കണ്ണൂരില്‍ പതിമൂന്ന് ഗ്രാമപഞ്ചായത്തുകളിലും കാസര്‍ഗോഡ് മൂന്നിടത്തും യുഡിഎഫിന് വട്ടപ്പൂജ്യം; കൊല്ലം ചടയമംഗലത്തും സംപൂജ്യരായി കോണ്‍ഗ്രസ്; പതിനാലിടത്ത് പ്രതിപക്ഷമില്ലാതെ ഇടത് ഭരണം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ച ഇടത് പേമാരിയില്‍ യുഡിഎഫ് പൂര്‍ണ്ണമായും ഒലിച്ചു പോയത് പതിനേഴിടത്ത്. കണ്ണൂര്‍ ജില്ലയില്‍ മാത്രം പതിനാലിടത്താണ് യുഡിഎഫിന് അക്കൗണ്ടില്ലാത്തത്. കാസര്‍ഗോഡ് മൂന്ന് പഞ്ചായത്തുകളില്‍ യുഡിഎഫിന് സാന്നിധ്യമില്ല. കൊല്ലത്ത് ചടയമംഗലത്തും യുഡിഎഫ് സംപൂജ്യരായി. ഇവിടങ്ങളില്‍ യുഡിഎഫിന് അക്കൗണ്ടില്ലാത്തതിനാല്‍ ഗ്യാലറിയില്‍ ഇരുന്ന് കളി കാണാം.

കണ്ണൂരില്‍ പ്രതിപക്ഷമില്ലാതെ എല്‍ഡിഎഫ് ഭരിക്കുന്നത് 12 ഗ്രാമപഞ്ചായത്തുകളിലാണ്. ചെറുകുന്ന്, ചെറുതാഴം, ചിറ്റാരിപ്പറമ്പ്, ഏഴോം, കടന്നപ്പള്ളി – പാണപ്പുഴ, കല്യാശേരി, കാങ്കോല്‍ – ആലപ്പറമ്പ, കണ്ണപുരം, കരിവെള്ളൂര്‍ – പെരളം, മലപ്പട്ടം, പന്നിയന്നൂര്‍, പെരിങ്ങോം – വയങ്കര പഞ്ചായത്തില്‍ എല്‍ഡിഎഫിന് പ്രതിപക്ഷമില്ല. ഇവിടങ്ങളില്‍ എല്‍ഡിഎഫ് ഒറ്റയ്ക്ക് ഭരിക്കും.

എല്‍ഡിഎഫിന് പ്രതിപക്ഷമില്ലാത്ത 12 ഉള്‍പ്പടെ കണ്ണൂരില്‍ 13 ഗ്രാമപഞ്ചായത്തുകളിലാണ് യുഡിഎഫിന് അക്കൗണ്ട് ഇല്ലാത്തത്. ഒരിടത്ത് ബിജെപി അംഗമാണ് എല്‍ഡിഎഫിന്റെ ഏക പ്രതിപക്ഷം. കണ്ണൂരിലെ കോട്ടയം പഞ്ചായത്തിലാണ് ബിജെപി ഒരിടത്ത് ജയിച്ച് ഏക പ്രതിപക്ഷമായത്.

കാസര്‍ഗോഡ് മൂന്നിടത്ത് യുഡിഎഫിന് അക്കൗണ്ടില്ല. ബേഡഡുക്കയില്‍ പതിനാറിടത്തും എല്‍ഡിഎഫിനാണ് വിജയം. ഇവിടെയും പ്രതിപക്ഷമില്ലാതെയാണ് ഇടത്പക്ഷത്തിന്റെ ഭരണം. മടിക്കൈ പഞ്ചായത്തില്‍ ഏക ബിജെപി അംഗമാണ് ഇടതുപക്ഷ ഭരണത്തില്‍ പ്രതിപക്ഷമാവുക. ബിജെപി ഭരിക്കുന്ന ബെളുര്‍ പഞ്ചായത്തിലും യുഡിഎഫിന് അക്കൗണ്ടില്ല. ഇവിടെ നാല് സീറ്റുകള്‍ നേടിയ എല്‍ഡിഎഫ് പ്രതിപക്ഷമാകും.

ഇടതുപക്ഷം തേരോട്ടം നടത്തിയ കൊല്ലത്ത് 68 ഗ്രാമപഞ്ചായത്തുകളില്‍ ഒരിടത്താണ് യുഡിഎഫിന് അക്കൗണ്ടില്ലാത്തത്. ചടയംമംഗലം ഗ്രാമപഞ്ചായത്തില്‍ ഉണ്ടായിരുന്ന നാല് സീറ്റുകള്‍ കൂടി ഇടത് തരംഗത്തില്‍ യുഡിഎഫിന് നഷ്ടപ്പെട്ടു. ബിജെപിയിലെ വനിതാ അംഗമാണ് ഇവിടെ എല്‍ഡിഎഫിന് പ്രതിപക്ഷമാവുക. എക്കാലവും ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്ത് കൂടിയാണ് ചടയമംഗലം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News