ആഞ്ഞടിച്ച് എല്‍ഡിഎഫ് തരംഗം; നഗര – ഗ്രാമ മേഖലകളില്‍ വ്യക്തമായ മുന്‍തൂക്കം; നേട്ടമുണ്ടാക്കി ബിജെപി; തകര്‍ന്നടിഞ്ഞ് യുഡിഎഫ്

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതു തരംഗം. തദ്ദേശത്തിന്റെ പഞ്ചതലങ്ങളിലും എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി പൂര്‍ണ്ണ ആധിപത്യം സ്ഥാപിച്ചു. കൊല്ലം, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫ് ഭരണ തുടര്‍ച്ച നേടി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന നഗരസഭകളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും ഭരണത്തില്‍ ഇടത് പക്ഷത്തിന് കൃത്യമായ മേല്‍ക്കൈ ലഭിച്ചു.

കോര്‍പ്പറേഷനുകളില്‍ ഇടത് മേല്‍ക്കൈ

കൊല്ലത്തും കോഴിക്കോടും കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫ് ഭരണം തുടരും. കൊല്ലം കോര്‍പ്പരേഷനില്‍ 55ല്‍ 35 സീറ്റ് നേടി ഇടത് ആധിപത്യം തുടര്‍ന്നു. യുഡിഎഫ് 16 സീറ്റുകളില്‍ ഒതുങ്ങി. കൊല്ലത്ത് ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നു. ആര്‍എസ്പിയുടെ മുന്നണിമാറ്റം യുഡിഎഫിനെ തുണച്ചില്ല. മാത്രമല്ല, ആര്‍എസ്പിയുടെ ശക്തി കേന്ദ്രങ്ങളിലും യുഡിഎഫിന് ജയിക്കാനായില്ല.

കോഴിക്കോട് കോര്‍പ്പറേഷനും എല്‍ഡിഎഫ് നിലനിര്‍ത്തി. ആകെയുള്ള 75 ഡിവിഷനുകളില്‍ 47 എണ്ണം ഇടതുപക്ഷം നേടി. മികച്ച വിജയവുമായി അധികാരത്തുടര്‍ച്ച എല്‍ഡിഎഫ് നേടിയപ്പോള്‍ യുഡിഎഫ് 20 സീറ്റുകളില്‍ ഒതുങ്ങി. കോഴിക്കോട്ട് ബിജെപി 7 സീറ്റുകള്‍ നേടി. എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി വികെസി മമ്മദ് കോയ വിജയിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണത്തുടര്‍ച്ച തേടിയ ഇടതുപക്ഷത്തിനെ തലസ്ഥാനവാസികള്‍ കൈവിട്ടില്ല. കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും 42 സീറ്റുകള്‍ നേടി ഇടതുപക്ഷം മുന്നിലെത്തി. യുഡിഎഫിന് വലിയ തകര്‍ച്ച നേരിട്ടപ്പോള്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി. യുഡിഎഫ് 21ഉം ബിജെപി 34ഉം സീറ്റുകള്‍ നേടി.

കൊച്ചിയില്‍ ഭരണത്തുടര്‍ച്ച തേടിയ യുഡിഎഫിനെ ജനങ്ങല്‍ കൈവിട്ടില്ല. 74ല്‍ 38 സീറ്റുകള്‍ നേടി യുഡിഎഫ് കേവലഭൂരിപക്ഷം നേടി. 23 സീറ്റുകളാണ് എല്‍ഡിഎഫ് നേടിയത്. 2 സീറ്റുകള്‍ ബിജെപി നേടി. യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി സൗമിനി ജയിന്‍ ജയിച്ചു. കൊച്ചിയില്‍ യുഡിഎഫിലെ ദീപ്തി മേരി വര്‍ഗ്ഗീസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നായനാരുടെ മകള്‍ ഉഷ പ്രവീണും തോറ്റു.

