തിരുവനന്തപുരം: തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകളില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. നിരവധി നഗരസഭകളും അനിശ്ചിതത്വത്തിലാണ്. പലേടങ്ങളിലും ബിജെപിയും മറ്റുള്ളവരും ഭരണസമിതിയെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകും. പാലക്കാട് നഗരസഭയില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും പിന്തള്ളി ബിജെപി വലിയ കക്ഷിയായി.
തിരുവനന്തപുരം കോര്‍പറേഷനിലെ 100 സീറ്റുകളില്‍ 42 ഇടത്ത് എല്‍ഡിഎഫ് ജയിച്ചു. 34 ഇടത്തു ബിജെപിയും 12 ഇടത്തുമാത്രം യുഡിഎഫും ജയിച്ചു. യുഡിഎഫിന്റെ തകര്‍ച്ച ബിജെപി മുതലെടുക്കുകയായിരുന്നു. ഭരിക്കാന്‍ അമ്പത്തൊന്നുപേരുടെ പിന്തുണ വേണമെന്നിരിക്കേ എല്‍ഡിഎഫ് 42 സീറ്റുകളോടെ വലിയ ഒറ്റക്കക്ഷിയായി. നഗരസഭകളായ ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, വര്‍ക്കല എന്നിവിടങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് അധികാരത്തിലെത്തി. അമ്പത്തഞ്ചംഗ കൊല്ലം കോര്‍പറേഷന്‍ 35 സീറ്റുകളോടെ എല്‍ഡിഎഫ് സ്വന്തമാക്കി. യുഡിഎഫിന് 16ഉം ബിജെപിക്ക് രണ്ടും സീറ്റുകളാണുള്ളത്. കരുനാഗപ്പള്ളി നഗരസഭയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. എല്‍ഡിഎഫ് 17ഉം യുഡിഎഫ് 15 ഉം സീറ്റുകളില്‍ ജയിച്ചു. കൊട്ടാരക്കരയില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി. 15 സീറ്റ് വേണ്ടിടത്ത് 18 ഇടത്തു ജയം കണ്ടു. പരവൂരിലും പുനലൂരിലും എല്‍ഡിഎഫിനാണ് ജയം.
പത്തനംതിട്ട നഗരസഭയില്‍ യുഡിഎഫ് അധികാരമുറപ്പിച്ചു. 32 അംഗ സഭയില്‍ 22 അംഗങ്ങള്‍ യുഡിഎഫിനുണ്ട്. അടൂരിലും പന്തളത്തും വ്യക്തമായ ഭൂരിപക്ഷം നേടിയില്ലെങ്കിലും എല്‍ഡിഎഫ് വലിയ ഒറ്റക്കക്ഷിയായി. ആലപ്പുഴജില്ലയില്‍ ആലപ്പുഴ, ചെങ്ങന്നൂര്‍, ചേര്‍ത്തല, ഹരിപ്പാട് നഗരസഭകള്‍ യുഡിഎഫ് പക്ഷത്താണ്. അതേസമയം, ആലപ്പുഴയിലും ചെങ്ങന്നൂരിലും കേവലഭൂരിപക്ഷമില്ല. പതിനാലിടത്തു ജയിക്കേണ്ട ചെങ്ങന്നൂരില്‍ രണ്ടു സീറ്റുകളുടെ കുറവാണ് യുഡിഎഫിനുള്ളത്. ഇവിടെ സ്വതന്ത്രരായി ജയിച്ച ഒമ്പതുപേരുടെ നിലപാട് നിര്‍ണായകമാകും. ആലപ്പുഴയില്‍ 27 സീറ്റുവേണ്ടിയിരിക്കേ ഒരു സീറ്റിന്റെ കുറവാണ് യുഡിഎഫിനുള്ളത്. കായംകുളം, മാവേലിക്കര നഗരസഭകളില്‍ എല്‍ഡിഎഫിനാണ് വിജയം.
കോട്ടയം ജില്ലയില്‍ കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂര്‍, പാലാ നഗരസഭകള്‍ യുഡിഎഫ് പിടിച്ചു. ഈരാറ്റുപേട്ടയിലും വൈക്കത്തും ഇടതു മേല്‍ക്കൈ. ഭരിക്കാന്‍ പത്തൊമ്പത് അംഗങ്ങള്‍ വേണ്ട ചങ്ങനാശേരിയില്‍ വലിയ ഒറ്റക്കക്ഷിയായ യുഡിഎഫിന് രണ്ടു സീറ്റുകളുടെ കുറവുണ്ട്. ഏറ്റുമാനൂരിലും വലിയ കക്ഷിയായെങ്കിലും കേവലഭൂരിപക്ഷത്തിന് നാലു പേരുടെ പിന്തുണ കൂടി യുഡിഎഫിന് വേണം. കോട്ടയത്തും പാലായിലും മാത്രമാണ് യുഡിഎഫിന് കേവലഭൂരിപക്ഷമുള്ളത്. ഈരാറ്റുപേട്ടയില്‍ വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവലഭൂരിപക്ഷത്തിന് എല്‍ഡിഎഫിന് രണ്ടുപേരുടെ പിന്തുണകൂടി വേണം. വൈക്കത്തും മൂന്നുപേരുടെ കുറവുണ്ട്.
