ബിജെപി കേരളത്തില്‍ വളര്‍ന്നില്ല; വാര്‍ഡുകളുടെ എണ്ണം കൂടിയപ്പോള്‍ കിട്ടിയത് അഞ്ചുവര്‍ഷത്തിനുള്ളിലെ തെരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ വോട്ട് ശതമാനം

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെ കൂട്ടുപിടിച്ചു സംസ്ഥാനഭരണം പിടിക്കാന്‍ പുറപ്പെട്ട ബിജെപിക്ക് പ്രതക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നേട്ടമുണ്ടാക്കിയെങ്കിലും ബിജെപിയുടെ യാത്ര തുടക്കത്തില്‍ തന്നെ മൂക്കുകുത്തിയെന്നാണ് വിലയിരുത്തല്‍. നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെയും അരുവിക്കര ഉപതെരഞ്ഞെടുപ്പിലെയും ശതമാന കണക്കുകള്‍ വിലയിരുത്തുമ്പോല്‍ സീറ്റുകളില്‍ നേട്ടമുണ്ടാക്കിയെങ്കിലും ബി ജെ പിയുടെ യാത്ര പിന്നോട്ടാണെന്ന് കാണാം.

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 6.03 ശതമാനം വോട്ടുകള്‍ നേടിയ ബി ജെ പി, തിരുവനന്തപുരത്ത് ഒ രാജഗോപാല്‍ മത്സരിച്ച നേമത്തും കാസര്‍കോട്ടെ ചില മണ്ഡലങ്ങളിലും രണ്ടാംസ്ഥാനത്തെത്തിയിരുന്നു. ക‍ഴിഞ്ഞ വര്‍ഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലാകട്ടെ, തിരുവനന്തപുരത്ത് വിജയപ്രതീക്ഷയുണര്‍ത്തിയ രാജഗോപാല്‍ ഇരുപതിനായിരത്തില്‍ താ‍ഴെ വോട്ടുകള്‍ക്കാണ് തോറ്റത്. കാസര്‍കോട്, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലും കനത്ത പോരാട്ടം നടത്തിയ ബി ജെ പി വോട്ട് ശതമാനം 10.84 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. ഈ വര്‍ഷം നടന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിലും ഒ രാജഗോപാല്‍ സ്ഥാനാര്‍ത്ഥിയായതോടെ ബി ജെ പിയുടെ വോട്ടുകളില്‍ വന്‍ വര്‍ധനയുണ്ടായി.  എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് നേട്ടം വിലയിരുത്തുമ്പോള്‍ ബി ജെ പിയുടെ നേട്ടം 5.69 ശതമാനത്തിലൊതുങ്ങി. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി ജെ പി നാല് ശതമാനം വോട്ടുകള്‍ നേടിയിരുന്നു. .

BJP-BAR-GRAPH-new

തദ്ദേശ തെരഞ്ഞെടുപ്പിലാകട്ടെ ബിജെപിയുടെ നേട്ടം 5.69 ശതമാനം വോട്ടിലൊതുങ്ങി.
2010ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നാലു ശതമാനം വോട്ടുകള്‍ നേടിയിരുന്നു. അഞ്ചു വര്‍ഷത്തിനിടയില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ എട്ടു ലക്ഷത്തോളം വോട്ടര്‍മാരുടെ വര്‍ധനയുണ്ടായെങ്കിലും ബിജെപിയുടെ വളര്‍ച്ച 1.69 ശതമാനത്തിലൊതുങ്ങി. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണമടക്കം 1500 ലേറെ സീറ്റുകള്‍ എന്നതായിരുന്നു ലോക്‌സഭ, അരുവിക്കര തെരഞ്ഞെടുപ്പുകള്‍ക്കുശേഷം
ബിജെപിയുടെ ആദ്യലക്ഷ്യം.

BJP-seat

ഇത്തവണത്തെ ബിജെപിയുടെ സീറ്റ് നില

മോദി-അമിത്ഷാ തന്ത്രത്തിലൂടെ പ്രബല സമുദായ നേതാവായ വെള്ളാപ്പള്ളി നടേശനെ സംസ്ഥാന നേതൃത്വമറിയാതെ കൂട്ടുപിടിച്ച ശേഷം പാര്‍ട്ടി സീറ്റ് ലക്ഷ്യം രണ്ടായിരത്തിലേറെയായി ഉയര്‍ത്തി. നായാടി മുതല്‍ നമ്പൂതിരി വരെ എന്ന വിശാല ഹിന്ദു രാഷ്ട്രീയ ധ്രുവീകരണമായിരുന്നു ബിജെപിയും വെള്ളാപ്പള്ളിയും ഉന്നമിട്ടത്. പക്ഷേ ലഭിച്ചതാകട്ടെ, 1250 സീറ്റുകളില്‍ താഴെയും. മുന്‍വര്‍ഷത്തെ 480 സീറ്റുകള്‍ വര്‍ധിപ്പിക്കാനായി എന്നത് നേര് തന്നെ. പല നഗരസഭകളിലും അക്കൗണ്ട് തുറക്കാനും പാര്‍ട്ടിക്ക് കഴിഞ്ഞു. പാര്‍ട്ടി എന്ന നിലയില്‍ ബിെ പി മികച്ച നേട്ടമുണ്ടാക്കിയത് തിരുവനന്തപുരം കോര്‍പ്പറേഷനിലാണ്. യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാമതെത്തി.

കഴിഞ്ഞ വര്‍ഷം രാജഗോപാല്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍ കോര്‍പ്പറേഷനിലെ 65 ഡിവിഷനുകളില്‍ ബി ജെ പിയായിരുന്നു ഒന്നാമത്. ഇക്കുറി പാര്‍ട്ടിക്ക് ജയിക്കാനായത് 34 വാര്‍ഡുകളില്‍ മാത്രം. കോര്‍പ്പറേഷനില്‍ നടത്തിയ മുന്നേറ്റമെല്ലാം ചോര്‍ത്തിയത് കോണ്‍ഗ്രസ് വോട്ടുകളാണെന്ന് ചുരുക്കം. ഈ ഡിവിഷനുകളില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്താണ് എന്നതിലെ വോട്ട് കച്ചവട ആരോപണവും പാര്‍ട്ടി നേരിടുന്നു. കോര്‍പ്പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തി കാരണം 10 ഡിവിഷനുകളില്‍ കോണ്‍ഗ്രസ് വോട്ട് ബിജെപിക്ക് മറിച്ചു ചെയ്തുവെന്ന് കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം മഹേശ്വരന്‍നായര്‍ വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.

ഈ വെളിപ്പെടുത്തല്‍ യാഥാര്‍ത്ഥ്യമാണെന്നാണ് വോട്ടെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കാസര്‍കോട് ജില്ലയിലെ മൂന്നു ഗ്രാമ പഞ്ചായത്തുകളില്‍ ഭരണമുണ്ടായിരുന്നു. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനും. ഇതില്‍നിന്ന് ഏറെയൊന്നും കുതിപ്പ് നടത്താന്‍ ബിജെപിക്കായിട്ടില്ല. മോദി പ്രഭാവത്തില്‍ യുവതലമുറ പാര്‍ട്ടിയിലേക്കെത്തുന്നുവെന്ന
അവകാശവാദം അത്ര വലിയ കുതിപ്പ് നടത്താന്‍ ബിജെപിയെ സഹായിച്ചിട്ടില്ല എന്നു കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here