ഫോണ്‍ മോഷ്ടിച്ചവനെ ഓടിച്ചിട്ട് പിടിച്ച് സെറീന വില്യംസ്; സൂപ്പര്‍ ഹീറോ ആകണമെന്ന് സ്ത്രീകള്‍ക്ക് സെറീനയുടെ ഉപദേശം

സാന്‍ ഫ്രാന്‍സിസ്‌കോ: ടെന്നീസില്‍ മാത്രമല്ല ജീവിതത്തിലും താന്‍ ഒരു സൂപ്പര്‍ ഹീറോയിന്‍ ആണെന്ന് സെറീന വില്യംസ്. റസ്‌റ്റോറന്റില്‍ വച്ച് തന്റെ ഫോണ്‍ അപഹരിച്ചയാളെ ഓടിച്ചിട്ട് പിടിച്ച് ഫോണ്‍ തിരിച്ചു പിടിച്ചാണ് സെറീന ഹീറോയിസം കാട്ടിയത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഒരു ചെനീസ് റസ്‌റ്റോറന്റില്‍ സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് സെറീനയുടെ ഫോണ്‍ മോഷ്ടിക്കപ്പെട്ടത്. ഉടന്‍ തന്നെ മോഷ്ടാവിനെ പിന്തുടര്‍ന്ന സെറീന ഫോണ്‍ തിരിച്ചു വാങ്ങിക്കുകയും ചെയ്തു.

സെറീനയുടെ സീറ്റിന് തൊട്ടപ്പുറത്തിരുന്നയാളാണ് ഫോണ്‍ മോഷ്ടിച്ചത്. തുടക്കം മുതല്‍ തന്നെ സെറീന ഇയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തൊട്ടടുത്തിരുന്ന കസേരയിലാണ് സെറീന ഫോണ്‍ വച്ചിരുന്നത്. ഭക്ഷണം കഴിച്ചു കഴിഞ്ഞ് എഴുന്നേറ്റ മോഷ്ടാവ് നൊടിയിടയില്‍ ഫോണ്‍ എടുത്ത് സ്ഥലം വിടുകയായിരുന്നു. ഇതുകണ്ട സെറീന അയാള്‍ എന്റെ ഫോണ്‍ മോഷ്ടിച്ചു എന്ന് വിളിച്ചു പറയുകയും പുറകെ ഓടുകയുമായിരുന്നു. പിടിക്കപ്പെട്ടതോടെ ഫോണ്‍ മാറി എടുത്തതാണെന്ന് പറഞ്ഞ് മോഷ്ടാവ് ഫോണ്‍ തിരികെ നല്‍കി.

പുറകെ സ്ത്രീകള്‍ക്കായി സെറീനയുടെ വക ഒരു ഉപദേശവും. വേണ്ട സാഹചര്യങ്ങളില്‍ സൂപ്പര്‍ ഹീറോ ആകണം. തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നതിനായി പോരാടണമെന്നും സെറീനയുടെ ഉപദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here