‘സ്ത്രീക്ക് സ്വന്തമായി ഒന്നുമില്ല. കാറും വീടും എല്ലാം പുരുഷന് അവളുടെ ഏക സ്വത്തും ശക്തിയും സ്വര്‍ണം മാത്രമാണ്…’
സ്ത്രീവിരുദ്ധത നിറഞ്ഞ ഈ വാക്കുകള്‍ ഒരു സ്വര്‍ണവ്യാപാരിയുടേതല്ല, ഒരു സ്വര്‍ണ്ണക്കടയുടെ പരസ്യത്തിലേതല്ല, ഇതു നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര ദാമോദര്‍ ദാസ് മോദി പറഞ്ഞതാണ്. ഇനി പറഞ്ഞുവരുന്ന കാര്യങ്ങള്‍ കേട്ട് പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതാണ് എന്ന തരത്തിലുള്ള കൂട്ട അക്രമം ഒന്നും വേണ്ട. കാരണം ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്ന ഇന്ത്യ പോലെയുളള ഒരു മഹാരാജ്യത്ത് ഒരു വ്യക്തി എന്ന നിലയിലും അതിലുപരി ഒരു സ്ത്രീ എന്ന നിലയിലും തെറ്റും വിവരക്കേടും ആരു പറഞ്ഞാലും അതു പ്രധാനമന്ത്രിയല്ല, രാഷ്ട്രപതി ആണെങ്കില്‍ പോലും തിരുത്തേണ്ടതും വിളിച്ചു പറയേണ്ടതും എന്റെ അല്ല നമ്മുടെ അവകാശമാണ് അധികാരമാണ്.
രാജാവ് നഗ്‌നനാണ് എന്നു വിളിച്ചു പറഞ്ഞ കുട്ടിക്കുള്ള അതേ സത്യസന്ധതയും ധൈര്യവും നാമോരോരുത്തര്‍ക്കും ആവശ്യമാണ്. സ്ത്രീധനമായി സ്വര്‍ണം കൊടുക്കാനില്ലാതെ ഒരുപാട് പെണ്‍കുട്ടികള്‍ മംഗല്യവതികളാകാതെയും ഒരുപാട് അച്ഛന്‍മാര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയും ചെയ്യുന്ന സ്ത്രീധനം എന്ന ഹീനമായ ഏര്‍പ്പാടിനു നിയപരമായി നിരോധനമുള്ള ഒരു രാജ്യത്തു തികച്ചും ഹീനമായ ഒരു പ്രസ്ഥാവനയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലിരുന്ന്് അദ്ദേഹം നടത്തിയിരിക്കുന്നത്. അതായത് സ്ത്രീകളെ വേറെ മേഖലകളില്‍ ഒന്നും ആവശ്യമില്ലെന്നും സ്ത്രീയുടെ ഏകശക്തി സ്വര്‍ണമാണെന്നും ഉള്ള പ്രസ്ഥാവനയിലൂടെ സ്ത്രീത്വത്തെയും കഴിവുകളെയും അപമാനിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ഒരു സ്വര്‍ണവ്യാപാരി പോലും ഇങ്ങനെയൊരു സ്ത്രീവിരുദ്ധത നിറഞ്ഞ പ്രസ്താവന നടത്തിയതായി നാം കേട്ടിട്ടില്ല. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചു സ്വന്തം കാലില്‍ നില്‍ക്കുന്ന ധാരാളം സ്ത്രീകളുള്ള ഒരു രാജ്യമാണ് ഇന്ത്യ. സ്വാതന്ത്ര്യ സമര നേതൃത്വം മുതല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി പദം വഹിച്ചിട്ടുള്ള ധീരവനിതകളുണ്ട്. ആ രാജ്യത്തെ പ്രധാനമന്ത്രി ഇങ്ങനെ സ്ത്രീവിരുദ്ധമായി സംസാരിക്കുന്നത് എന്തിന്റെ പേരിലായാലും അപമാനകരമാണ്, ദുരവസ്ഥയാണ്.
