ബാര്‍ കോഴ: വിജിലന്‍സ് ഡയറക്ടര്‍ തീര്‍പ്പ് കല്‍പിച്ചത് തെളിവു പരിശോധിക്കാതെയെന്ന് ഹൈക്കോടതി; മാണിക്കുമേല്‍ കുരുക്കു മുറുകി; തുടരന്വേഷണ ഉത്തരവില്‍ തെറ്റില്ല

കൊച്ചി: ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിന്റെയും വിജിലന്‍സിന്റെയും നിലപാടുകള്‍ തള്ളി ഹൈക്കോടതി. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ കേസ് തീര്‍പ്പാക്കിയതു തെളിവുകള്‍ പരിശോധിക്കാതെയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകള്‍ വകവയ്ക്കാതെ സ്വന്തം താല്‍പര്യം നടപ്പാക്കിയെന്നുമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. മാണിക്കെതിരായ കുരുക്ക് ഇതോടെ കുടുങ്ങി. തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവ് അപ്പാടെ ശരിവയ്ക്കുന്നതാണ് ഹൈക്കോടതിയുടെ ഇതുവരെയുള്ള പരാമര്‍ശങ്ങള്‍.

വിജിലന്‍സിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഉന്നയിച്ച വാദങ്ങളെല്ലാം ജസ്റ്റിസ് ബി കെമാല്‍പാഷ തള്ളി. തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി നടപടിയില്‍ തെറ്റില്ല. വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം പോളിനുതന്നെ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിടാമായിരുന്നു. കേസ് ഡയറി കുറ്റപത്രത്തിന്റെ ഭാഗമല്ലെന്ന വിജിലന്‍സിന്റെ വാദവും കോടതി തള്ളി. കുറ്റപത്രത്തിന്റെ ഭാഗമാണ് കേസ് ഡയറിയെന്നും കോടതി ചൂണ്ടിക്കാട്ടി.

കെ എം മാണിയെ രക്ഷിക്കാനും സര്‍ക്കാരും വിജിലന്‍സും നടത്തിയ ശ്രമങ്ങള്‍ ഇതോടെ വ്യക്തമാവുകയാണ്. എസ് പി ആര്‍ സുകേശന്റെ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടെന്നും അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും സൂചന നല്‍കുന്ന പരാമര്‍ശങ്ങളാണ് ഇതുവരെ കോടതി നടത്തിയത്. കേസില്‍വിധിപ്രസ്താവം ആരംഭിച്ച കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞിരിക്കുകയാണ്. ഉച്ചയ്ക്കുശേഷം കേസില്‍ അന്തിമവിധിയുണ്ടാകും.

കഴിഞ്ഞദിവസമാണ് തുടരന്വേഷണത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള കോടതി വിധിക്കെതിരേ അപ്രതീക്ഷിതമായി വിജിലന്‍സ് ഹൈക്കോടതിയെ സമീപിച്ചത്. പ്രത്യേക ഹര്‍ജിയായാണ് അപ്പീല്‍ സമര്‍പ്പിച്ചത്. വിജിലന്‍സ് വാദങ്ങള്‍ പ്രഥമദൃഷ്ട്യാ ഖണ്ഡിക്കുന്നതായിരുന്നു അടിയന്തര പ്രാധാന്യത്തോടെ അപ്പീല്‍ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി അന്നെടുത്ത നിലപാടുകള്‍.

വിന്‍സന്‍ എം പോള്‍ വിജിലന്‍സ് മാനുവല്‍ ലംഘിച്ചെന്ന ഗുരുതരമായ ആരോപണവും ഹൈക്കോടതി ഉന്നയിച്ചിരുന്നു. വിജിലന്‍സ് കോടതി വിധിയില്‍നിന്നു വിന്‍സന്‍ എം പോളിനെതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്നതു വിജിലന്‍സിന്റെ ആവശ്യമായിരുന്നു.

ഇന്നത്തെ വിധി എന്തായാലും യുഡിഎഫിന്റെയും കെ എം മാണിയുടെയും രാഷ്ട്രീയഭാവിക്കു നിര്‍ണായകമാണ്. കെ എം മാണിക്കെതിരായ തുടരന്വേഷണ അനുമതി ഹൈക്കോടതി ശരിവച്ചാല്‍ മന്ത്രിസഭയില്‍ മാണി തുടരുന്നതു പ്രതിസന്ധിയിലാകും. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായതില്‍ ബാര്‍ കോഴ കാരണമായെന്ന ടി എന്‍ പ്രതാപന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളും പ്രസക്തമാണ്. ഈ മാസം പതിനൊന്നിനും പന്ത്രണ്ടിനും ചേരുന്ന കെപിസിസി, യുഡിഎഫ് യോഗങ്ങളില്‍ പ്രശ്‌നം ചര്‍ച്ചയാകുമെന്നുമുറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News