ആര്‍ അശ്വിന് നൂറ്റാണ്ടിന്റെ റെക്കോര്‍ഡ്; 105 വര്‍ഷത്തിനിടെ അതിവേഗത്തില്‍ 50 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഓപ്പണിംഗ് ബൗളര്‍

മൊഹാലി: മൊഹാലിയില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ അഞ്ച് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ എറിഞ്ഞു വീഴ്ത്തി ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ നടന്നു കയറിയത് അപൂര്‍വ റെക്കോര്‍ഡിലേക്ക്. ലോകക്രിക്കറ്റിന്റെ 105 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഓപ്പണിംഗ് ബൗള്‍ ചെയ്ത് അതിവേഗത്തില്‍ 50 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ബൗളര്‍ എന്ന അപൂര്‍വ നേട്ടമാണ് അശ്വിനെ തേടി എത്തിയത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ അതിവേഗത്തില്‍ 150 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ബൗളര്‍ എന്ന നേട്ടവും അശ്വിന്‍ സ്വന്തമാക്കി. കഴിഞ്ഞ 105 വര്‍ഷത്തിനിടെ ഒരു ബൗളര്‍ ഓപ്പണിംഗ് ബൗള്‍ ചെയ്ത് ഈ നേട്ടം സ്വന്തമാക്കുന്നത് ആദ്യമായാണ്.

മൊഹാലിയില്‍ ഇന്ത്യന്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്യാനിറങ്ങുമ്പോള്‍ ഓപ്പണിംഗ് കരിയറില്‍ അശ്വിന്റെ നേട്ടം 45 വിക്കറ്റായിരുന്നു. 51 റണ്‍സ് വഴങ്ങി ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റുകള്‍ പിഴുതതോടെയാണ് അശ്വിനെ തേടി അപൂര്‍വ നേട്ടം എത്തിയത്. ക്രിക്കറ്റ് വിദഗ്ധരുടെ കണക്കുകള്‍ പ്രകാരം ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചത് ഇംഗ്ലണ്ടിന്റെ ഇടംകയ്യന്‍ സ്ലോ ബൗളര്‍ കോളിന്‍ ബ്ലിത്ത് ആണ്. 1902 മുതല്‍ 1910 വരെയുള്ള കാലഘട്ടത്തിലായിരുന്നു ഇത്. ഇക്കാലയളവില്‍ 13 ടെസ്റ്റുകളില്‍ നിന്നായി 1319 റണ്‍സ് വഴങ്ങി 74 വിക്കറ്റുകളാണ് ബ്ലിത്ത് പിഴുതത്. അശ്വിന്‍ 12 ടെസ്റ്റുകളില്‍ നിന്നായി 1888 റണ്‍സ് വഴങ്ങിയാണ് 50 വിക്കറ്റ് നേട്ടം കൈവരിച്ചത്.

ഓസ്‌ട്രേലിയയുടെ ഹഫ് ട്രംബ്ള്‍, ജി.ഇ പാമര്‍, ഇംഗ്ലണ്ടിന്റെ ആര്‍.പീല്‍, വില്‍ഫ്രഡ് റോഡ്‌സ് എന്നിവരും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here