സ്വര്‍ണം ഒരു വലിയ സ്വത്താണെന്നും അതു ശേഖരിക്കുന്നതില്‍ ഇന്ത്യയിലെ ജനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കനമെന്നുമുളള മോദിജിയുടെ വാക്കുകള്‍ കേട്ട് കുളിരണിയുന്നതിനു മുന്‍പ് ഒന്നു ചിന്തിക്കുക ഇതുകൊണ്ട് എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. സ്വയം തൊഴില്‍ ചെയ്യണം, ബിസിനസ് ചെയ്യണം, അതിനുള്ള സഹായം സര്‍ക്കാര്‍ ചെയാം എന്നൊക്കെയുള്ള ജനങ്ങളുടെയും രാജ്യത്തിന്റെയും ഉന്നമനപരമായ പ്രസ്താവനകളും ആഹ്വാനങ്ങളും നടത്തേണ്ട ഒരു സ്ഥാനത്തിരുന്നു കൊണ്ട് സ്വര്‍ണവ്യാപാരികളുടെ ഇടനിലക്കാരനെപ്പോലെ സംസാരിക്കുന്നതിന്റെ പിന്നിലെ ഹിഡന്‍ അജണ്ട എന്താണെന്ന് ഓരോ വ്യക്തിയും മനസിലാക്കുക തന്നെ വേണം. ഇവിടെ രാഷ്ട്രീയമോ ജാതിയോ മതമോ അല്ല വിഷയം.
ആദ്യമായാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ഒരു സ്ത്രീവിരുദ്ധ പരാമര്‍ശമുണ്ടാകുന്നത്. സര്‍ക്കാരിനെ നയിക്കുന്ന ബിജെപി നേതാക്കളില്‍നിന്നും നാഗ്പൂരില്‍ ഇരുന്നു ചരടുവലിക്കുന്ന ആര്‍എസ്എസ് നേതാക്കളില്‍നിന്നും ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട് ഇത്തരം വാമൊഴികള്‍. ചുരുക്കത്തില്‍ മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ രാജ്യത്തെ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുന്ന നരേന്ദ്രമോദിയും കൂട്ടരും ഒന്നടങ്കം സ്ത്രീവിരുദ്ധരാണെന്ന തോന്നലിന് ഇപ്പോള്‍ ആഴം കൂടുകയാണ്. സ്ത്രീകള്‍ രാത്രി പുറത്തിറങ്ങരുതെന്നായിരുന്നു സര്‍ക്കാരിലിരുന്നു സംസ്‌കാരത്തിന്റെ കാവല്‍ക്കാരനായ കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മയുടെ പരാമര്‍ശം.
സ്ത്രീകള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെടുമ്പോള്‍, വാക്കിലും നോക്കിലും അക്രമിക്കപ്പെടുമ്പോള്‍ സ്ത്രീയുടെ വസ്ത്രധാരണമാണ് തെറ്റെന്നും അവള്‍ രാത്രിയില്‍ പുറത്തു പോയതാണു കുഴപ്പങ്ങള്‍ക്കു കാരണമെന്നും അവള്‍ രക്ഷപ്പെടാന്‍ ശ്രമിക്കാത്തതാണ് പീഡിപ്പിക്കപ്പെടാന്‍ ഇടയാക്കിയതെന്നുമുള്ള സര്‍ക്കാരിന്റെയും കോടതിയുടെയും പ്രസ്താവനയും ഇവയൊടെല്ലാമുള്ള പ്രധാനമന്ത്രി മോദിജിയുടെ മൗനവും മൃദുസമീപനവും ഈ സര്‍ക്കാരിന്റെയും നിയമവ്യവസ്ഥയുടെയും സ്ത്രീവിരുദ്ധതയും സുരക്ഷിതത്വയില്ലായ്മയുമാണു വ്യക്തമാക്കുന്നത്.
