രാജ്യത്ത് ഗര്‍ഭനിരോധന ഉറ ക്ഷാമം രൂക്ഷം; എയ്ഡ്‌സ് പ്രതിരോധം പ്രതിസന്ധിയില്‍; വിനയായത് ഫണ്ട് വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി

ദില്ലി: രാജ്യത്ത് ഗര്‍ഭനിരോധന ഉറകള്‍ക്ക് രൂക്ഷമായ ക്ഷാമം. ഇതോടെ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനം ഉള്‍പ്പടെ പാളുകയാണ്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് അഞ്ചില്‍ ഒന്നായി വെട്ടിക്കുറച്ചു. ആവശ്യത്തിന് പണം സംസ്ഥാനങ്ങള്‍ നല്‍കട്ടെ എന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ച നിലപാട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പണം ഇല്ലാത്തതും ഉദ്യോഗസ്ഥ നിലപാടുകളും മൂലം പണം ലഭിച്ചു തുടങ്ങിയതുമില്ല. ഇതോടെ ഫെബ്രുവരി മുതല്‍ ദേശീയ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു തുടങ്ങി. സുരക്ഷിത ലൈംഗിക ബന്ധത്തിനുള്ള സുപ്രധാന മാര്‍ഗമായ ഗര്‍ഭനിരോധന ഉറ ക്ഷാമം രൂക്ഷമായതോടെ ദില്ലി, മുംബൈ, കൊല്‍ക്കത്ത ഉള്‍പ്പടെയുള്ള വന്‍ നഗരങ്ങളിലെ ഉള്‍പ്പടെ പ്രതിരോധ പ്രവര്‍ത്തനത്തെയും ബാധിച്ചു തുടങ്ങി.

സര്‍ക്കാര്‍ സംവിധാനത്തിന്റ ഭാഗമായി എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കമ്യൂണിറ്റി മെഡിസിന്‍ പ്രകാരം സൗജന്യമായി നല്‍കുന്ന ഗര്‍ഭ നിരോധന ഉറകള്‍ രാജ്യതലസ്ഥാനത്ത് ഉള്‍പ്പടെ സുലഭമല്ല. ഇതിന്റെ വിതരണം തന്നെ പ്രതിസന്ധിയിലായതാണ് കാരണം. 1995 മുതല്‍ ശക്തമാക്കിയ എയ്ഡ്‌സ് പ്രതിരോധപ്രവര്‍ത്തനം കഴിഞ്ഞ 20 വര്‍ഷമായി തുടരുകയാണ്. ലൈംഗിക തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരിലാണ് ഇത്തരം പ്രവര്‍ത്തനം തുടരുന്നത്. ഇത് വഴി 30ലക്ഷം പേര്‍ക്ക് എയ്ഡ്‌സ് രോഗം ബാധിക്കുന്നതില്‍നിന്ന് തടയാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞുവെന്നും ലോകബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ വിവിധ സംസ്ഥാന അടിസ്ഥാനത്തില്‍ 31 യൂണിറ്റുകളിലാണ് എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനം. മുംബൈ, ദില്ലി കൊല്‍ക്കത്ത ഉള്‍പ്പടെയുള്ള വന്‍നഗരങ്ങളില്‍ പോലും സര്‍ക്കാര്‍ നല്‍കുന്ന ഗര്‍ഭ നിരോധന ഉറ ലഭ്യമല്ല. ഒരു മാസത്തില്‍അധികമായി ഉറയുടെ ദൗര്‍ലഭ്യം ഏറ്റവും അധികം ബാധിക്കുന്നത് ലൈംഗിക തൊഴിലാളികളെയാണ്. മറ്റു കമ്പനികളുടെ ഉറ മരുന്നുഷോപ്പുകളില്‍ ലഭ്യമാണ്. എന്നാല്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് ഉറ വാങ്ങാന്‍ ലൈംഗികതൊഴിലാളികള്‍ തയ്യാറല്ല. ഇവരെ തേടിയെത്തുന്നവര്‍ ഉറ കരുതാറുമില്ല. പകരം സംവിധാനമൊരുക്കുന്നത് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സന്നദ്ധ പ്രവര്‍ത്തകരാണ്. ഇതുവഴിയാണ് എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനം പ്രധാനമായും നടത്തുന്നതും.

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, രക്തദാനം, മുലപ്പാല്‍ എന്നിവ വഴിയാണ് പ്രധാനമായും എയ്ഡ്‌സ് പകരുന്നത്. ഇതില്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധമാണ് രാജ്യത്ത് എയ്ഡ്‌സ് പടര്‍ത്തുന്നതില്‍ മുഖ്യകാരണം. 2013ലെ മാത്രം കണക്ക് അനുസരിച്ച് രാജ്യത്ത് 1,30,000 പേരാണ് എയ്ഡ്‌സ് രോഗം ബാധിച്ച് മരിച്ചത്. ലോകത്ത് ഇത് 15 ലക്ഷത്തിലധികം പേര്‍ വരും. ഏക സുരക്ഷിതമാര്‍ഗ്ഗം നഷ്ടമായാല്‍ വരാനിരിക്കുന്നത് മഹാദുരന്തമാകുമെന്ന് എയ്ഡ്‌സ് വിരുദ്ധ കാമ്പയിന്‍ പ്രവര്‍ത്തക മോന മിശ്ര പറയുന്നു.

മുംബൈയില്‍ മാത്രം മുന്‍പ് ലഭ്യമായിരുന്നതിന്റെ എട്ടില്‍ ഒന്ന് ഗര്‍ഭനിരോധന ഉറകള്‍ മാത്രമേ ലഭിക്കുന്നുള്ളൂ. മൂന്നര ലക്ഷത്തോളം ഗര്‍ഭ നിരോധന ഉറമാത്രമാണ് മുംബൈ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയില്‍ സ്‌റ്റോക്ക് ഉള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2007-2011 വര്‍ഷത്തില്‍ പുതിയതായി എയ്ഡ്‌സ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായി. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ആവശ്യത്തിന് ഗര്‍ഭ നിരോധന ഉറ ലഭ്യമായില്ലെങ്കില്‍ ദില്ലിയിലെ പ്രതിരോധ പ്രവര്‍ത്തനം തകിടം മറിയുമെന്ന് ദേശീയ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇതിന് സമാനമാണ് മറ്റിടങ്ങളിലെ അവസ്ഥയും. ആവശ്യത്തിന് ഗര്‍ഭനിരോധന ഉറ ലഭ്യമായില്ലെങ്കില്‍ തേടിയെത്തുന്നവരുടെ എണ്ണം കുറയുമെന്ന് ലൈംഗിക തൊഴിലാളികളും പറയുന്നു. ഇത് ഇവരുടെ വരുമാനത്തെ ഉള്‍പ്പടെ ബാധിക്കും എന്ന് ആശങ്കയും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News