തദ്ദേശവിധി കാത്ത് കേരളം; ആദ്യഫല സൂചനകൾ എൽഡിഎഫിന് അനുകൂലം; തല്‍സമയ വിവരം വായനക്കാരിലെത്തിക്കാനൊരുങ്ങി കൈരളി ന്യൂസ് ഓണ്‍ലൈനും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. നിമിഷങ്ങള്‍ക്കകം ആദ്യ ഫലസൂചനകള്‍ വ്യക്തമാകും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. ഒന്നാം വാര്‍ഡ് മുതലുള്ള ക്രമത്തിലാണ് വോട്ടെണ്ണല്‍. ബാലറ്റ് കണ്‍ട്രോള്‍ യൂണിറ്റുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ എട്ടുമണിയോടെയാണ് തുറക്കുക.

സംസ്ഥാനത്ത് ആകെ 244 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി തയ്യാറാക്കിയത്. വോട്ടെണ്ണല്‍ പുരോഗതി 244 കേന്ദ്രങ്ങളില്‍ നിന്നും തത്സമയം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. വിവരങ്ങള്‍ ക്രോഡീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അപ്പപ്പോള്‍ അറിയിക്കും. 6 കോര്‍പ്പറേഷനുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയ്ക്ക് പ്രത്യേകം സജ്ജീകരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഗ്രാമ പഞ്ചായത്തുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ വിവരം ആദ്യം ലഭ്യമാകും. എറണാകുളത്താണ് ഏറ്റവും അധികം വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. 28 എണ്ണം. മലപ്പുറത്ത് 27ഉം തൃശൂരില്‍ 24ഉം വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ട്. വയനാട്ടിലാണ് ഏറ്റവും കുറവ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. 7 എണ്ണം.

പരമാവധി എട്ട് പോളിങ് സ്റ്റേഷനുകള്‍ക്ക് ഒരു കൗണ്ടിങ് ടേബിള്‍ എന്ന രീതിയിലാകും സജ്ജീകരണം. ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിന് ആനുപാതികമായി കൗണ്ടിങ് ടേബിളുകള്‍ ഉണ്ടാകും. ഓരോ പഞ്ചായത്തിന്റെയും കൗണ്ടിങ് ഹാളില്‍ വരണാധികാരിക്കുള്ള വേദിയും ടാബുലേഷന്‍, പാക്കിങ്, വോട്ടെണ്ണല്‍ എന്നിവയ്ക്ക് പ്രത്യേകം മേശകളും ഉണ്ടാകും.

21,595 വാര്‍ഡിലായി ആകെ 75,549 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 38,268 പേര്‍ സ്ത്രീകളാണ്. പഞ്ചായത്തുകളില്‍ 15,962 ഉം ബ്ലോക്ക് പഞ്ചായത്തുകളില്‍ 2076 ഉം ജില്ലാപഞ്ചായത്തുകളില്‍ 331 ഉം മുനിസിപ്പാലിറ്റികളില്‍ 3088 ഉം കോര്‍പറേഷനുകളില്‍ 414ഉം വാര്‍ഡുകളുണ്ട്.

ഏഴ് ജില്ലകളില്‍ വീതം രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ വാശിയേറിയ പ്രചരണമാണ് നടന്നത്. ഇതിന്റെ ഭാഗമായി കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. രണ്ട് ഘട്ടങ്ങളിലുമായി ആകെ 78.34 ശതമാനമാണ് പോളിംഗ്. ശുഭപ്രതീക്ഷയിലാണ് ഇടത് വലത് മുന്നണികള്‍. വലിയ നേട്ടം ഉണ്ടാക്കില്ലെങ്കിലും ബിജെപി ചിലയിടങ്ങളില്‍ ജയപ്രതീക്ഷ വച്ചു പുലര്‍ത്തുന്നു.

വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങള്‍ വായനക്കാരില്‍ എത്തിക്കാന്‍ കൈരളി ന്യൂസ് ഓണ്‍ലെന്‍ വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഓരോ നിമിഷത്തെയും ഫലസൂചനകള്‍ ലൈവ് ബ്ലോഗില്‍ അപഡേറ്റ് ചെയ്യും. ഒപ്പം കോര്‍പ്പറേഷന്‍, നഗരസഭ, ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ ഏറ്റവും ഒടുവിലത്തെ ഫലസൂചനകളും കൈരളി ന്യൂസ് ഓണ്‍ലൈനില്‍ ലഭ്യമാകും.

തത്സമയ ഫലങ്ങള്‍ അറിയിക്കാന്‍ ഫേസ്ബുക്ക് പേജ് വഴിയും കൈരളി ന്യൂസ് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫലസൂചന ഉള്‍പ്പെടുന്ന വാര്‍ത്തയുടെ ലിങ്കുകള്‍ അപ്പപ്പോള്‍ ഫേസ്ബുക്ക് പേജ് വഴി വായനക്കാരിലേക്കെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News