മോദിയെയും സംഘപരിവാറിന്റെ പശു രാഷ്ട്രീയത്തെയും പാഠം പഠിപ്പിച്ച പാടലീപുത്രയില്‍ ഇനിയെന്ത് സംഭവിക്കും? മഹാസഖ്യത്തിന്റെ മഹാസാധ്യതകള്‍ എന്തൊക്കെ?

ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കിയ തെരഞ്ഞെടുപ്പ് ഫലമാണ് വന്നതെങ്കിലും കിംഗ് മേക്കര്‍ ലാലുവിന്റെ ശക്തമായ തിരിച്ചുവരവിനാണ് ബിഹാര്‍ സാക്ഷ്യം വഹിച്ചത്. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് മത്സരിക്കാന്‍ ആകാത്ത ലാലുപ്രസാദ് അതേ കാലികളെ ചൊല്ലി വിവാദം നിറഞ്ഞു നിന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടി തിരിച്ചുവന്നു. കഴിഞ്ഞ തവണ 22 സീറ്റ് മാത്രം നേടി അധികാരത്തില്‍ നിന്ന് തൂത്തെറിയപ്പെട്ട ലാലു ഇത്തവണ 80 സീറ്റ് നേടി സര്‍ക്കാര്‍ രൂപികരണത്തില്‍ നെടുംതൂണായി. അഴിമതിക്കാരനായ ലാലുവിന്റെ കൂട്ടു കൂടുന്നത് നിതീഷിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ലാലു ഇല്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്ന അവസ്ഥയാണ്. സമൂസയില്‍ ആലു ഉണ്ടെങ്കില്‍ ബിഹാറില്‍ ലാലു ഉണ്ടെന്ന പഴയ സ്വന്തം വാക്ക് ഒന്നുകൂടി ഊട്ടിയുറപ്പിച്ചു കുശാഗ്ര ബുദ്ധിക്കാരനായ ലാലു. ഹാസ്യ കഥാപാത്രവും കോമാളിയുമായി പെരുമാറിയ ലാലു ദേശീയ രാഷ്ട്രീയത്തിന്റെ ഗൗരവതരമായ വഴിത്തിരിവിനാണ് വെന്നിക്കൊടി പാറിച്ചത്. ഇനി മോദിയെ തുരത്തുകയാണ് ലക്ഷ്യമെന്നായിരുന്നു തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ലാലുവിന്റെ ആദ്യ പ്രതികരണം. നിതീഷ് കുമാര്‍ തന്നെയാണ് മുഖ്യമന്ത്രി എന്ന് ലാലുപ്രസാദ് വ്യക്തമാക്കുന്നു.

എന്നാല്‍, അധികാര മോഹിയായ ലാലുവിന്റെ തോളില്‍ ചവിട്ടി ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാറിന് എത്രനാള്‍ തുടരാനാകുമെന്നത് കണ്ടറിയേണ്ടതാണ്. മുന്‍ വര്‍ഷത്തെ സീറ്റ് നിലനിര്‍ത്താന്‍ ആയില്ലെങ്കിലും മികച്ച മുഖ്യമന്ത്രി എന്ന പ്രതിച്ഛായയാണ് നിതീഷിന് തുണയായത്. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായാണ് നിതീഷ്, കേന്ദ്രത്തില്‍ മികച്ച പ്രതിപക്ഷം ആവശ്യമാണെന്ന് തുറന്നടിച്ചത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ അടക്കം കൂട്ടുപിടിച്ച് മതേതര മുന്നണി വളര്‍ത്തി 2019-ല്‍ നരേന്ദ്രമോദിയുടെ പ്രധാന എതിരാളിയായി ഉയരാന്‍ ആഗ്രഹിച്ച നിതീഷിന് ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം സംരക്ഷണം ഒരുക്കുമോ എന്നതും കണ്ടറിയേണ്ടതാണ്.