ഇടുക്കിയിലെ രണ്ടു നഗരസഭകളില്‍ ഓരോ മുന്നണികള്‍ക്കും ഓരോന്നു വീതം. കട്ടപ്പനയില്‍ യുഡിഎഫ് ഭൂരിപക്ഷം ഉറപ്പിച്ചു. എറണാകുളം ജില്ലയില്‍ യുഡിഎഫിനാണ് മേല്‍ക്കൈ. കൊച്ചി നഗരസഭയില്‍ യുഡിഎഫ് ഭരണമുറപ്പിച്ചു. ആലുവ, കളമശേരി, കോതമംഗലം, കൂത്താട്ടുകുളം, മരട്, വടക്കന്‍ പറവൂര്‍, പിറവം, തൃക്കാക്കര നഗരസഭകളിലാണ് യുഡിഎഫിന് മേല്‍ക്കൈയുള്ളത്. അങ്കമാലി, ഏലൂര്‍, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ നഗരസഭകളാണ് എല്‍ഡിഎഫ് മേല്‍ക്കൈ നേടിയത്.
തൃശൂര്‍ ജില്ലയില്‍ തൃശൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫ് ആധിപത്യം നേടിയെങ്കിലും കേവലഭൂരിപക്ഷമില്ല. അഞ്ചു സീറ്റുകളുടെ കുറവാണ് എല്‍ഡിഎഫിനുള്ളത്. ഇതു വിമതരുടെ സഹായത്തോടെ മറികടന്നേക്കും. ചാലക്കുടി, ചാവക്കാട്, കൊടുങ്ങല്ലൂര്‍, കുന്നംകുളം, വടക്കാഞ്ചേരി നഗരസഭകള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ ഗുരുവായൂരും ഇരിങ്ങാലക്കുടയും മാത്രമാണ് യുഡിഎഫ് അക്കൗണ്ടിലുള്ളത്. നിര്‍ണായകമായ നഗരസഭാ ഫലങ്ങളാണ് പാലക്കാട്ടുനിന്നുള്ളത്. പാലക്കാട്, ചെര്‍പുളശേരി നഗരസഭകളില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. പാലക്കാട് ബിജെപിയും ചെര്‍പുളശേരിയില്‍ യുഡിഎഫും വലിയ കക്ഷികളായി. മണ്ണാര്‍ക്കാട് രണ്ടു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. പട്ടാമ്പിയില്‍ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം. ഒറ്റപ്പാലം, ഷൊര്‍ണൂര്‍ നഗരസഭകളില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ.
മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി, തിരൂര്‍ നഗരസഭകള്‍ യുഡിഎഫിന് നഷ്ടമായി. കൊണ്ടോട്ടിയില്‍ മതേതര മുന്നണിയും തിരൂരില്‍ ഇടതുമുന്നണിയും ഭരണം പിടിച്ചു. പരപ്പനങ്ങാടിയില്‍ വികസന മുന്നണിയാണ് യുഡിഎഫിനെ തറപറ്റിച്ചത്. കോട്ടയ്ക്കല്‍, മലപ്പുറം, മഞ്ചേരി, നിലമ്പൂര്‍, താനൂര്‍, തിരൂരങ്ങാടി, വളാഞ്ചേരി, നഗരസഭകള്‍ യുഡിഎഫിന് ലഭിച്ചു. പെരിന്തല്‍മണ്ണയും പൊന്നാനിയും എല്‍ഡിഎഫ് നിലനിര്‍ത്തി.
കോഴിക്കോട് കോര്‍പറേഷന്‍ കൂടാതെ കോഴിക്കോട് ജില്ലയില്‍ ഫറോക്ക്, കൊയിലാണ്ടി, മുക്കം, രാമനാട്ടുകര, വടകര നഗരസഭകള്‍ ഇടതുപക്ഷം മേല്‍ക്കൈ നേടി. കൊടുവള്ളി, പയ്യോളി നഗരസഭകള്‍ യുഡിഎഫിനാണ് മുന്‍തൂക്കം. വയനാട്ടില്‍ കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി നഗരസഭകള്‍ യുഡിഎഫ് മേല്‍ക്കൈ നേടിയപ്പോള്‍ മാനന്തവാടിയില്‍ എല്‍ഡിഎഫാണ് വലിയ കക്ഷി. കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫും എല്‍ഡിഎഫും 27 സീറ്റുകള്‍ വീതം നേടി ഒപ്പത്തിനൊപ്പമാണ്. യുഡിഎഫ് വിമതനായി ജയിച്ച രാകേഷിന്റെ നിലപാടാണ് നിര്‍ണായകം. ആന്തൂര്‍ നഗരസഭ നേരത്തേ എല്‍ഡിഎഫ് ജയിച്ചിരുന്നു. ഇരിട്ടി, പാനൂര്‍, ശ്രീകണ്ഠാപുരം, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ യുഡിഎഫിന് മേല്‍ക്കൈ ലഭിച്ചപ്പോള്‍ കൂത്തുപറമ്പ്, പയ്യന്നൂര്‍, തലശേരി എന്നിവിടങ്ങളില്‍ എല്‍ഡിഎഫിനാണ് ജയം. കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ കാസര്‍ഗോഡ് യുഡിഎഫിനാണ് മേല്‍ക്കൈ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here