ഇതിഹാസ ലീഗിന് ഇന്ന് തുടക്കം; ബ്രയാന്‍ ലാറ സച്ചിന്റെ ടീമില്‍; വസിം അക്രം ഷെയ്ന്‍ വോണിനൊപ്പം

ന്യൂയോര്‍ക്ക്: വിരമിച്ച ഇതിഹാസ ക്രിക്കറ്റ് താരങ്ങളെ അണിനിരത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും നയിക്കുന്ന ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിക്കുന്ന സച്ചിന്‍സ് ബ്ലാസ്റ്റേഴ്‌സും ഷെയ്ന്‍ വോണിന്റെ വോണ്‍ വോരിയേഴ്‌സും തമ്മിലാണ് പരമ്പര. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. അവസാന മത്സരം നവംബര്‍ 14നാണ്. ഇതിഹാസതാരം ബ്രയാന്‍ ലാറയെ സച്ചിന്‍ സ്വന്തം ടീമിലേക്ക് തെരഞ്ഞെടുത്തു. പാക് ഇതിഹാസ ബൗളര്‍ വസിം അക്രം വോണിന്റെ ടീമിലും ഉള്‍പ്പെട്ടു.

മുന്‍ ഇന്ത്യന്‍ താരങ്ങളായ വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ് തുടങ്ങിയവരും സച്ചിന്റെ ബ്ലാസ്റ്റേഴ്‌സില്‍ കളിക്കും. ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ ഗ്ലെന്‍ മഗ്രാത്ത്, കര്‍ട്‌ലി ആംബ്രോസ്, ഷോണ്‍ പൊള്ളോക്ക്, മുത്തയ്യ മുരളീധരന്‍, ഷോയബ് അക്തര്‍ തുടങ്ങിയവരും സച്ചിന്റെ ടീമില്‍ ഇടംപിടിച്ചു. അതേസമയം, ഷെയ്ന്‍ വോണ്‍ തന്റെ പഴയ ഓസ്‌ട്രേലിയന്‍ സഹതാരങ്ങളെ തന്നെയാണ് ടീമിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. മാത്യു ഹെയ്ഡന്‍, റിക്കി പോണ്ടിംഗ്, ആന്‍ഡ്രൂ സൈമണ്ട്‌സ് എന്നിവരാണ് വോണിന്റെ ടീം അംഗങ്ങള്‍. കോര്‍ട്‌നി വാല്‍ഷ്, അലന്‍ ഡൊണാള്‍ഡ്, വസിം അക്രം തുടങ്ങിയ പേസ് ഇതിഹാസങ്ങളെയും വോണ്‍ ടീമിലെത്തിച്ചു.

മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ ആദ്യത്തെ മത്സരമാണ് ഇന്ന് ന്യൂയോര്‍ക്കില്‍ നടക്കുക. രണ്ടാമത്തെ മത്സരം നവംബര്‍ 11ന് ഹൂസ്റ്റണില്‍ നടക്കും. മൂന്നാമത് മത്സരം നവംബര്‍ 14ന് ലോസ് ആഞ്ചലസിലും നടക്കും. മഹേള ജയവര്‍ധനെ, ലാന്‍സ് ക്ലൂസ്‌നര്‍, കാള്‍ ഹൂപ്പര്‍, മോയിന്‍ ഖാന്‍, ഗ്രയെം സ്വാന്‍ തുടങ്ങിയവരും സച്ചിന്റെ ടീമില്‍ കളിക്കും. മൈക്കല്‍ വോണ്‍, ജാക്ക് കാലിസ്, കുമാര്‍ സംഗക്കാര, ജോണ്ടി റോഡ്‌സ്, സഖ്‌ലെയ്ന്‍ മുഷ്താഖ്, ഡാനിയല്‍ വെട്ടോറി, അജിത് അഗാര്‍ക്കര്‍ തുടങ്ങിയവരാണ് വോണിന്റെ ടീമിലെ മറ്റു അംഗങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here