രജിസ്ട്രാര്‍ സദാചാര പൊലീസായി; ക്യാമ്പസിൽ പൊലീസിനെ വിളിച്ചുവരുത്തി; പെൺകുട്ടികൾ സമയത്തിന് ഹോസ്റ്റലിൽ എത്തിയില്ലെങ്കിൽ ഉത്തരവാദിത്തമില്ലെന്ന് കേന്ദ്ര സർവകലാശാല

കാസർഗോഡ്: കാസർഗോഡ് കേന്ദ്രസർവ്വകലാശാല അധികൃതരുടെ സദാചാര നടപടികൾക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. കലോത്സവദിനത്തിൽ വാർഡൻ അനുവദിച്ച സമയത്ത് ഹോസ്റ്റലിൽ തിരിച്ചെത്തിയില്ലെന്ന് പറഞ്ഞ് പെൺകുട്ടികൾക്ക് മാത്രം കത്തയച്ച നടപടിക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.

രാത്രി 9.30ന് മുൻപ് ഹോസ്റ്റലിൽ തിരിച്ചെത്തണമെന്ന നിർദേശമുണ്ടായിരുന്നിട്ടും പെൺകുട്ടികൾ ഹോസ്റ്റലിൽ എത്തിയത് രാവിലെയാണെന്ന് ചൂണ്ടിക്കാണിച്ചാണ് സർവ്വകലാശാല പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് കത്ത് നൽകിയിരിക്കുന്നത്. എന്നാൽ യാഥാർഥ വിവരങ്ങളെ മറച്ചുവച്ചാണ് കത്ത് അയച്ചതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. കത്തിനെതിരെ സ്റ്റുഡൻസ് കൗൺസിൽ പ്രമേയം പാസാക്കിയിട്ടുണ്ട്.

Central-University-of-Kerala-letter

‘കലോത്സവത്തിന്റെ അവസാന ദിവസം രാത്രി 9 മണിയോടെ പരിപാടി അവസാനിപ്പിക്കാൻ കർച്ചറൽ കോഡിനേറ്റർ ആവശ്യപ്പെട്ടു. എന്നാൽ മത്സര ബാഹുല്യങ്ങളും മറ്റും കാരണം അത് സാധ്യമല്ലാത്തതിനാൽ വിദ്യാർഥികൾ ആവശ്യം നിരാകരിച്ചു. അതിനെ തുടർന്ന് വൈസ് ചാൻസലർ പോലീസിനെ വിളിച്ചുവരുത്തി. പോലീസുമായി സംസാരിച്ചതിനെ തുടർന്ന് 10.30ന് അവസാനിപ്പിക്കാൻ ധാരണയായി.’ പ്രമേയത്തിൽ പറയുന്നു.

പരിപാടി തുടരുന്നതിന് കൂടുതൽ സമയം വേണമെന്ന വിദ്യാർത്ഥികളുടെ ആവശ്യത്തെ ഒരു ചർച്ചയിലൂടെ പരിഹരിക്കുന്നതിന് പകരം ഉടൻ തന്നെ പൊലീസിനെ ക്യാമ്പസിനുള്ളിൽ വിളിച്ചുവരുത്തി. യാതൊരുവിധ ക്രമസമാധാന പ്രശ്‌നവും ഇല്ലാതിരുന്ന സാഹചര്യത്തിൽ പൊലീസിനെ ക്യാമ്പസിനുള്ളിൽ പ്രവേശിപ്പിച്ചത് വിദ്യാർത്ഥികളുടെ അവകാശങ്ങളെ ലംഘിക്കുകയും അഭിമാനത്തെ ഹനിക്കുകയും ചെയ്യുന്ന നടപടിയാണ്. -‘
പ്രമേയത്തിൽ പറയുന്നു.

Central-University-of-Kerala-letter-2

പൊലീസ് ക്യാമ്പസിനുള്ളിൽ കയറിയതിനെതിരെ മുന്നൂറോളം വിദ്യാർത്ഥികൾ കുത്തിയിരിപ്പു സമരം നടത്തിയിരുന്നു. ആൺകുട്ടികളും പെൺകുട്ടികളുമടങ്ങിയ സംഘം രാത്രിമുഴുവൻ സമരം നടത്തി രാവിലെയാണ് പിരിഞ്ഞത്. ഈ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് മാത്രമാണ് കത്ത് അയച്ചിരിക്കുന്നതെന്നാണ് ആരോപണം. യഥാർത്ഥ സംഭവങ്ങൾ മറച്ചുവച്ച് പൊലീസിന്റെ സാന്നിധ്യത്തിൽ വാർഡനും മറ്റും നിർബന്ധിച്ചിട്ടും വിദ്യാർത്ഥികൾ ഹോസ്റ്റലിൽ കയറിയില്ലെന്ന് മാത്രമാണ് കത്തിൽ പറയുന്നത്. കത്ത് കൈപ്പറ്റി 10 ദിവസത്തിനുള്ളിൽ യൂണിവേഴ്‌സിറ്റി അച്ചടക്ക സമിതി അധ്യക്ഷനായ രജിസ്ട്രാറെ കാണമെന്നും പറയുന്നുണ്ട്.

വിദ്യാർത്ഥികളോട് വിശദീകരണം ചോദിക്കാതെയാണ് രക്ഷിതാക്കൾക്ക് കത്തയച്ച നടപടിയെയും പ്രമേയം വിമർശിക്കുന്നു. രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന നോട്ടീസ് പിൻവലിച്ചു ഖേദം പ്രകടിപ്പിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News