തൃശൂര്‍ കോര്‍പ്പറേഷനില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം നേടാനായില്ല. കടുത്ത മത്സരം നടന്ന തൃശൂര്‍ കോര്‍പ്പറേഷനില്‍ 55ല്‍ 23 സീറ്റുകള്‍ നേടി എല്‍ഡിഎഫ് ഏറ്റവും വലിയ മുന്നണിയായി. 21 സീറ്റുകള്‍ നേടി യുഡിഎഫ് തൊട്ടുപിന്നിലെത്തി. സ്വതന്ത്രരുടെ തീരുമാനം ഇവിടെ നിര്‍ണ്ണായകമാവും. ബിജെപി ആറ് സീറ്റുകള്‍ നേടി.

പുതിയതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. കടുത്ത മത്സരം കാഴ്‌വെച്ച എല്‍ഡിഎഫ് 26 സീറ്റുകള്‍ നേടി. 27 സീറ്റുകള്‍ നേടിയെങ്കിലും കേവലഭൂരിപക്ഷം നേടാന്‍ യുഡിഎഫിന് ആയില്ല. യുഡിഎഫ് വിമതന്റെ നിലപാട് ഇവിടെ നിര്‍ണ്ണായകമാവും.

ഫോട്ടോ ഫിനിഷില്‍ എല്‍ഡിഎഫ്

നഗരസഭകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് തുടക്കം മുതല്‍ നടന്നത്. എങ്കിലും മേല്‍ക്കൈ നിലനിര്‍ത്താന്‍ എല്‍ഡിഎഫിനായി. 87 ഇടങ്ങളില്‍ 45 എണ്ണം എല്‍ഡിഎഫ് നേടി. 40 ഇടത്ത് യുഡിഎഫിനാണ് നേട്ടം. ഒരിടത്ത് ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചു.

തെരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫ് ഭരണം ഉറപ്പിച്ച ആന്തൂര്‍ നഗരസഭയില്‍ പ്രതിപക്ഷമില്ല. തെരഞ്ഞെടുപ്പ് നടന്ന 14 ഇടവും ജയിച്ചതോടെ ഭരണം ഇടതുപക്ഷം തൂത്തുവാരി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ നഗരസഭകള്‍ എല്‍ഡിഎഫ് തൂത്തുവാരി.

ലീഗ് കോട്ടയായ മലപ്പുറത്തും ഇടത് പടയോട്ടമാണ് കണ്ടത്. പെരിന്തല്‍മണ്ണയില്‍ എല്‍ഡിഎഫ് ഭരണം നിലനിലര്‍ത്തി. പൊന്നാനി, തിരൂര്‍ നഗരസഭകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇടുക്കിയിലെ തൊടുപുഴ നഗരസഭ യുഡിഎഫിനെ കൈവിട്ടു.

മലപ്പുറത്ത് കൊണ്ടോട്ടി നഗരസഭയില്‍ ലീഗിന് വന്‍ തിരിച്ചടി. മതേതര മുന്നണി സ്ഥാനാര്‍ത്ഥികള്‍ ആണ് വിജയിച്ചത്. പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ജനകീയ മുന്നണിക്കാണ് മുന്‍തൂക്കം. ഒറ്റപ്പാലം, അടൂര്‍ നഗരസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. പാലക്കാട് നഗരസഭയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

ത്രിതലത്തില്‍ ഇടതുപക്ഷം

ജില്ലാ പഞ്ചായത്തുകളില്‍ ഇടതുപക്ഷത്തിനാണ് മേല്‍ക്കൈ. 14ല്‍ ഏഴിടത്ത് ഇടതുപക്ഷം ഭരണം പിടിച്ചു. ആറിടത്ത് യുഡിഎഫ് ഭൂരിപക്ഷം നേടി. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തില്‍ ആര്‍ക്കും കേവലഭൂരിപക്ഷമില്ല. ആകെയുള്ള പതിനേഴില്‍ യുഡിഎഫ് 8ഉം എല്‍ഡിഎഫ് 7ഉം ബിജെപി 2ഉം സീറ്റുകള്‍ നേടി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈയോടെ ഭരണം ഉറപ്പിച്ചത്.

