ബാര്‍ കോഴ വിധിക്കെതിരേ വിജിലന്‍സിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്; തദ്ദേശ തിരിച്ചടിക്ക് ബാര്‍ കോഴ കാരണമായെന്ന വിലയിരുത്തലിനിടെ വിധി മുന്നണിക്കു നിര്‍ണായകം

കൊച്ചി: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിധി നിയമപരമല്ലെന്ന വിജിലന്‍സിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. മന്ത്രി കെ എം മാണിക്കെതിരെ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി വിധിയില്‍ പ്രഥമദൃഷ്ട്യാ അപാകമില്ലെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. കേസില്‍ കക്ഷി ചേര്‍ന്നവര്‍ക്ക് ഇന്ന് തുടര്‍വാദം നടത്താനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് അപ്രതീക്ഷിതമായി തുടരന്വേഷണത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള കോടതി വിധിക്കെതിരേ വിജിലന്‍സ് ഹൈക്കോടതിയെ സമീപിച്ചത്. പ്രത്യേക ഹര്‍ജിയായാണ് അപ്പീല്‍ സമര്‍പ്പിച്ചത്. വിജിലന്‍സ് വാദങ്ങള്‍ പ്രഥമദൃഷ്ട്യാ ഖണ്ഡിക്കുന്നതായിരുന്നു അടിയന്തര പ്രാധാന്യത്തോടെ അപ്പീല്‍ ഹര്‍ജി പരിഗണിച്ച ഹൈക്കോടതിയുടെ നിലപാടുകള്‍.

വിന്‍സന്‍ എം പോള്‍ വിജിലന്‍സ് മാനുവല്‍ ലംഘിച്ചെന്ന ഗുരുതരമായ ആരോപണവും ഹൈക്കോടതി ഉന്നയിച്ചിരുന്നു. വിജിലന്‍സ് കോടതി വിധിയില്‍നിന്നു വിന്‍സന്‍ എം പോളിനെതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്നതു വിജിലന്‍സിന്റെ ആവശ്യമായിരുന്നു. പ്രാഥമിക വിധിയില്‍ വിന്‍സന്‍ എം പോളിനെ വിമര്‍ശിച്ച നിലയ്ക്ക് ഈ നിലപാടില്‍ കോടതി മാറ്റം വരുത്തുമെന്നു പ്രതീക്ഷിക്കുന്നില്ല.

ഇന്നത്തെ വിധി എന്തായാലും യുഡിഎഫിന്റെയും കെ എം മാണിയുടെയും രാഷ്ട്രീയഭാവിക്കു നിര്‍ണായകമാണ്. കെ എം മാണിക്കെതിരായ തുടരന്വേഷണ അനുമതി ഹൈക്കോടതി ശരിവച്ചാല്‍ മന്ത്രിസഭയില്‍ മാണി തുടരുന്നതു പ്രതിസന്ധിയിലാകും. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായതില്‍ ബാര്‍ കോഴ കാരണമായെന്ന ടി എന്‍ പ്രതാപന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളും പ്രസക്തമാണ്. ഈ മാസം പതിനൊന്നിനും പന്ത്രണ്ടിനും ചേരുന്ന കെപിസിസി, യുഡിഎഫ് യോഗങ്ങളില്‍ പ്രശ്‌നം ചര്‍ച്ചയാകുമെന്നുമുറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News