ഇന്ത്യയുടെ മകളെന്നു നമ്മള്‍ വിളിക്കുന്ന ദില്ലി ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയോട് ഏറ്റവും ക്രൂരമായ കാമഭ്രാന്തു കാട്ടിയ കൗമാരക്കാരനെ മോചിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമവും ഇതിനോടൊക്കെ കൂട്ടിവായിക്കണം. ആശങ്കാജനകമാണ് ഇതെല്ലാം. ദളിതരും അവര്‍ണരുമായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും നൂലിഴബന്ധമില്ലാതെ പൊതുമധ്യത്തിലൂടെ നടത്തിക്കുകയും ചെയ്യുന്ന ഖാപ് പഞ്ചായത്തുകളെ ഉന്‍മൂലനം ചെയ്യാതെ വളവും വെള്ളവും വാക്കുകളിലൂടെയും നിയമത്തിലൂടെയും വളര്‍ത്തിയതില്‍ എന്‍ഡിഎ സര്‍ക്കാരിനേക്കാള്‍ ഒട്ടും പിന്നിലല്ല, മുന്‍ യുപിഎ സര്‍ക്കാരും. ചുരുക്കത്തില്‍ വലതുപക്ഷാഭിമുഖ്യമുള്ള ഭരണകൂടങ്ങള്‍ ഭരിക്കുന്ന കാലത്തോളം ഇന്ത്യയില്‍ള ഒരു സ്ത്രീക്കും ആത്മാഭിമാനത്തോടെ ജീവിക്കാനാവില്ല. അതിനു പരിഹാരം കാണാന്‍, ഇത്തരം പ്രതിലോമകരമായ നിലപാടുകള്‍ക്കെതിരേ പൊരുതാന്‍ സ്ത്രീശക്തി ഉണര്‍ന്നേ പറ്റൂ.
പിഞ്ചു പെണ്‍കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ചൂഷണം ചെയ്തതിനു ശിക്ഷയനുഭവിക്കുന്ന ആശാറാം ബാപ്പുവിനെപ്പറ്റി കുട്ടികളുടെ പാഠപുസ്തകത്തില്‍ ചരിത്രപുരുഷനെന്ന രീതിയില്‍ ഉള്‍പ്പെടുത്തിയതും ബിജെപി ആത്മീയ നേതാവായി കാണുന്ന ബാബാ രാംദേവ് ആണ്‍കുട്ടികള്‍ ജനിക്കാനിറക്കിയ സിദ്ധൗഷധവും സ്ത്രീ ശാപമാണെന്നു വെളിവാക്കുന്ന സ്ത്രീവിരുദ്ധ നയം തന്നെയാണ്. ഹിന്ദു സ്ത്രീകള്‍ പ്രസവിച്ചു കൂട്ടണമെന്നുള്ള ബിജെപി എംപി സാധ്വിപ്രാചിയുടെ പ്രസ്താവനയും ഒന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങളുള്ള മുസ്ലിം ദമ്പതികളെ ശിക്ഷിക്കണമെന്നുള്ള സാക്ഷി മഹാരാജ് എംപിയുടെ പ്രസ്താവനയും കടുത്ത സ്ത്രീവിരുദ്ധതയുടെ ഇരുവശങ്ങളാണ്. സ്ത്രീയെന്നാല്‍ അടുക്കളയിലും കിടപ്പറയിലും ഒതുങ്ങേണ്ടവളാണെന്നും പ്രസവിക്കാന്‍ മാത്രമുളളവളാണെന്നുമുള്ള അബ്ദുസമദ് സമദാനിയും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും അടങ്ങുന്ന ചില സമുദായ രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനയും ഈ സത്രീവിരുദ്ധതയുടെ മറ്റൊരു വശമാണ്. തിരിച്ചറിയേണ്ടത് ഒാരോ സ്ത്രീയുമാണ്. അരങ്ങത്തുവാഴുന്ന സ്ത്രീ ആണധികാരത്തിന്റെ പരിഹാസങ്ങള്‍ക്കും ഇടിച്ചുതാഴ്ത്തലുകള്‍ക്കും വിധേയയാവുന്നുവെന്ന ഈ തിരിച്ചറിവ് ഒരു പോരാട്ടത്തിനുള്ള ആഹ്വാനമായിരിക്കണം. നരേന്ദ്രമോദിയല്ല, ആരുവന്നാലും തകര്‍ക്കാനാവുന്നതല്ല, ഒരിന്ത്യന്‍ സ്ത്രീയുടെയും നിശ്ചയധാര്‍ഢ്യവും മനസുമെന്നും ലോകത്തോട് ഇനിയുമുറക്കെ വിളിച്ചുപറയേണ്ടിയിരിക്കുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post