കൊല്ലത്ത് ആകെയുള്ള 26 സീറ്റുകളില്‍ 24ഉം എല്‍ഡിഎഫ് നേടി ഭരണത്തുടര്‍ച്ച നേടി. പാലക്കാടും എല്‍ഡിഎഫ് മൃഗീയഭൂരിപക്ഷത്തോടെയാണ് ഭരണം ഉറപ്പിച്ചത്. മലപ്പുറത്ത് മാത്രമാണ് ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് വ്യക്തമായ ആധിപത്യം നേടിയത്.

ബ്ലോക്കില്‍ ഇടത് മേല്‍ക്കോയ്മ

ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭൂരിപക്ഷത്തിലും ഭരണം പിടിച്ചു. 89 എണ്ണത്തിലാണ് എല്‍ഡിഎഫ് ഭരണം നേടിയത്. 61 എണ്ണത്തിലാണ് യുഡിഎഫ് ഭരണം പിടിച്ചത്.

കൊല്ലത്ത് ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണം എല്‍ഡിഎഫ് തൂത്തുവാരി. പതിനൊന്നില്‍ പതിനൊന്നും ഇടതുപക്ഷമാണ് നേടിയത്. കൊല്ലത്തെ മിന്നുന്ന വിജയം കണ്ണൂരിലും എല്‍ഡിഎഫ് ആവര്‍ത്തിച്ചു. പതിനൊന്നിടത്തും എല്‍ഡിഎഫിനാണ് വിജയം. പാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഇടതുഭരണത്തിനെതിരെ പ്രതിപക്ഷത്തിരിക്കാന്‍ പോലും യുഡിഎഫിന് ഒരാളെ ജയിപ്പിക്കാനായില്ല.

ഗ്രാമങ്ങളും കീഴടക്കി എല്‍ഡിഎഫ്

ഗ്രാമപഞ്ചായത്തുകളില്‍ കടുത്ത മത്സരമാണ് നടന്നത്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വീഴ്ച മറികടക്കുന്ന വിജയമാണ് എല്‍ഡിഎഫ് നേടിയത്. ആകെയുള്ള 941 പഞ്ചായത്തുകളില്‍ 546ലും എല്‍ഡിഎഫ് ഭരിക്കും. 372 എണ്ണമാണ് യുഡിഎഫ് നേടിയത്.

കൊല്ലത്ത് 68ല്‍ 60ഉം എല്‍ഡിഎഫ് നേടി. മൂന്ന് പഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎഫ് വ്യക്തമായ മേല്‍ക്കൈയോടെ ഭരണം പിടിച്ചത്. അഞ്ചിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല.

ചവറയില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചു. വെള്ളാപ്പള്ളിയുടെ വാര്‍ഡില്‍ യുഡിഎഫിനാണ് ജയം. എസ്എന്‍ഡിപി – ബിജെപി സ്ഥാനാര്‍ത്ഥി തോറ്റു. പെരുന്നയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചു.

എഐഎഡിഎംകെയുടെ ആറ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. പെണ്‍ ഒരുമയുടെ ഒരു സ്ഥാനാര്‍ത്ഥി വിജയിച്ചു. ജെഎസ്എസ് ആകെ നേടിയത് 6 സീറ്റുകള്‍ മാത്രമാണ് നേടിയത്. സ്വതന്ത്രന്മാരും എസ്ഡിപിഐ ഉല്‍പ്പടെയുള്ള സംഘടനകളും നേട്ടമുണ്ടാക്കി.

എസ്എന്‍ഡിപി – ബിജെപി സഖ്യം ഒരിടത്തും ഏശിയില്ല. മാത്രമല്ല, എസ്എന്‍ഡിപിയുടെ സ്ഥാനാര്‍ത്ഥികള്‍ പലരും മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ടിവി അവതാരക വീണ എസ് നായര്‍ തോറ്റു. സിപിഐഎം പാനലില്‍ മത്സരിച്ച ഗായിക ദലീമ വിജയിച്ചു. ഒഞ്ചിയത്ത് ആര്‍എംപിയെ മറികടന്ന് സിപിഐഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കാസര്‍ഗോഡ് എളേരി പഞ്ചായത്ത് യുഡിഎഫ് വിമതര്‍ ഭരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News