വാക്കിന് വിലയുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍; തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനെതിരായ വിധിയെഴുത്ത്

തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാക്കിന് വില കല്‍പിക്കുന്നുണ്ടെങ്കില്‍ രാജിവയ്ക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കളുമാണ് തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞത്. യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. അഴിമതിക്കെതിരായ പ്രതികരണമാണ് ജനങ്ങള്‍ വിധിയെഴുത്തിലൂടെ നടത്തിയത്. എല്‍ഡിഎഫ് എല്ലായിടങ്ങളിലും നില മെച്ചപ്പെടുത്തിയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മതനിരപേക്ഷ ശക്തികളുടെ വിജയമാണിത്. വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ട സമയത്ത് മതനിരപേക്ഷ ശക്തികള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നതിന്റെ ശക്തമായ തെളിവാണിത്. ബിജെപിക്ക് കാര്യമായ മുന്നേറ്റം സംസ്ഥാനത്തുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്ത് പോലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ സീറ്റ് പോലും ബിജെപിക്ക് നേടാനായിട്ടില്ല.

കണ്ണൂരില്‍ വിമതന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാടുകള്‍ മാറ്റുകയാണ്. വിമതരെ ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന് സുധീരന്‍ പറഞ്ഞ സ്ഥലത്താണ് അധികാരത്തിനു വേണ്ടി ഉമ്മന്‍ചാണ്ടി വിതമന്റെ പിന്തുണ തേടിയത്. ആറു കൊല്ലത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് ഒരുമാസം കൊണ്ട് തിരിച്ചെടുക്കുന്ന കോണ്‍ഗ്രസില്‍ മാത്രം കാണുന്ന അപൂര്‍വ പ്രതിഭാസമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News