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടിവിആര്‍ ഷേണായ് പറഞ്ഞതു പോലെ, പ്രധാനമന്ത്രിക്കും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും ഒരു കാര്യത്തില്‍ യോജിപ്പാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ യുടെ എതിരാളി നിതീഷ് ആകരുത്, രാഹുല്‍ ഗാന്ധി ആയിരിക്കണം എന്ന കാര്യത്തില്‍. പൂര്‍വവൈരികളായ ലാലുവിന്റെ പിന്തുണ എത്ര നാള്‍ നിതീഷിന് നല്‍കിയേക്കുമെന്നത് മഹാസഖ്യത്തിന്റെ അടിത്തറയെയും സ്വാധീനിക്കും. മതനിരപേക്ഷ സഖ്യത്തിലൂടെ അടുത്തു വരുന്ന നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് എതിരെയുള്ള സഖ്യത്തിന് ദില്ലിയില്‍ കളം ഒരുങ്ങുമ്പോള്‍ മഹാസഖ്യത്തിന്റെ സ്ഥിരത അടിസ്ഥാനമാണ്.

വികസന വാഗ്ദാനത്തിന്റെ പേരില്‍ അധികാരത്തിലേറിയ മോദി, സംഘപരിവാര്‍ അജണ്ഡകള്‍ക്ക് തുറപ്പു ചീട്ടായതോടെ ഇതിനുള്ള കൃത്യമായ മറുപടി നല്‍കി സ്വാതന്ത്ര്യ സമരത്തിലും അതിനുശേഷം പല മുന്നേറ്റങ്ങള്‍ക്കും നേതൃത്വം നല്‍കിയ ബിഹാര്‍ ജനത പ്രബുദ്ധത തെളിയിച്ചു. മാഞ്ചിയും പാസ്വാനും കുശ്വാഹയും ചേര്‍ന്ന് പിന്നാക്ക വോട്ടുകള്‍ കൊണ്ടുവരുമെന്ന് ബിജെപിയും മോദിയും അമിത് ഷായും വിശ്വസിച്ചു. 15ശതമാനത്തില്‍പരം വരുന്ന മുന്നാക്ക വോട്ടുകള്‍ ഉറപ്പിക്കാന്‍ സംവരണ നയങ്ങളില്‍ മാറ്റം വേണമെന്ന് തെരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനോട് കണ്ടു പഠിക്കാന്‍ ഏറെയുണ്ടെന്ന് ബിഹാര്‍ ജനത കാണിച്ചു കൊടുത്തു. ദാദ്രിയില്‍ ബീഫ് കഴിച്ചെന്ന പേരില്‍ ഗൃഹനാഥനെ തല്ലിക്കൊല്ലുകയും ഹരിയാനയില്‍ ഒന്‍പത് മാസവും രണ്ടു വയസ്സും പ്രായമുള്ള ദളിത് കുഞ്ഞുങ്ങളെ തീവച്ച് കൊല്ലുകയും ചെയ്തിട്ടും ഹിന്ദുത്വവാദികളോട് സ്വീകരിച്ച മൃദു സമീപനത്തിന് മോദി സര്‍ക്കാരിന് അര്‍ഹിച്ച മറുപടി ലഭിച്ചു. പശുവിനെ കാവി പുതപ്പിച്ച നയത്തിന് ചുട്ട മറുപടിയും.

പഴയ വൈരികളായ നിതീഷിന്റേയും ലാലുവിന്റേയും ഒന്നിച്ചുള്ള ഭരണത്തിനാണ് ബിഹാര്‍ ഇനി സാക്ഷ്യം വഹിക്കുക. ഇന്ത്യയില്‍ വര്‍ഗീയതയുടെ കാഹളം മുഴക്കി എല്‍.കെ അദ്വാനിയുടെ രഥയാത്ര ബിഹാറിലെ സമസ്തിപൂരില്‍ തടഞ്ഞ് ചങ്കൂറ്റം കാണിച്ച അതേ ലാലു, നരേന്ദ്രമോദിയുടെ വിജയയാത്ര ബിഹാറിന്റെ അതിര്‍ത്തിക്ക് പുറത്തേക്ക് തൂത്തെറിയുന്നതിലും നിര്‍ണായകമായത് കാലം കാത്തുവച്ച രാഷ്ട്രീയ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News