ്വക്കേറ്റ് ജനറല്‍ വിജിലന്‍സിനു വേണ്ടി ഹാജരായത് എന്തിനാണെന്നും കോടതി ചോദിച്ചു. തുടരന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ്ആവശ്യപ്പെട്ടാണ് വിജിലന്‍സ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

അപ്പീലില്‍ വിജിലന്‍സിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നേരത്തെ കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. കേസ് അന്വേഷണ സമയത്ത് വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം പോള്‍ വിജിലന്‍സ് ചട്ടം ലംഘിച്ചെന്നു ഹൈക്കോടതി വിമര്‍ശിച്ചു. എന്തുകൊണ്ട് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയില്ല, പണം എന്തിനു മാണിയുടെ വീട്ടിലേക്കു കൊണ്ടുപോയി എന്നീ കാര്യങ്ങളും ജസ്റ്റിസ് ബി കെമാല്‍പാഷ ആരാഞ്ഞു. ചുരുക്കത്തില്‍ വോട്ടെടുപ്പു കഴിയാന്‍ കാത്തുനിന്നശേഷം ഒളിച്ചുകളിച്ചു സര്‍ക്കാര്‍ കെ എം മാണിയെ രക്ഷിക്കാന്‍ നടത്തിയ നീക്കം തിരിച്ചടിയാവുകയായിരുന്നു.

തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക ഹര്‍ജിയായാണ് ഹൈക്കോടതിയില്‍ വിജിലന്‍സ് അപ്പീല്‍ നല്‍കിയത്. വിചാരണക്കോടതി അധികാരപരിധി ലംഘിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി നേരിട്ടു കോടതിയില്‍ ഹാജരായത്. വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം പോളിനെതിരായ പരാമര്‍ശങ്ങള്‍ ഉത്തരവില്‍നിന്നു നീക്കണമെന്നാവശ്യപ്പെട്ടു പുനപരിശോധനാ ഹര്‍ജി നല്‍കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ഇതിനു പകരം കോടതി ഉത്തരവ് തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയില്‍ വിജിലന്‍സ് ഹര്‍ജി നല്‍കിയത്. പ്രത്യേക ഹര്‍ജിയിലൂടെ കോടതി വിധി അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിലൂടെ കെ എം മാണിയെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നാണ് വ്യക്തമാകുന്നത്. വിജിലന്‍സ് ഡയറക്ടറുടെ അധികാരത്തെ ചോദ്യം ചെയ്തതു ശരിയല്ല. എസ്പി സുകേശന്റെ വസ്തുതാ വിവര റിപ്പോര്‍ട്ട് കേസ് ഡയറിയുടെ ഭാഗമല്ല. ഇടക്കാല റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്കു നല്‍കിയതു ശരിയല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിനു നാളുകള്‍ക്കു മുമ്പു മാത്രം കെ എം മാണിക്കെതിരായി തുടരന്വേഷണം നടത്തണമെന്ന കോടതി ഉത്തരവ് സര്‍ക്കാരിനും യുഡിഎഫിനും വലിയ തലവേദനയായിരുന്നു. ആ സാഹചര്യത്തില്‍ ഉത്തരവിന്‍മേല്‍ എന്തെങ്കിലും നടപടിയെടുത്താല്‍ അതു തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന നിലയിലാണ് ഇത്രയും ദിവസം കോടതിയെ സമീപിക്കാതിരുന്നതെന്നാണ് ഇപ്പോള്‍ മനസിലാകുന്നത്. വോട്ടെടുപ്പു കഴിഞ്ഞ നിലയ്ക്കു കോടതിയില്‍നിന്ന് അനൂകൂലമോ പ്രതികൂലമോ ആയ പരാമര്‍ശങ്ങളുണ്ടായാലും തല്‍കാലം ദോഷം ചെയ്യില്ലെന്ന വിലയിരുത്തലും സര്‍ക്കാരിനുണ്ടെന്നറിയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News