മൊഹാലി ടെസ്റ്റില്‍ ഇന്ത്യക്ക് അഭിമാന ജയം; ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചത് 108 റണ്‍സിന്

മൊഹാലി: ഏകദിനത്തിലെ നാണക്കേടിന് ടെസ്റ്റില്‍ മധുരമായി പകരംവീട്ടി ടീം ഇന്ത്യ. മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് അഭിമാനജയം. 217 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ ഇന്ത്യ 109 റണ്‍സില്‍ ചുരുട്ടിക്കെട്ടി. സ്പിന്നര്‍മാരുടെ മികവിലാണ് ഇന്ത്യയുടെ ജയം. 36 റണ്‍സെടുത്ത സ്റ്റിയാന്‍ വാന്‍ സിലിന്റെ ഒറ്റയാള്‍ പോരാട്ടം ഒഴിച്ചു നിര്‍ത്തിയാല്‍ പ്രോട്ടീസ് ബാറ്റിംഗ് നിര പാടെ തകര്‍ന്നു. ദക്ഷിണാഫ്രിക്കയുടെ ആറു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ 17 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് 200 റണ്‍സിന് അവസാനിച്ചിരുന്നു. 5 വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും 3 വിക്കറ്റ് വീഴ്ത്തിയ അശ്വിനുമാണ് രണ്ടാം ഇന്നിംഗ്‌സിലും ദക്ഷിണാഫ്രിക്കയെ എറിഞ്ഞു വീഴ്ത്തിയത്.

217 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരായ ഡീന്‍ എല്‍ഗറും ഫിലാന്‍ഡറും നിലയുറപ്പിക്കുന്നതിനു മുമ്പുതന്നെ കൂടാരം കയറി. വെടിക്കെട്ട് വീരന്‍മാരായ ഫാഫ് ഡു പ്ലെസിസും ഹാഷിം അംലയും എബി ഡി വില്ലിയേഴ്‌സും നിലം തൊടാതെ തിരിച്ചു പറന്നു. ഡു പ്ലെസി ഒരു റണ്‍സിനും അംല റണ്ണൊന്നുമെടുക്കാതെയും ഡിവില്ലിയേഴ്‌സ് 16 റണ്‍സെടുത്തും പുറത്തായി. ഫലമോ 5 വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സ് എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക വിയര്‍ത്തു. തുടര്‍ന്നു വന്ന വാന്‍ സിലിന്റെ ചെറുത്തുനില്‍പ് നേരിയ പ്രതീക്ഷ നല്‍കി എങ്കിലും 36 റണ്‍സെടുത്ത ആ പോരാട്ടവീര്യം അശ്വിന്റെ പന്തില്‍ രഹാനെയുടെ കൈകളില്‍ ഒതുങ്ങി. വാലറ്റ നിരയില്‍ 11 റണ്‍സെടുത്ത ഹാര്‍മറൊഴികെ മറ്റാരും രണ്ടക്കം കടന്നില്ല. അങ്ങനെ ഏകദിനത്തിലെ നാണക്കേടിന് പ്രോട്ടീസിനോട് ടീം ഇന്ത്യയുടെ മധുരപ്രതികാരം.

നേരത്തെ രണ്ടിന് 125 എന്ന നിലയില്‍ മൂന്നാംദിനം കളി പുനരാരംഭിച്ച ഇന്ത്യയുടെ നിലയും പരിതാപകരമായിരുന്നു. ചായക്ക് പിരിയുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് എന്ന ഭദ്രമായ നിലയിലായിരുന്ന ഇന്ത്യ ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോഴേക്കും എട്ടിന് 185 എന്ന നിലയിലേക്ക് പതിച്ചു. ചേതേശ്വര്‍ പുജാര 77 റണ്‍സെടുത്ത് പുറത്തായി. 29 റണ്‍സെടുത്ത വിരാട് കോഹ്‌ലിയും 20 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയും മാത്രമാണ് മൂന്നാംദിനം രണ്ടക്കം കണ്ടത്. 4 വിക്കറ്റ് വീതം വീഴ്ത്തിയ സിമണ്‍ ഹാര്‍മറും ഇമ്രാന്‍ താഹിറും ചേര്‍ന്നാണ് ഇന്ത്യയെ വരിഞ്ഞു കെട്ടിയത്. എന്നിട്ടും ഇന്ത്യയുടെ സ്പിന്‍ തന്ത്രങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പ്രോട്ടീസിനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News