സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ തരംഗമായി ഷവോമി; മൂന്നാംപാദത്തില്‍ ഇന്ത്യയില്‍ വിറ്റഴിച്ചത് പത്തുലക്ഷം ഫോണുകള്‍

ദില്ലി: ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണി പിടിച്ചടക്കി ഷവോമി. സെപ്തംബര്‍ 30ന് അവസാനിച്ച മൂന്നാംപാദത്തില്‍ റെക്കോര്‍ഡ് വില്‍പനയാണ് ഷവോമി ഇന്ത്യയില്‍ നടത്തിയത്. പത്തുലക്ഷത്തില്‍ അധികം ഫോണുകള്‍ മൂന്നാം പാദത്തില്‍ ഷവോമി ഇന്ത്യയില്‍ വിറ്റഴിച്ചു. രണ്ടാം പാദത്തേക്കാള്‍ 45 ശതമാനം വര്‍ധനവാണ് വില്‍പനയില്‍ ഉണ്ടായത്. ഷവോമിയുടെ മികച്ച മൂന്നാംപാദ വില്‍പനയാണിത്. ഷവോമി ഇന്ത്യ മേധാവി മനു ജെയ്ന്‍ ആണ് കണക്കുകള്‍ പുറത്തുവിട്ടത്. ഷവോമിയുടെ വില്‍പന ഇടിഞ്ഞെന്ന കൗണ്ടര്‍ പോയിന്റ് റിസേര്‍ച്ച് എന്ന ഗവേഷക സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞാണ് ഷവോമി കണക്കുകള്‍ പുറത്തുവിട്ടത്.

അടുത്തിടെ പുറത്തിറങ്ങിയ ഷവോമിയുടെ റെഡ്മി ടു പ്രൈം ഫോണുകള്‍ക്കാണ് ഏറ്റവുമധികം ആവശ്യക്കാരുണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആന്ധ്രാപ്രദേശിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റിലാണ് റെഡ്മി ടു പ്രൈം നിര്‍മ്മിച്ചിട്ടുള്ളത്. എന്നാല്‍, എത്ര റെഡ്മി ടു പ്രൈം ഫോണുകള്‍ വിറ്റു എന്ന കണക്ക് പുറത്തുവിടാന്‍ ഷവോമി തയ്യാറായില്ല. എംഐ ഡോട്ട് കോം എന്ന ഷവോമി വെബ്‌സൈറ്റിലൂടെയാണ് ഏറ്റവുമധികം ഫോണുകള്‍ വിറ്റു പോയത്. ഇക്കഴിഞ്ഞ ജൂണിലാണ് ഷവോമി സ്വന്തം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചത്. ഇതിനു ശേഷം ഷവോമി വില്‍പനയില്‍ ഗണ്യമായ വര്‍ധനവുണ്ടായി. ഒക്ടോബറില്‍ മാത്രം പത്തുലക്ഷത്തില്‍ അധികം ആളുകള്‍ പോര്‍ട്ടല്‍ സന്ദര്‍ശിച്ചിരുന്നു.

സെപ്തംബറില്‍ ഷവോമി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ജൂലയില്‍ ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കിയതിനു ശേഷം അന്നുവരെ 30 ലക്ഷത്തില്‍ അധികം ഫോണുകള്‍ വിറ്റഴിച്ചിരുന്നു. കൗണ്ടര്‍ പോയിന്റ് റിസേര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ ഷവോമിയുടെ വില്‍പന മൂന്നാം പാദത്തില്‍ കുറഞ്ഞതായി പറഞ്ഞിരുന്നു. ലെനോവോയുടെയും മൈക്രോമാക്‌സിന്റെ യൂ ഫോണുകളുടെയും കടന്നുവരവ് ഷവോമിക്ക് ക്ഷീണമുണ്ടാക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടുകളെ തള്ളിക്കളയുകയാണ് ഷവോമി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here