ഗാന്ധിജിക്കെതിരെ കമല്‍ഹാസന്‍; ബ്രിട്ടീഷ് രാജിനെതിരായി പ്രതിഷേധിക്കാന്‍ ഗാന്ധിജി ബ്രിട്ടീഷ് ബിരുദം മടക്കി നല്‍കിയിട്ടില്ലെന്ന് ഉലകനായകന്‍

ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് അനുകൂല നയങ്ങള്‍ക്കെതിരേ എഴുത്തുകാരും സിനിമാ പ്രവര്‍ത്തകരും പുരസ്‌കാരങ്ങള്‍ മടക്കിനല്‍കുന്നതിനെതിരേ രംഗത്തുവന്ന ഉലകനായകന്‍ കമല്‍ഹാസന്‍ ഗാന്ധിജിക്കെതിരേയും രംഗത്ത്. ബ്രിട്ടീഷ് രാജിനെതിരേ ഇന്ത്യയില്‍ സമരം നയിച്ച മഹാത്മാഗാന്ധി ബ്രിട്ടനില്‍നിന്നു ലഭിച്ച നിയമബിരുദം പ്രതിഷേധമായി മടക്കിനല്‍കിയിട്ടില്ലെന്നാണ് കമല്‍ഹാസന്റെ ആക്ഷേപം.

ബ്രിട്ടീഷുകാര്‍ക്കെതിരെയായിരുന്നു ഗാന്ധിജിയുടെ സമരം. അദ്ദേഹത്തിന്റെ നിയമം ബിരുദം ബ്രിട്ടീഷുകാര്‍ നല്‍കിയതാണ്. എന്തുകൊണ്ട് അദ്ദേഹം അതു മടക്കി നല്‍കിയില്ല. എന്താണ് പുരസ്‌കാരങ്ങള്‍ മടക്കിനല്‍കുന്നതുകൊണ്ടു ലഭിക്കുന്നതെന്നും അറുപത്തൊന്നാം പിറന്നാള്‍ ദിനമായ ഇന്നലെ കമല്‍ഹാസന്‍ ചെന്നൈയില്‍ പറഞ്ഞു.

പുരസ്‌കാരങ്ങള്‍ നല്‍കുന്നത് സര്‍ക്കാരല്ല. ജൂറിയാണ്. അവരെ അപമാനിക്കാന്‍ തയാറല്ല. അസഹിഷ്ണുതയുണ്ടാവുകയാണെങ്കില്‍ താന്‍ പ്രതികരിക്കും. അതിനു രാഷ്ട്രീയ വ്യത്യാസം നോക്കില്ല. സ്വാതന്ത്ര്യം നഷ്ടമാകുന്ന സാഹചര്യമുണ്ടായാല്‍ മിണ്ടാതിരിക്കില്ല. – കമല്‍ ഹാസന്‍ ചൂണ്ടിക്കാട്ടി.

ബീഫ് ഇഷ്ടമില്ലെങ്കില്‍ കഴിക്കേണ്ട. താന്‍ ബീഫ് കഴിക്കുമായിരുന്നു. കുറച്ചുകാലമായി യാതൊരു മാംസവും കഴിക്കേണ്ടെന്നാണ് തീരുമാനം. ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കാണ്. എന്തുകഴിക്കണമെന്ന് അവരവരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here