സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക്; 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കാനൊരുങ്ങി ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. 500 കോടി രൂപ പൊതുവിപണിയില്‍ നിന്നും സമാഹരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇതിനായി കടപ്പത്രം ഇറക്കാന്‍ ധനവകുപ്പ് തീരുമാനിച്ചു. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് ധനസമാഹരണം എന്നാണ് ധനവകുപ്പ് പറയുന്ന ന്യായം. ദൈനംദിന ചെലവുകള്‍ക്ക് പോലുമുള്ള സാമ്പത്തികം സര്‍ക്കാരിന്റെ കയ്യില്‍ ഇല്ലെന്നാണ് നിഗമനം. ഇതു മറച്ചുപിടിച്ചാണ് വികസനു പ്രവര്‍ത്തനത്തിനെന്ന പേരില്‍ കടപ്പത്രം ഇറക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലേക്ക് കടക്കുന്നതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. ഇതു മുന്നില്‍ കണ്ടാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം. കടപ്പത്രം ഇറക്കുന്നത് സംബന്ധിച്ച് ധനവകുപ്പ് വിജ്ഞാപനം ഇറക്കി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ മറവില്‍ രഹസ്യമായാണ് സര്‍ക്കാരിന്റെ നീക്കം.

കടപ്പത്രങ്ങളുടെ ലേലം നവംബര്‍ പത്തിന് മുംബൈയിലെ റിസര്‍വ് ബാങ്ക് ആസ്ഥാനത്ത് നടക്കും. ഓപ്പണ്‍ മാര്‍ക്കറ്റ് ബോറോവിംഗ് പദ്ധതിയനുസരിച്ചായിരിക്കും ലേലം നടക്കുക. മത്സര സ്വഭാവത്തിലുള്ളതും അല്ലാത്തതുമായ ബിഡ്ഡുകള്‍ ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സമര്‍പ്പിക്കാം. കോര്‍ ബാങ്കിംഗ് മുഖാന്തിരമായിരിക്കണം മത്സര സ്വഭാവത്തിലുള്ള ബിഡ്ഡുകള്‍ സമര്‍പ്പിക്കേണ്ടത്. രാവിലെ 10.30 മുതല്‍ 12 മണി വരെ ബിഡ്ഡ് സമര്‍പ്പിക്കാം. മത്സര സ്വഭാവമല്ലാത്ത ബിഡ്ഡുകള്‍ 10.30നും 11.30നും ഇടയില്‍ സമര്‍പ്പിക്കാം. 10 വര്‍ഷം കാലാവധിയുള്ള കടപ്പത്രങ്ങളാണ് പുറപ്പെടുവിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News