പരാജയം അംഗീകരിക്കുന്നെന്ന് വിഎം സുധീരന്‍; തിരുവനന്തപുരത്തെ തോല്‍വി വിലയിരുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ കനത്ത പരാജയം അംഗീകരിക്കുന്നതായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫിനുണ്ടായത് കനത്ത പരാജയമാണ്. പരാജയം സത്യസന്ധമായി തന്നെ വിലയിരുത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയ രംഗത്തെ പാളിച്ചയടക്കം എല്ലാ കാര്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. ഏതെല്ലാം തരത്തില്‍ പാളിച്ചയുണ്ടായെന്ന കാര്യങ്ങള്‍ പരിശോധിച്ച് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും സുധീരന്‍ പറഞ്ഞു.

നിലവിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെടുന്നുണ്ട്. യുഡിഎഫിന് പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെന്നത് നേരാണ്. എന്നാല്‍, യുഡിഎഫിന്റെ ജനകീയാടിത്തറ നഷ്ടമായിട്ടില്ലെന്ന് ജനവിധി തെളിയിക്കുന്നുണ്ട്. ബിജെപിക്കുണ്ടായിട്ടുള്ള ജയം താല്‍കാലികം മാത്രമാണെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പുതിയ കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ട് പോകുമെന്നും സുധീരന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here