പാട്‌ന: ബിഹാറില്‍ ഏറ്റവും വലിയ ഒറ്റകക്ഷി ലാലു പ്രസാദ് യാദവ് ആണെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകും. നിതീഷുമൊത്തുള്ള വാര്‍ത്താസമ്മേളനത്തില്‍ ലാലു പ്രസാദ് യാദവ് തന്നെയാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ബിഹാറില്‍ നിതീഷ് മുഖ്യമന്ത്രിയായി തുടരും. നിതീഷിന്റെ നേതൃത്വത്തില്‍ ബിഹാറിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കും. പാവപ്പെട്ടവരുടെ ഉന്നമനത്തിനായിരിക്കും പ്രവര്‍ത്തിക്കുകയെന്നും ലാലു പ്രസാദ് പറഞ്ഞു. ബിഹാറിലെ ജനങ്ങള്‍ ബിജെപിയെ തള്ളിക്കളഞ്ഞു. രാജ്യത്തിന് തന്നെ ഒരു മാതൃകയാണ് ബിഹാറിലെ ജനങ്ങള്‍ കാണിച്ചിരിക്കുന്നതെന്നും ലാലു പറഞ്ഞു.
ജാതിമത ഭേദമെന്യേ ജനങ്ങള്‍ ബിഹാറില്‍ വോട്ടു ചെയ്‌തെന്ന് ലാലു പറഞ്ഞു. ഇനി ലക്ഷ്യം ദേശീയ രാഷ്ട്രമാണ്. രാജ്യതലസ്ഥാനത്തു നിന്ന് മോദി ഭരണത്തെ പിഴുതെറിയുകയാണ് മഹാസഖ്യത്തിന്റെ ലക്ഷ്യം. രാജ്യത്തെ വെട്ടിമുറിക്കുന്നവര്‍ക്കെതിരെയുള്ള വിധിയാണ് ബിഹാറിലുണ്ടായത്. മോദി സര്‍ക്കാരിനെ തുടരാന്‍ അനുവദിക്കുന്നത് രാജ്യത്തെ പല കഷണങ്ങളായി വെട്ടിമുറിക്കുന്നതിന് തുല്യമാണ്. അടുത്ത ലക്ഷ്യം മോദിയുടെ മണ്ഡലമായ ബനാറസ് ആണെന്നും വാര്‍ത്താസമ്മേളനത്തില്‍ ലാലു വ്യക്തമാക്കി.
മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ലാലുവിന്റെയും നിതീഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള മഹാസഖ്യം ബിഹാറില്‍ അധികാരത്തില്‍ എത്തിയത്. വോട്ടെണ്ണലിന് മുമ്പ് പുറത്തുവന്ന മുഴുവന്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങളെയും കാറ്റില്‍പറത്തിയ വിജയം. 243 സീറ്റുകളിലും മത്സരിച്ച മഹാസഖ്യം നേടിയത് 178 സീറ്റുകള്‍. ഇതില്‍ നിതീഷും ലാലുവും 101 സീറ്റുകളില്‍ വീതം മത്സരിച്ചിരുന്നു. കോണ്‍ഗ്രസ് 41 സീറ്റുകളിലും മത്സരിച്ചിരുന്നു. ഇതില്‍ ലാലു പ്രസാദിന്റെ രാഷ്ട്ര ജനതാദള്‍ ഒറ്റയ്ക്ക് 80 സീറ്റുകള്‍ നേടി. നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് 72 സീറ്റുകളും നേടി.
ബിജെപി നേതൃത്വം നല്‍കിയ എന്‍ഡിഎ സഖ്യം വിജയിച്ചത് 59 സീറ്റുകളില്‍ മാത്രം. മോദിയുടെ ബീഫ് രാഷ്ട്രീയവും മറ്റും ബിഹാറില്‍ വിലപ്പോയില്ല. ഡല്‍ഹിക്ക് ശേഷം ബിജെപി ഒരു സംസ്ഥാനത്ത് നേരിടുന്ന വലിയ തിരിച്ചടിയാണിത്. നിതീഷിന്റെ ജനകീയ പരിവേഷത്തിനു മുന്നില്‍ മോദി പ്രഭാവം തകര്‍ന്നടിഞ്ഞു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 162 സീറ്റുകളാണ്. ഇപ്പോള്‍ തന്നെ ആ സീറ്റ് മഹാസഖ്യം നേടിയിട്ടുണ്ട്.

Get real time update about this post categories directly on your device, subscribe now.